___വാഗ്മി___ സാർത്ഥകമായും ഫലപ്രദമായും വാക്കുകൾ പ്രയോഗിക്കുന്ന ഒരാൾ, മിതമായും സാരവത്തായുമായി ഭാഷ പ്രയോഗിക്കുന്ന ഒരാൾ .... വാഗ്മി എന്ന വാക്കിന്റെ അർത്ഥാന്തരങ്ങളിലേക്ക് കടന്നു ചെല്ലുമ്പോൾ നമ്മുടെ മുന്നിലെത്തുന്നത് പ്രധാനമായും ഈ രണ്ട് വാചകങ്ങളായിരിക്കും എന്ന് തോന്നുന്നു. ഒപ്പം ഞാനിതു കൂടി ചേർക്കുവാനാഗ്രഹിക്കുന്നു. ശബ്ദ സൗകുമാര്യം കൊണ്ട് ഒരു മധുര സംഗീതം പോലെ അനുവാചകന്റെ അന്തരാളങ്ങളിൽ വാക്കുകൾ കൊണ്ട് അമൃതവർഷം പെയ്യിക്കുന്ന ഒരാൾ. യൂ ട്യൂബിലുടെ മാത്രം കേട്ട് പരിചയമുള്ള ആ വാഗ്ധോരണി നേരിട്ട് , മുഖത്ത് നിന്ന് കണ്ണെടുക്കാതെ നിർന്നിമേഷനായി നോക്കി ആ നാദധാരയിൽ ലയിച്ചിരിക്കുമ്പോൾ തിങ്ങിനിറഞ്ഞ സദസ്സിലിരിക്കുന്ന ഓരോ ആളിലേക്കും ഒരു നിമിഷം ഞാൻ കണ്ണുകളോടിച്ചു. അത്ഭുതം !!! ആരും ഈ ലോകത്തില്ല. എല്ലാവരും മറ്റൊരു ലോകത്താണ്. ശരീരങ്ങൾ മാത്രമെ ഇവിടെയുള്ളൂ. നിശ്ശബ്ദം .... നിശ്വാസങ്ങൾ കൊണ്ടു പോലും ഈ അന്തരീക്ഷത്തെ ആരും മുറിപ്പെടുത്തുന്നില്ല. സുനിൽ. പി.ഇളയിടം എന്ന ആറടി പൊക്കക്കാരൻ എന്ത് മാന്ത്രിക ശക്തിയാണ് ഞാനടക്കമുള്ളവരുടെ മേൽ പ്രയോഗിച്ചിരിക്കുന്നത് ? ഇടക്കാരുടെയോ ഒരു അഭിപ്രായം ഞാൻ ശ്രവിച്ചിരുന്ന...