ബംഗായനം

__ പേലുവും  ടോട്ടോയും__


പലതുമെഴുതിയും മായ്ച്ചും ഞാൻ കഥയിലേക്ക് തിരിച്ചു വരുവാൻ ശ്രമിക്കുകയാണ്. നാമിപ്പോൾ ഗോദാവരി നദിയുടെ മറുകരയിലെത്തിയതെ ഉള്ളൂ. ഇനിയും കുറെ ദൂരം നമുക്ക് സഞ്ചരിക്കേണ്ടതുണ്ട്. കാഴ്ച്ചകളും അനുവങ്ങളും നമ്മളെ ഇനിയും കാത്തു നിൽക്കുന്നുണ്ട്..എങ്കിലും ഗോദാവരിയെ അങ്ങു തഴയുവാൻ നമുക്കു കഴിയുന്നതെങ്ങിനെ !!.

മനുഷ്യ കുലത്തിന്റെ വികാസപരിണാമങ്ങളിൽ നദികൾക്കുള്ള പങ്ക് ചെറുതല്ല. മിക്ക സംസ്കാരങ്ങളും ഉടലെടുത്തത് നദീതടങ്ങളിലാണ്. സിന്ധുവും നൈലും ഗംഗയും,  മാത്രമല്ല. ഭൂമിയിലൂടൊഴുകുന്ന ഏതു നദിക്കും .പുഴയ്ക്കും, അരുവിക്കും പോലും  മനുഷ്യനെ തൊട്ടൊരു കഥ പറയുവാനുണ്ടാകും. എന്നാലും നാമവയെ നിരന്തരം മലിനമാക്കിക്കൊണ്ടിരിക്കുന്നു. നദികളും, കാടുകളും സംരക്ഷിച്ചു നിർത്തിയാൽ മാത്രമെ മനുഷ്യ കുലം അന്യം നിന്നു പോകാതിരിക്കൂ. പ്രകൃതിക്കു വേണ്ടി വാദിക്കുന്നവരുടെയും നിലകൊള്ളുന്നവരുടേയും വാക്കുകൾ വെറും നിലവിളികളായി മാറിക്കൂട.

നമുക്കു വീണ്ടും ഗോദാവരിയിലേക്ക് തിരിച്ചു വരാം. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ത്രയംബേശ്വറിൽ നിന്നും ഉദ്‌ഭവിക്കുന്ന ഗോദാവരി ഇന്ത്യയിലെ ഏറ്റവും വലിയ നദികളിൽ രണ്ടാമത്തേതാണ്. മഹാരാഷ്ട്രയിൽ തുടങ്ങി ആന്ധ്രയും കടന്ന് ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന ഗോദാവരി താണ്ടുന്ന ദുരം 1480 കി.മി. ആണത്രെ. ഉത്ഭവസ്ഥാനത്ത് നിന്നും വെറും 380 കി.മീ. ദൂരം മാത്രo സഞ്ചരിച്ചാൽ മതി അറബിക്കടലിൽ എത്തുവാൻ  എന്നത് മറ്റൊരു അത്ഭുതം,

ഗോദാവരിയും താണ്ടി വണ്ടി മുന്നോട്ട് കുതിച്ചു കൊണ്ടേയിരുന്നു. ഇരുട്ടിന്റെ കമ്പളം വീണ്ടും പ്രകൃതിയെ മറച്ചു തുടങ്ങിയിരിക്കുന്നു. അത്താഴം കഴിഞ്ഞ് ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വീണു.

അടുത്ത പ്രഭാതം അത്രയും മുഷിപ്പിക്കുന്നതായിരുന്നില്ല. കൂപ്പെയിലെ സഹയാത്രികരുടെ മുഖം തെളിഞ്ഞിരിക്കുന്നു. ചിലർ കുശലാന്വേഷണവുമായെത്തി, ഇനിയും കുറച്ചു ദൂരം മാത്രമെയുള്ളൂ ഷാലി മാറിലെത്തുവാൻ.

കുശലാന്വേഷണത്തിയ ഒരാൾ നല്ല സൗഹൃദത്തിലായി. പേലു സാന്ദ്ര കട്വ... ഹൗറ വരെ ഇദ്ദേഹം കൂട്ടിനുണ്ട്. ഞങ്ങൾക്ക് എത്തിച്ചേരേണ്ട ബോൽ പൂർ പാതയിൽ തന്നെയാണ് അദ്ദേഹത്തിനും സഞ്ചരിക്കേണ്ടതെങ്കിലും. അദ്ദേഹത്തിന് ഇറങ്ങേണ്ട സ്റ്റേഷനിൽ എക്സ് പ്രസ് ട്രെയിനുകൾക്ക്  സ്റ്റോപ്പ് ഇല്ലാത്തതിനാൽ  ഹൗറയിൽ നിന്ന്  ലോക്കൽ ട്രെയിൻ പിടിക്കേണ്ടി വരും.

