വാഗ്മി

___വാഗ്മി___ സാർത്ഥകമായും ഫലപ്രദമായും വാക്കുകൾ പ്രയോഗിക്കുന്ന ഒരാൾ, മിതമായും സാരവത്തായുമായി ഭാഷ പ്രയോഗിക്കുന്ന ഒരാൾ .... വാഗ്മി എന്ന വാക്കിന്റെ അർത്ഥാന്തരങ്ങളിലേക്ക് കടന്നു ചെല്ലുമ്പോൾ നമ്മുടെ മുന്നിലെത്തുന്നത് പ്രധാനമായും ഈ രണ്ട് വാചകങ്ങളായിരിക്കും എന്ന് തോന്നുന്നു. ഒപ്പം ഞാനിതു കൂടി ചേർക്കുവാനാഗ്രഹിക്കുന്നു. ശബ്ദ സൗകുമാര്യം കൊണ്ട് ഒരു മധുര സംഗീതം പോലെ അനുവാചകന്റെ അന്തരാളങ്ങളിൽ വാക്കുകൾ കൊണ്ട് അമൃതവർഷം പെയ്യിക്കുന്ന ഒരാൾ. യൂ ട്യൂബിലുടെ മാത്രം കേട്ട് പരിചയമുള്ള ആ വാഗ്ധോരണി നേരിട്ട് , മുഖത്ത് നിന്ന് കണ്ണെടുക്കാതെ നിർന്നിമേഷനായി നോക്കി ആ നാദധാരയിൽ ലയിച്ചിരിക്കുമ്പോൾ തിങ്ങിനിറഞ്ഞ സദസ്സിലിരിക്കുന്ന ഓരോ ആളിലേക്കും ഒരു നിമിഷം ഞാൻ കണ്ണുകളോടിച്ചു. അത്ഭുതം !!! ആരും ഈ ലോകത്തില്ല. എല്ലാവരും മറ്റൊരു ലോകത്താണ്. ശരീരങ്ങൾ മാത്രമെ ഇവിടെയുള്ളൂ. നിശ്ശബ്ദം .... നിശ്വാസങ്ങൾ കൊണ്ടു പോലും ഈ അന്തരീക്ഷത്തെ ആരും മുറിപ്പെടുത്തുന്നില്ല. സുനിൽ. പി.ഇളയിടം എന്ന ആറടി പൊക്കക്കാരൻ എന്ത് മാന്ത്രിക ശക്തിയാണ് ഞാനടക്കമുള്ളവരുടെ മേൽ പ്രയോഗിച്ചിരിക്കുന്നത് ? ഇടക്കാരുടെയോ ഒരു അഭിപ്രായം ഞാൻ ശ്രവിച്ചിരുന്നു. എന്ത് കാരണം പറഞ്ഞാണ് സുനിലിന്റെ പ്രഭാഷണം കേൾക്കാൻ വരാതിരിക്കേണ്ടത്. ഒരു പുസ്തകം വായിക്കുന്ന അനുഭവമല്ലേ അദ്ദേഹം നമുക്ക് നൽകുന്നത്. ഞാൻ ഒരിക്കൽ കൂടി തിരുത്തുന്നു. സുനിൽ .പി. ഇളയിടം ഒരു പുസ്തകമല്ല. ഒരു ഗ്രന്ഥാലയമാണ്. ഒരു ലോകമാണ്. പുരോഗമന കലാസാഹിത്യ സംഘം കാസറഗോഡ് ജില്ലാ കമ്മിറ്റി 2022 ജൂലൈ 30 ന് ബോവിക്കാനം സൗപർണ്ണിക ഓഡിറ്റോറിയത്തിൽ ഏകദിന സാംസ്കാരിക പാഠശാല സംഘടിപ്പിക്കുവാൻ തീരുമാനിച്ചപ്പോൾ ഞാനുൾപ്പെടുന്ന കാറഡുക്ക ഏരിയാ കമ്മറ്റി ഒരു സമ്മാനം നൽകണമെന്ന തീരുമാനമെടുത്തപ്പോൾ ആ നിയോഗം ഏറ്റെടുക്കുവാൻ തെരഞ്ഞെടുത്തത് എന്നെ ആയതിൽ എനിക്കേറ്റവും സന്തോഷമുള്ള ഒരു അനുഭവമായി. അതൊരു വ്യത്യസ്ഥ സമ്മാന മായിരിക്കണം എന്നെനിക്ക് തോന്നി. അങ്ങനെയാണ് പുസ്തകങ്ങളെ ഏറെ സ്നേഹിക്കുന്ന ഒരാൾക്ക് പുസ്തക രൂപമുള്ള ഒരു ചിത്രഫലകം ആയിരിക്കും ഉചിതമെന്ന് മനസ്സ് പറഞ്ഞത്. പുസ്തക രൂപത്തിൽ തന്നെ നിർമ്മിക്കാം എന്ന ആശയം മനസ്സിൽ ഉദിച്ചപ്പോൾ അതിനൊരു ആമുഖം വേണമെന്നും,അതിന്റെ താളുകളിൽ എന്റെ മാത്രം ചിത്രങ്ങൾ പോര എനിക്കു ചുറ്റുമുള്ള ചിലരുടെ സൃഷ്ടികളും വേണമെന്നും ആഗ്രഹമുണ്ടായി. അങ്ങിനെ കെ. പി. ജ്യോതി ചന്ദ്രൻ മാഷും , കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും തലമുതിർന്ന ചിത്രകാരൻ സി.കെ.നായർ, ഏറ്റവും ചെറിയ ചിത്രകാരൻ ജീവൻ . വി. സചീന്ദ്രൻ കാറഡുക്ക തുടങ്ങിയവർ വരച്ച ചിത്രങ്ങൾ ഉൾചേർത്തു കൊണ്ട് അത് സാർത്ഥകമായി. അത് ഇളയിടത്തിന് സമ്മാനിക്കുവാനുള്ള ഭാഗ്യവും എനിക്ക് ലഭിച്ചു. ഈ ചേർത്തു പിടിക്കലിന് ഹൃദയപൂർവ്വം ഞാൻ നന്ദി പറയുന്നു. ____ ചന്ദ്രൻ മൊട്ടമ്മൽ___

Comments