ബംഗായനം
ബംഗാളി മല്ലു വാല നല്ല വിശാലമായ മൂന്ന് മുറികളും അടുക്കളയും ശുചി മുറിയുമൊക്കെയുള്ള സൗകര്യമുള്ള ഇടമായിരുന്നു ദീപക്കിന്റെ വാസ സ്ഥലം. കയറിച്ചെല്ലുന്ന മുറിയിൽ ധാരാളം സാരികൾ അടുക്കിയും വിരിച്ചുമിട്ടതിനിടയിൽ ഒരു യുവാവിന് എന്തോ നിർദ്ദേശങ്ങൾ നൽകുകയാണ് ആര്യ . കോഴിക്കോട് വെച്ച് ദീപകിനെയും ആര്യയെയും പരിചയപ്പെടുമ്പോൾ ദീപക് കലാഭവനിലെ പഠനം കഴിഞ്ഞു നിൽക്കുകയും ആര്യ അവിടെ പ്രിന്റിങ്ങ് ടെക്നോളജി പഠനത്തിന്റെ അവസാന നാളുകളിലുമായിരുന്നു. കലാഭവനിൽ വെച്ച് മൊട്ടിട്ട പ്രണയം അവരെ ഒന്നു ചേർത്തിരിക്കുന്നു.ആര്യ ഇപ്പോൾ ഗൃഹനാഥ ആയിരിക്കുന്നു. യാത്രാക്ഷീണത്തെ മറികടക്കാൻ പോന്ന ദീപ്തമായൊരു പുഞ്ചിരിയോടെ ആര്യ ഞങ്ങളെ അകത്തോട്ട് ക്ഷണിച്ചു. ഈസലിൽ വരച്ചു തുടങ്ങിയൊരു വലിയ ക്യാൻവാസ് ഉറപ്പിച്ചു വെച്ചിട്ടുണ്ട്. അടുക്കി വെച്ച സാധനങ്ങൾക്കിടയിലൂടെ ദീപക് ഞങ്ങളെ ഒരു മുറിയിലേക്കു കൊണ്ടുപോയി. നല്ലവണ്ണം കാറ്റും വെളിച്ചവും കടക്കുവാൻ പാകത്തിൽ നിർമ്മിച്ച വലിയ ജനാലകളുള്ള ആ മുറിയിൽ നേരിട്ട് അടുക്കളയിലേക്കും പ്രധാന ഹാളിലേക്കും വാതിലുകളുണ്ട്. വസ്ത്രങ്ങൾ സൂക്ഷിക്കുവാനുള്ള അലമാരകൾ നാലു പേർക്ക് ...