പേലു ചെന്നൈയിലാണിപ്പോൾ ജോലി ചെയ്യുന്നത്. മുൻപ് കേരളത്തിൽ കുറച്ചു നാൾ ജോലി ചെയ്തിരുന്നത് കൊണ്ട് മലയാളം അല്പമൊക്കെ മനസ്സിലാകും.
ഭാര്യാ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ്  പത്ത് ദിവസത്തെ അവധിയിൽ സ്വദേശത്തേക്ക് പോകുന്നത്. തിരികെയുള്ള യാത്രക്ക് ടിക്കറ്റ് ഉറപ്പാക്കിയിട്ടില്ല കക്ഷി. പേലുവുമായുള്ള സംഭാഷണം യാത്രയുടെ തുടക്കം മുതൽ നേരിട്ട നിരാശാബോധത്തെ തുടച്ചു നീക്കിയിരിക്കുന്നു. വർത്തമാനം പറഞ്ഞിരിക്കുന്നതിനിടയിൽ വണ്ടി  അവസാന സ്റ്റോപ്പായ ഷാലിമാറിലെത്തി. ഇപ്പോൾ സമയം രാവിലെ 10-35. നീണ്ട പതിനേഴര മണിക്കൂർ നേരത്തെ യാത്രക്ക് വിടപറഞ്ഞ്  ലഗേജുകളുമായി ഞങ്ങൾ പശ്ചിമ ബംഗാളിന്റെ മണ്ണിൽ കാലു കുത്തി.

കഠിനമായ ചൂടായിരുന്നു വെളിയിൽ . ജോലിക്കായി ആദ്യമായി സൗദി അറേബ്യയിലെത്തിയപ്പോൾ  വിമാനത്തിലെ  സുഖശീതളിമയിൽ നിന്ന്  മരുഭൂമിയുടെ തീ ചൂടിലേക്ക് എടുത്തെറിയപ്പെട്ടത് പോലെ . ഷാലിമാറിൽ നിന്ന് ഹൗറയിലേക്ക്  അരമണിക്കൂർ യാത്രയുണ്ട്. ഇവിടുന്ന് വേറെ വണ്ടി ലഭ്യമാകാത്തതിനാൽ സ്റ്റേഷന് വെളിയിൽ നിന്ന് ടാക്സി പിടിക്കേണ്ടി വരുമെന്ന്  പേലു  പറഞ്ഞു. കുറച്ചു ദൂരം നടക്കണം. ലഗേജുകളുമായി പാളങ്ങൾ മുറിച്ചു കടന്ന് ഞങ്ങൾ പേലുവിന്റെ പിറകെ നടന്നു. ടാക്സിക്കാർ ഞങ്ങളെ സമീപിക്കുന്നുണ്ടായിരുന്നു. അതൊക്കെ അവഗണിച്ച് പേലു മുന്നോട്ട് നടന്നു.

ടോട്ടോവിൽ പോകാമെന്ന്   പേലു അറിയിച്ചു. മൂന്ന് ചക്രമുള്ള ഒരു ഇലക്ട്രിക് വാഹനമാണ് ടോട്ടോ . ഡ്രൈവർ അടക്കം എട്ട് പേർക്ക് സഞ്ചരിക്കാം. നമ്മുടെ ഓട്ടോ റിക്ഷയുടെ സുഖവും സൗകര്യവും സുരക്ഷിതത്വവുമൊന്നും ടോട്ടോയ്ക്കില്ല. ചിലവു കുറഞ്ഞ യാത്രക്ക് ടോട്ടോയാണ് നല്ലതെന്നു മാത്രം. .അരമണിക്കൂർ യാത്രക്ക് ഒരാൾക്ക് മുപ്പത് രൂപ കൊടുത്താൽ മതി. ഇത്രയും ദൂരം കാർ യാത്രക്ക് നാനൂറ് രൂപയോളം വേണം.. പരിചയമില്ലാത്തയാളാണെന്ന് മനസ്സിലായാൽ അതിലും കൂടുതൽ വാങ്ങും. കൊടും ചൂടിൽ ശരീരം തളർന്നു തുടങ്ങിയിരിക്കുന്നു. കാലുകൾ മുന്നോട്ടു ചലിക്കുന്നില്ല. വിപിൻ ചുറുചുറുക്കോടെ   പേലുവിനോട്  എന്തൊക്കെയോ സംസാരിച്ചു മുന്നിൽ നടക്കുകയാണ്. അവരോടൊപ്പമെത്താൻ കഷ്ടപ്പെട്ട് ഞാനും നടന്നു.

