പരൽ മീനുകൾ
കഠിനമായ വെയിലിൽ ചുട്ടുപൊള്ളുന്ന കുറുക്കൻകുന്നിൻ്റെ ഉച്ചിയെ തണുപ്പിച്ച് മഴത്തുള്ളികൾ ഇറ്റു വീണു. പിന്നത് പെരുമഴയായി പെയ്തിറങ്ങി നീർച്ചാലുകളായി കുന്നിനു താഴോട്ടു കുതിച്ചു. വെയിലേറ്റു കരിഞ്ഞു പോയ പുൽനാമ്പുകളേയും ഇലകൾ കൊഴിഞ്ഞ വൃക്ഷങ്ങളേയും ആലിംഗനം ചെയ്ത് അത് താഴ്‌വാരത്തേക്ക് സഞ്ചരിച്ചു'. നഷ്ടബോധത്തിൻ്റെ വേപഥു പൂണ്ടുറങ്ങിയ കുന്നിലേക്ക് പച്ചപ്പിൻ്റ ചാരുത ഒരിക്കൽ കൂടി തിരികെയെത്തി. കുറുക്കൻകുന്നു കയറി ഇടത്തോട്ടിറങ്ങിയാൽ മീൻകുയിച്ചാലും ദിശയൊന്നു മാറ്റിപ്പിടിച്ച് വലത്തോട്ടിറങ്ങിയാൽ കപ്പണച്ചാലുമായി . കുന്നിൻ മുകളിൽ പെയ്തൊഴുകുന്ന മഴവെളളം ചെങ്കല്ല് കൊത്തിയെടുത്തുപേക്ഷിച്ച പണയിലും കൊച്ചു കുഴികളിലും നിറഞ്ഞ് നീരുറവകളായി ....... നീർച്ചാലുകൾ തീർത്ത് താഴോട്ടൊഴുകി ചാത്തങ്കരി വയലിലോട്ട് ധൃതിയിലൊഴുകുമ്പോൾ ഒഴുക്കിനെ വെല്ലുവിളിച്ച് ചില കുടിയേറ്റക്കാർ കപ്പണച്ചാലിലേക്കെത്താറുണ്ട്. ഇലച്ചാർത്തുകളിലൂടെ അരിച്ചെത്തുന്ന സൂര്യരശ്മികളേറ്റ് തിളങ്ങുന്ന വെള്ളി നിറമുള്ള പരലുകൾ, മഞ്ഞയും കറുപ്പും വരകളുള്ള ഇത്തിരി കുഞ്ഞന്മാർ ... ശാസ്ത്രീയമായും പ്രാദേശികമായും ഇവർക്കും പ...