കളങ്കാവൽ
ഭയമെന്ന വികാരത്തെ ആഴത്തിൽ ആവോളം അനുഭവിക്കുവാനുള്ള അവസരം നൽകുന്നുണ്ട് ജിതിൻ കെ ജോസിൻ്റെ കളങ്കാവൽ എന്ന സിനിമ.ഇരുളിൻ്റെ കറുപ്പു കമ്പളം പുതച്ച ഇടവഴിയിലൊ, കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന വിജന വീഥിയിലൊ ആകാം നാമപ്പോൾ ..... മരവിപ്പു പടർത്തുന്നൊരു തണുപ്പു നമ്മളെ പതിയെ ആവരണം ചെയ്തേക്കാം. അപ്പോൾ വീശുന്ന കാറ്റ് മരണത്തിൻ്റെ നിശബ്ദമായൊരു ദൂതും പേറിയായിരിക്കാം നമ്മെ സമീപിക്കുന്നത്. ഹൃദയമിടിപ്പിൻ്റെ താളം സമയസൂചികയുടെ ടിക് ടിക് ശബ്ദത്തെയും കടന്ന് അതി ധ്രുതം ഉയർന്നു വന്നെന്നും വരാം. നാമൊരു തിയേറ്ററിൽ ഇരുന്നു സിനിമ കാണുകയാണെന്നു വരെ നാം മറന്നുപോവുകയും ചെയ്തേക്കാം. കളങ്കാവൽ അതാണ്. മുത്യുവിൻ്റെ പതിഞ്ഞ കാൽപാദങ്ങളോടെയുള്ള തേരോട്ടം. സ്ക്രീനിൽ കണ്ണു നട്ടിരിക്കുമ്പോൾ ബ്രോം സ്റ്റോക്കറുടെ ഡ്രാക്കുള വായിക്കുന്ന അനുഭവമാകണനിക്കാദ്യം തോന്നിയത് സിനിമ വികസിക്കവെ ചെറുപ്പത്തിൽ ഇരുളിലേക്ക് കണ്ണും നട്ട് ഭയം ഉള്ളിലൊതുക്കി റിപ്പറുടെ പാദപതനം കാതോർത്തിരുന്ന അനുഭവത്തിലേക്കത് വളർന്നു. ഞാൻ ചുറ്റും നോക്കി. എല്ലാവരും അടക്കിപ്പിടിച്ച് ആകാംക്ഷാഭരിതരായി മുന്നിലെ സ്ക്രീനിൽ ആഴ്ന്നിരിക്കുകയാണ്. ...