ഞങ്ങൾ ടോട്ടോ സ്റ്റാന്റിലെത്തി. കുറെപ്പേർ ഞങ്ങളെ വളഞ്ഞു എങ്കിലും വിരുതനായ ഒരു ഡ്രൈവർ ഞങ്ങളെ ഹൈജക്ക് ചെയ്തു. രണ്ട് സീറ്റുകൾ ബാക്കിയുണ്ട് അതിലേക്കുള്ള യാത്രക്കാരെ  പിടിക്കാൻ   ഡ്രൈവർ പോയി. അല്പ സമയത്തിനുള്ളിൽ രണ്ടു പേരുമായി അദ്ദേഹമെത്തി. ടോട്ടോ യാത്ര തുടങ്ങി. അധികം വേഗതയാർജ്ജിക്കുവാനൊന്നും ഈ വാഹനത്തിനാവില്ല. തിരക്കുകൾക്കിടയിലൂടെ കുലുങ്ങിയും ചാടിയും ടോട്ടോ മുന്നോട്ടു നീങ്ങി. ഞങ്ങൾ കേരളത്തിൽ നിന്നാണെന്നറിഞ്ഞപ്പോൾ ഒരു ചെറുപ്പക്കാരൻ കുശലാനേഷണം ആരംഭിച്ചു. അദ്ദേഹവും കേരളത്തിൽ വന്നിട്ടുണ്ട്. മലപ്പുറത്ത്. ആദ്യ ടോട്ടോ യാത്രയുടെ അനുഭവവുമായി ഞങ്ങൾ ഹൗറയിലിറങ്ങി. നല്ല ഗതാഗത തിരക്കുണ്ട്. ജനങ്ങളും വാഹനങ്ങളും ഒഴുകുകയാണ്. തിരക്കുകളിലൂടെ പേലു ഞങ്ങളെയും കൊണ്ട് നടന്നു. കുറച്ചു ദൂരം നടന്ന് സ്റ്റെപ്പുകളിറങ്ങി ഒരു നദിയുടെ കരയിലെത്തി. നദിയിലേക്കിറങ്ങാൻ പടവുകൾ ഉണ്ട്. ഇതാണ് ഹൂഗ്ലി നദി. മറുകരയിൽ കൽക്കത്തയാണ്. ഹൗറയേയും കൽക്ക ആയെയും പരസ്പരം ബന്ധിപ്പിച്ച് ഹൗറ പാലം കടന്നുപോകുന്നു. കുറച്ചു പേർ കുളിക്കുന്നുണ്ട ചിലർ പ്രാർത്ഥനയിലാണ്.
"ഗംഗാ നദിയാണ് വേണമെങ്കിൽ കുളിച്ചോളു "പേലു പറഞ്ഞു. ജലത്തിന്റെ  "വിശുദ്ധി " കാരണം നദിയിലറങ്ങാൻ പോലും മനസ്സ് സമ്മതിച്ചില്ല തിരിച്ച് കയറി ഒരു ഹോട്ടലിൽ നിന്ന് ഞങ്ങൾ മുന്നു പേരും ഉച്ചഭക്ഷണം കഴിച്ച് സ്റ്റേഷനിൽ തിരിച്ചെത്തി. ബേൽപൂരിലേക്കുള്ള ടിക്കറ്റ് എടുക്കാൻ സഹായിച്ച്  പേലു  തിരക്കുകളിലേക്ക്  അപ്രത്യക്ഷനായി.
തുടരും

Comments

Anonymous said…
ആസ്വദിച്ചു വായിച്ചു കൊണ്ട് ഇരിക്കുന്നു...
Chandran mottammal said…
ഇതുവരെയുള്ളത് തുടക്കം മാത്രമാണ് ഇനിയാണ് ശരിക്കം ബംഗായനം തുടങ്ങുന്നത്. ഇതു വരെയുള്ള വായനക്ക് നന്ദി. തുടർ ഭാഗങ്ങളുമായി ഉടൻ വരും.
Anonymous said…
വായിച്ചു രസം പിടിച്ചു വരുന്നു.
Anonymous said…
യാത്രകൾ വിവരണങ്ങൾ ❤️
Vidya said…
Superb