ബസവ - ജീവിത വർണ്ണങ്ങളുടെ തനത് മിശ്രണം.
ചെറുപ്പം മുതൽക്ക് തന്നെ ധാരാളം സിനിമകൾ കാണുമെങ്കിലും ആസ്വാദനത്തിലുപരി സിനിമ എന്ന മാധ്യമം ഒരു ആവേശമായോ ബാധയായോ എന്നെ ഇതുവരെ ബാധിച്ചിട്ടില്ല എന്നതാണ് സത്യം. എന്നാൽ കഴിഞ്ഞ ദിവസം പ്രിയ സുഹൃത്ത് വിനു നാരായണന്റെ ബസവ എന്ന കന്നഡ സിനിമയുടെ പ്രിവ്യൂ ഷോ മംഗലാപുരം ഭാരത് മൂവീസിൽ നടീ നടന്മാരുടേയും, സംവിധായകന്റെയും മറ്റ് സാങ്കേതിക വിദഗ്ധരുടേയും കൂടെയിരുന്ന് കാണുവാനുള്ള ഭാഗ്യമുണ്ടായി.
കന്നഡ, തുളു ഭാഷകൾ സംസാരിക്കുന്നയിടങ്ങളിൽ കാളകളെ അലങ്കരിച്ച് നാദസ്വരത്തിന്റെ അകമ്പടിയോടെ വീടുകൾ തോറുമെത്തുന്ന നാടോടി കുടുംബംങ്ങളെ കാണാം. ഇവർ ബസവർ എന്നറിയപ്പെടുന്നു. അത്തരമൊരു കുടുംബത്തിൽ സംഭവിക്കുന്ന അനിഷ്ടകരമായ സംഭവങ്ങളുടെ ഹൃദ്യമായ ആവിഷ്കാരമാണ് ബസവ എന്ന സിനിമ . ഒരു ടെക്നിക്കൽ പ്രിവ്യൂ ഷോ കാണുന്ന ഒരാൾ അതിന്റെ സാങ്കേതിക വശങ്ങളെ വിലയിരുത്തുകയാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടതെന്ന് ഞാൻ കരുതുന്നു. എന്നാൽ ഞാനൊരു സാങ്കേതിക വിദഗ്‌ധൻ അല്ലാത്തത് കൊണ്ട് തന്നെ പ്രേക്ഷക പക്ഷത്ത് നിന്ന് ഈ സിനിമയെ കുറിച്ച് സംസാരിക്കുവാനാണെനിക്കിഷ്ടം.
കാമ്പുള്ളതും കെട്ടുറപ്പുള്ളതുമായ ഒരു കഥ തന്നെയാണ് കഥാകാരൻ സുഭാഷ് വനശ്രീ സംവിധായകൻ വിനു നാരായണന്റെ കൈകളിൽ ഏൽപ്പിച്ചിരിക്കുന്നത്. അതേറ്റവും ഭംഗിയായി അഭ്രപാളിയിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നു സംവിധായകനായ വിനു നാരായണൻ. കാപ്പുകോൽ എന്ന ഹ്രസ്വ സിനിമ കണ്ടവർക്കറിയാം വിനു നാരായണന്റെ റേഞ്ച്. ഹ്രസ്വ സിനിമകളിൽ നിന്ന് മുഴുനീള ഫീച്ചർ സിനിമയിലേക്കെത്തുമ്പോൾ തന്നിലർപ്പിക്കപ്പെടുന്ന കർത്തവ്യങ്ങൾ എന്ത് തന്നെ ആയാലും അത് തന്റെ കൈയ്യിൽ ഭദ്രമാണെന്ന് വിനു നാരായണൻ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.
ഇതിലെ കഥാപാത്രങ്ങളോട് 100%. നീതി പുലർത്തിയിട്ടുണ്ട് അഭിനയിച്ച എല്ലാ നടീ നടന്മാരും. അതും തങ്ങളുടേതല്ലാത്ത ഭാഷയും സംസ്കാരവുമല്ലാതിരുന്നിട്ട് പോലും .
