വാശി
അതിവിശാലവും തുറസ്സായ തുമായ, വയലുകളാലും കൃഷിയിടങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലത്ത് പണിതുകൊണ്ടിരിക്കുന്ന പുതിയ ഓഡിറ്റോറിയത്തിൻ്റെ അങ്കണത്തിനു ചുറ്റും കെട്ടിയുയർത്തിയിരിക്കുന്ന ഉയരമുള്ള ചുറ്റുമതിലിൽ പെയിൻ്റിങ്ങുകൾ ചെയ്യുക എന്നതായിരുന്നു അയാളിൽ ഏൽപ്പിക്കപ്പെട്ട ദൗത്യം. മതിലിനപ്പുറമുള്ള ഓട്ടു കമ്പനിയുടെ മുറ്റത്ത് കൂട്ടിയിരിക്കുന്ന കളിമണ്ണ് പുല്ലും ചെറുചെടികളും വളർന്ന് ഒരു ചെറുകുന്നായി രൂപാന്തരപ്പെട്ടിരിക്കുന്നു. മതിലിനും ഓട്ടു കമ്പനിക്കും ഇടയിൽ നീളത്തിൽ കിടക്കുന്നയിടം പുതിയ കൃഷിക്കായി ഉഴുതുമറിച്ചിട്ടിരിക്കുകയാണ്. മുൻവശത്തു കൂടി കടന്നുപോകുന്ന മഹാനഗരത്തിലേക്കുള്ള പ്രധാന പാതയിൽ വലിയ തിരക്കുകളൊന്നുമില്ല. ഇടക്കു കടന്നുപോകുന്ന കാളവണ്ടികളും, വലിയശബ്ദത്തിൽ പാട്ടും വെച്ചു കടന്നു പോകുന്ന ട്രാക്ടറുകളും, മഹാനഗരത്തിലേക്കും തിരിച്ചും മണിക്കൂറുകളുടെ വ്യത്യാസത്തിൽ കടന്നുപോകുന്ന സർക്കാർ ബസ്സുകളും സ്വകാര്യ വാഹനങ്ങളുമാണിതിനെ സജീവമാക്കുന്നത്. ഓഡിറ്റോറിയത്തിൻ്റെ മുൻവശത്ത് പാനലിങ്ങ് ജോലികൾ നടത്തുവാൻ മഹാനഗരത്തിൽ നിന്നെത്തിയ മൂന്നു പേരും , വാതിലുകളു...