ബംഗായനം
ഹൗറ : ട്രെയിനിനകത്ത് നല്ല തിരക്കായിരുന്നു. ലഗ്ഗേജ് ബർത്തിൽ പോലും ആളുകൾ തിക്കിതിരക്കിയിരിക്കുന്നുണ്ട്. ഒഴിഞ്ഞു കണ്ട ഒരിടത്ത് ബാക്ക്പാക്കറും ഡ്രോയിംഗ് ബോർഡും തള്ളിക്കയറ്റി വെച്ചു. എവിടെയെങ്കിലും അല്പം ഒഴിവുണ്ടോ എന്ന് തിരക്കി നടപ്പിലാണ് വിപിൻ. ചൂടും വിയർപ്പിൻ്റെ ഗന്ധവും അസഹ്യമായപ്പോൾ വാതിലിൻ്റെ ഭാഗത്തേക്ക് നീങ്ങി. കാലിന് നല്ല വേദനയനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. ബോൽപൂരിലേക്കുള്ള യാത്രയിൽ പരിചിതമായ സ്ഥലനാമങ്ങൾ അതിവേഗം പിന്നിലേക്ക് മറഞ്ഞു കൊണ്ടിരിന്നു. ഇടക്കൊന്നു വാതിൽ തുറന്നപ്പോൾ തീക്കാറ്റ് ഉള്ളിലേക്കിരച്ചു കയറി. അക്രമകാരിയായ ഒരു ശത്രുവിൻ്റെ പ്രവേശനം തടയാനെന്നവണ്ണം വാതിലമർത്തി ഞാനതിനെ പ്രതിരോധിച്ചു. ഒടുവിൽ തളർന്ന് തറയിൽ ഇരുന്നു. മൂന്നര മണിക്കൂറോളം എടുത്ത് വണ്ടി ഹൗറ സ്റ്റേഷനിലെത്തി. കെട്ടും ഭാണ്ഡവുമായി ഞങ്ങൾ വെളിയിലിറങ്ങി. ഇനി വിശ്രമിക്കാനൊരിടം കണ്ടെത്തണം. നടപ്പാതയിലൂടെ മുന്നോട്ട് നടക്കവെ ഞങ്ങൾ ടൂറിസ്റ്റുകളാണെന്ന് തിരിച്ചറിഞ്ഞൊരാൾ പിറകെ കൂടി. ഹോട്ടലുകൾക്ക് ഉപഭോക്താക്കളെ പിടിച്ചു കൊടുക്കുന്ന ഇടനിലക്കാരനാവണം !! അവരുടെ ഹോട്ടലിൽ മുറിയെടുത്താലുള്ള സൗകര്യങ്ങളെ കുറിച്ച്...