__ നെയ്യം കയം__ കുടക് മലനിരകളിൽ നിന്നുൽഭവിച്ച് അറബിക്കടലിൽ ചെന്ന് ചേരുന്ന പയസ്വിനി പുഴ തന്റെ മാറിലൊളിപ്പിച്ചു സംരക്ഷിക്കുന്ന ജൈവ വൈവിദ്ധ്യ കലവറകളിലൊന്നാണ് നെയ്യം കയം. ബോവിക്കാനം കുറ്റിക്കോൽ സംസ്ഥാന പാതയിൽ കാനത്തൂർ കഴിഞ്ഞ് വീട്ടിയടുക്കം എന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ ഇടത്തോട്ട് മാറി സഞ്ചരിച്ചാൽ നെയ്യംകയമായി. പയസ്വിനി പുഴയുടെ സഞ്ചാരപാതയിൽ ധാരാളം കയങ്ങൾ ഉണ്ടെങ്കിലും അതിൽ ഏറ്റവും ആഴമേറിയ കയങ്ങളിലൊന്നാണിത്. ഏകദേശം ഇരുപതാൾ താഴ്ചയോളം വരുമെന്ന് പ്രദേശവാസികൾ . ഓർമ്മയിലൊരിക്കലും ഈ കയത്തിലെ വെള്ളം കുറഞ്ഞു കണ്ടിട്ടില്ലെന്ന് സമീപവാസികൾ പറയുന്നുണ്ടെങ്കിലും അവരെ ആശങ്കപ്പെടുത്ത കഴിഞ്ഞ മൂന്നു വർഷങ്ങളായി ക്രമാതീതമായി ജലനിരപ്പു താഴ്ന്നു തുടങ്ങിയിട്ടുണ്ട്. ധാരാളം മത്സ്യസമ്പത്തും ജൈവ വൈവിദ്ധ്യം നിറഞ്ഞതുമായ ഈ പ്രദേശം ജില്ലാ ഭരണകൂടം സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷം മുൻപ് ജലനിരപ്പ് താഴ്ന്ന് ടൺ കണക്കിന് മത്സ്യങ്ങൾ ചത്തൊടുങ്ങിയതിനെ തുടർന്നാണിത്. ജില്ലയുടെ ജീവിയായി പ്രഖ്യാപിക്കപ്പെട്ട പാലപ്പൂവൻ ആമകൾ അധിവസിക്കുന്ന ഇടം കൂടിയാണിത്. പ്രദേശവാസികൾ കയത്തിന്റെ സംരക്ഷണത...