ബംഗായനം

ഹൗറ :


ട്രെയിനിനകത്ത് നല്ല തിരക്കായിരുന്നു. ലഗ്ഗേജ് ബർത്തിൽ പോലും ആളുകൾ തിക്കിതിരക്കിയിരിക്കുന്നുണ്ട്. ഒഴിഞ്ഞു കണ്ട ഒരിടത്ത് ബാക്ക്പാക്കറും ഡ്രോയിംഗ് ബോർഡും തള്ളിക്കയറ്റി വെച്ചു. എവിടെയെങ്കിലും അല്പം ഒഴിവുണ്ടോ എന്ന് തിരക്കി നടപ്പിലാണ് വിപിൻ. ചൂടും വിയർപ്പിൻ്റെ ഗന്ധവും അസഹ്യമായപ്പോൾ വാതിലിൻ്റെ ഭാഗത്തേക്ക് നീങ്ങി. കാലിന് നല്ല വേദനയനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു.


 ബോൽപൂരിലേക്കുള്ള യാത്രയിൽ പരിചിതമായ സ്ഥലനാമങ്ങൾ അതിവേഗം പിന്നിലേക്ക് മറഞ്ഞു കൊണ്ടിരിന്നു. ഇടക്കൊന്നു വാതിൽ തുറന്നപ്പോൾ തീക്കാറ്റ് ഉള്ളിലേക്കിരച്ചു കയറി. അക്രമകാരിയായ ഒരു ശത്രുവിൻ്റെ പ്രവേശനം തടയാനെന്നവണ്ണം വാതിലമർത്തി ഞാനതിനെ പ്രതിരോധിച്ചു. ഒടുവിൽ തളർന്ന്  തറയിൽ ഇരുന്നു.

മൂന്നര മണിക്കൂറോളം എടുത്ത് വണ്ടി ഹൗറ സ്റ്റേഷനിലെത്തി. കെട്ടും ഭാണ്ഡവുമായി ഞങ്ങൾ വെളിയിലിറങ്ങി. ഇനി വിശ്രമിക്കാനൊരിടം കണ്ടെത്തണം. നടപ്പാതയിലൂടെ മുന്നോട്ട് നടക്കവെ ഞങ്ങൾ ടൂറിസ്റ്റുകളാണെന്ന് തിരിച്ചറിഞ്ഞൊരാൾ പിറകെ കൂടി. ഹോട്ടലുകൾക്ക് ഉപഭോക്താക്കളെ പിടിച്ചു കൊടുക്കുന്ന ഇടനിലക്കാരനാവണം !!
അവരുടെ ഹോട്ടലിൽ മുറിയെടുത്താലുള്ള സൗകര്യങ്ങളെ കുറിച്ച് വാചാലനായി അയാൾ സംസാരിച്ചു കൊണ്ടിരുന്നു. ഒന്നു രണ്ടു ഹോട്ടലുകൾ സന്ദർശിച്ചതിനു ശേഷം മുറിയെടുക്കാമെന്ന പക്ഷക്കാരനായിരുന്നു വിപിൻ. കുറഞ്ഞ വാടക ഈടാക്കുന്ന ലോഡ്ജുകൾ ധാരാളം ഈ പട്ടണത്തിൽ ഉണ്ടാകാതെ ഇരിക്കില്ലല്ലൊ. പക്ഷെ  എൻ്റെ അവസ്ഥ വിപിൻ തിരിച്ചറിഞ്ഞു.ചൂടും കാലു വേദനയും എന്നെ വല്ലാതെ വലച്ചിരുന്നു. എങ്ങിനെയെങ്കിലും ഒരിടത്ത് ഇരുന്നാൽ മതിയെന്ന അവസ്ഥയിലായിരുന്നു ഞാൻ. ഒടുവിൽ ഞങ്ങളുടെ പിറകെ കൂടിയ ആളുടെ സേവനം സ്വീകരിക്കാൻ തീരുമാനമായി. ലഗേജുകളും തൂക്കി ഞങ്ങൾ അയാളുടെ പിറകെ നടന്നു.
ഞങ്ങളെ ലോബിയിലിരുത്തി അയാൾ റിസപ്ഷിനിസ്റ്റിനോട് എന്തൊക്കെയൊ പിറുപിറുത്തു.

തിരിച്ചറിയൽ രേഖ നൽകി ചെക്ക് ഇൻ ചെയ്തപ്പഴേക്കും ഒരു ഹോട്ടൽ ബോയ് ഞങ്ങളുടെ അരികിലെത്തി. ലഗേജുകളിൽ ഒരെണ്ണമെടുത്ത് അയാൾ ലിഫ്റ്റിനരികിലേക്ക് ഞങ്ങളെ നയിച്ചു. ഒന്നാം നിലയിലായിരുന്നു ഞങ്ങൾക്കനുവദിച്ച മുറി. അതു തുറന്നയാൾ കിടക്ക വിരിയൊക്കെ നേരെയാക്കി ടിപ്പിനായി കാത്തു നിന്നു.

പുറമെ കണ്ട അലങ്കാരങ്ങളൊ പ്രൗഢിയൊ ഒന്നും മുറിക്കകത്ത് കണ്ടില്ല. നമ്മുടെ നാട്ടിൻപുറത്തെ ഒരു സാധാരണ ലോഡ്ജിൻ്റെ സൗകര്യങ്ങൾക്ക് സമാനം മാത്രം. വിയർത്തൊട്ടിയ വസ്ത്രങ്ങൾ മാറ്റി വിശദമായൊന്നു കുളിച്ചു. പിന്നെ ജനാലയുടെ കർട്ടൻ മാറ്റി വാതിലുകൾ  തുറന്നു. 
കാഴ്ച കൊള്ളാം . കെട്ടിടങ്ങൾക്ക് മീതെ ഉയർന്നു നിൽക്കുന്ന ഹൗറ പാലത്തിൻ്റെ കമാനം പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നു. സുഖമായൊന്നുറങ്ങണം. ഇനിയുള്ള കാഴ്ചകൾ അതു കഴിഞ്ഞാവാം..

തുടരും

Comments

Anonymous said…
യാത്രാനുഭവങ്ങൾ.

Popular posts from this blog

നീ കാഫിറാണ്

ബംഗായനം

ബംഗായനം