ടൈറ്റിൽ കഥാപാത്രമായ കാള( ബസവ) യെക്കാളും പ്രേക്ഷകനെ വിസ്മയിപ്പിച്ച് സിനിമയിലുടനീളം തന്റെ സാന്നിദ്ധ്യമറിയിക്കുന്നുണ്ട് നായകന്റെ കൈകളിലുള്ള നാദസ്വരം എന്ന സംഗീതോപകരണം. ജീവിതത്തിന്റെ ഊഷരതയും ഉർവ്വരതയും വികാര വൈവിശ്യതകളും കീഴ് സ്ഥായിയിലും മധ്യസ്ഥായിയിയിലും ഉച്ഛസ്ഥായിയിലുമത് നമ്മെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
സംഗീത സംവിധാനം ചെയ്ത ആൾ കൃത്യമായും കഥാപാത്രങ്ങളോടും കഥാ സന്ദർഭങ്ങളോടും സംവിധായകനോട് നീതി പുലർത്തിയിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.
ഒരാൾ ഒഴികെ മറ്റുള്ളവരെല്ലാം ഡബ്ബിങ്ങ് ആർട്ടിസ്റ്റുമാർ വരെ മുഴുവൻ മലയാളികൾ ആയിരുന്നിട്ടും ഈ സിനിമയിൽ കന്നഡ ഭാഷാ പ്രയോഗത്തിൽ ഒരു എന്തെങ്കിലും കുറ്റം കണ്ടെത്തുവാൻ യഥാർത്ഥ കന്നഡികർ പോലും തുനിയില്ല എന്നാണെന്റെ വിശ്വാസം.
പ്രകൃതിയേയും ജീവിതത്തേയും തമ്മിൽ അഭേദ്യമാം വിധം കോർത്തിണക്കുവാൻ ഛായാഗ്രഹകന് കഴിഞ്ഞിട്ടുണ്ട്. സിനിമ മൊത്തം കണ്ടു കഴിഞ്ഞപ്പോൾ ചെറിയൊരു പൊരുത്തക്കേട് തോന്നിയത് ശബ്ദ സന്നിവേശത്തിൽ മാത്രമാണ്. തിയേറ്ററിലെ ശബ്ദ സംവിധാനത്തിൽ വന്ന പാകപ്പിഴകളായിരിക്കും അതെന്നാണ് എനിക്ക് തോന്നിയത്. എന്നാൽ 500 gb യോളം വലിപ്പമുള്ള ഒരു ഫയൽ പകർത്തുമ്പോഴുണ്ടാകുന്ന സ്വാഭാവികമായ ഒരു പിഴയാണതെന്ന് പിന്നീട് സംവിധായകനോട് സംസാരിച്ചപ്പോൾ മനസ്സിലായി. എല്ലാ പിഴവുകളും തീർത്ത് പൊതുജനങ്ങൾക്ക് വേണ്ടി സിനിമ സജ്ജമാകുമ്പോൾ പുതിയ കാലത്തെ തട്ടുപൊളിപ്പൻ സിനിമകളാൽ വികൃതമാക്കപ്പെടുന്ന സാങ്കേതിക ആഭാസങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് കുടുംബ പ്രേക്ഷകർ ബസവയെ സ്വീകരിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.
ഒരു സിനിമ കൂട്ടുത്തരവാദിത്വത്തിന്റെയും സമർപ്പണത്തിന്റെയും ആകെ തുകയാണ്. അതുകൊണ്ട് തന്നെ തിയേറ്ററിലെത്തി പ്രേക്ഷക വിശ്വാസം നേടിയെടുക്കുന്നതു വരെ ഇതിന്റെ സാങ്കേതികവിദഗ്ധർക്ക് ഉത്തരവാദിത്വമുണ്ടെന്ന് ഞാൻ വിശ്വനിക്കുന്നു. പിഴവുകൾ ആരുടെ എങ്കിലും തലയിൽ കെട്ടിവെക്കാതെ ഓരോരുത്തരും അവരവരുടെ ഭാഗം, പൂർണമനസ്സോടെ ചെയ്ത് സിനിമ തീയേറ്റർ സജ്ജമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ബാക്കിയുള്ള വായന പ്രേക്ഷകർ നടത്തട്ടെ....
സ്നേഹപൂർവ്വം.
ചന്ദ്രൻ മൊട്ടമ്മൽ
Comments