ഥാലി: കേരളം വിട്ട് പുറത്തെവിടെ പോയാലും കേരളീയനായ ഒരാൾ ആദ്യമന്വേഷിക്കുന്നത് സമീപത്തെവിടെയെങ്കിലും കേരള ഹോട്ടലുകൾ ഉണ്ടോ എന്നായിരിക്കും. മലയാളികളുടെ ഒരു പൊതുസ്വഭാവമാണിത്. കാരണം നമ്മുടെ അവിയലും,സാമ്പാറും ചോറും, രസവും മീൻകറിയും അതു തയ്യാറാക്കുവാൻ ഉപയോഗിക്കുന്ന മസാല കൂട്ടുകളും അതിൻ്റെ മണവും ഒന്നുമില്ലാതെ മലയാളിക്ക് ഊൺ തൃപ്തികരമാവില്ല എന്നത് തന്നെ. ഇനി അഥവാ കറികളൊന്നുമിലെങ്കിലും, അല്പം കഞ്ഞിവെള്ളവും,ഉപ്പും പുളിയും, പിന്നെ രണ്ടു കാന്താരിമുളകും കിട്ടിയാലും അവൻ്റെ ഊൺ കേമമായിരിക്കും. എന്നാൽ ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കണ്ടം തിന്നണമെന്ന പഴമൊഴി പിൻതുടരുവാൻ തയ്യാറാകുന്ന ഒരാൾക്ക് മാത്രമെ യാത്രകളുടെ രുചി അതിൻ്റെതായ അർത്ഥത്തിൽ നുണയുവാൻ സാധിക്കൂ എന്നതാണ് യാഥാർത്ഥ്യം. ഓരോ നാടിനും ആ നാടിൻ്റെ ആചാരങ്ങൾക്കും, പ്രകൃതിക്കുമിണങ്ങിയ ഭക്ഷണരീതികളും ക്രമങ്ങളുമൊക്കെ ഉണ്ട്. അതുകൂടി ആസ്വദിക്കുവാൻ തയ്യാറായാലെ യാത്രയെന്ന സദ്യയും പൂർണ്ണമാകൂ. അതതിടങ്ങളിലെ ഭക്ഷണങ്ങൾ കഴിക്കുവാൻ തയ്യാറാകുന്ന പക്ഷം ആ നാടുമായ അവരുടെ സംസ്കാരവുമായും ഒരു ബന്ധം സ്ഥാപിക്കുകയാണ് നാം ചെയ്യുന്നത്. അമിതമായ വൃത്തിശീലങ്...