ബംഗായനം

 കാലോ ബാരി:


ഞങ്ങളഭയം തേടിയെത്തിയ മരത്തിൻ്റെ ചുവട്ടിലുള്ള സിമൻ്റ് ബെഞ്ചിൽ ഇരുന്നു കൊണ്ട്  ദീപക് ഒരു കഥ പറഞ്ഞു. രവീന്ദ്രനാഥ ടാഗോർ ചൈനാ സന്ദർശനം കഴിഞ്ഞു വരുമ്പോൾ കൊണ്ടു വന്നതാണത്രെ ഈ മരം. അദ്ദേഹം നട്ട് പരിപാലിച്ച ആ മരമാണിന്ന് വലിയൊരു വൃക്ഷമായി ഈ കൊടും ചൂടിൽ ഞങ്ങളുടെ തലക്ക് മീതെ പടർന്നു പന്തലിച്ച് തണൽ ചൊരിഞ്ഞ് നിൽക്കുന്നത്. ഈ r ലോകത്തിന് ജ്ഞാനമധുരം നൽകുന്ന ശാന്തിനികേതനും അതിൽ നിന്നൊട്ടും വിഭിന്നമല്ലല്ലോ. ഗാന്ധിജി ശാന്തിനികേതനിലെത്തിയപ്പോൾ ടാഗോറുമായി സംഭാഷണം നടത്തിയ അതേ ഇരിപ്പിടത്തിലാണ് ഞങ്ങൾ ഇരിക്കുന്നതന്നെറിഞ്ഞപ്പോൾ ഉണ്ടായ വികാരം ഏത് വാക്കുകൾ കൊണ്ടാണ് ഞാനിവിടെ കുറിച്ചിടേണ്ടത്?!!. 


പതിയെ ഞാനെഴുന്നേറ്റു. വിപിനും ദീപക്കും ഗഹനമായ എന്തോ ചർച്ചയിലാണ്. ഞാൻ പതിയെ ഒന്നു കണ്ണടച്ചു. ഇപ്പോഴവിടെ ഖാദി നൂലുകൾ കൊണ്ട് നെയ്തെടുത്ത ഒറ്റമുണ്ടുടുത്ത മെലിഞ്ഞ ആ വയോവൃദ്ധനും നീണ്ട തുവെള്ള താടിയുള്ള കൃശഗാത്രനായ ടാഗോറുമുണ്ട്. ചുറ്റും അവരുടെ സംഭാഷണം കൗതുകപൂർവ്വം, സൂക്ഷ്മം  ശ്രവിക്കുന്ന  കുറച്ചാളുകളും. 

ഇങ്ങിനെ എത്രയൊ മഹാരഥന്മാരുടെ പുണ്യപാദങ്ങൾ പതിഞ്ഞ ഭൂമിയിലൂടെയാണ് നാം നിരന്തരം സഞ്ചരിക്കുന്നത്. നാമതറിയുന്നുണ്ടോ? അറിയുവാൻ ശ്രമിക്കുന്നുണ്ടോ?....... നാമതോർക്കുന്നുണ്ടോ !!!?.
വിപിൻ്റെയും ദീപക്കിൻ്റെയും കുറച്ച് ചിത്രങ്ങൾ പകർത്തിയ ശേഷം ഞങ്ങൾ വീണ്ടും ചിത്രങ്ങളിലേക്കും ശില്പങ്ങളിലേക്കും തിരിഞ്ഞു.

കറുപ്പിൻ്റെയും വെളുപ്പിൻ്റെയും അഭൗമ ഭംഗി വിളിച്ചോതുന്ന മനോഹരമായ മ്യൂറൽ ചിത്രങ്ങളാലലംകൃതമായൊരു ഇരുനില കെട്ടിടത്തിൻ്റെ സമീപത്തേക്ക് ദീപക് എന്നെയും വിപിനെയും നയിച്ചു. ഇതാണ് ശാന്തിനികേതൻ എന്ന വിജ്ഞാഭൂമിയിലെ വിശ്വഭാരതി സർവ്വകലാശാലയുടെ കലാവിഭാഗമായ കലാഭവൻ. ഈ ചിത്രങ്ങൾ രചിച്ചത് നന്ദലാൽ ബോസിൻ്റെ നേതൃത്വത്തിൽ അദ്ദേഹത്തിൻ്റെ ശിഷ്യന്മാരാണ്. നന്ദലാൽ ബോസ് കലാഭവൻ്റെ പ്രിൻസിപ്പാൾ ആയി സേവനമനുഷ്ഠിച്ചിരുന്ന കാലയളവിൽ ആയിരുന്നു അത്. ചിത്രകല, ശില്പ കല, പ്രിൻ്റിങ്ങ് സാങ്കേതികത തുടങ്ങിയ കലകളുടെ പഠനം ഗവേഷണം എന്നിവയാണ് മുഖ്യമായും കലാഭവൻ കൈകാര്യം ചെയ്യുന്നത്. കലാഭവൻ ബംഗാളി ഭാഷയിൽ  ക്വലാഭവൻ എന്നാണ് ഉച്ചരിക്കപ്പെടുന്നത്. അതി വിശാലമാണ് കലാഭവൻ കാമ്പസ്.
നന്ദലാൽ ബോസിൻ്റെ കാലത്ത്  കലാഭവനിലുണ്ടായിരുന്ന മറ്റൊരദ്ധ്യാപകനായിരുന്നു രാംകിങ്കർ ഇവരുടെ കാലഘട്ടമായിരുന്നു കലാഭവൻ്റെ ഏറ്റവും പുഷ്കകലമായ കാലമെന്ന്   കലാഭവനിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന പ്രശസ്ത ചിത്രകാരനും സംഗീതജ്ഞനുമായ ഏ.രാമചന്ദ്രനെ കുറിച്ച് ആർ ശിവകുമാർ എഴുതി പി. സുധാകരൻ പരിഭാഷപ്പെടുത്തിയ എ .രാമചന്ദ്രൻ 1957 മുതൽ 2003 വരെയുള്ള കലാസൃഷ്ടികളുടെ ഒരു അവലോകനം എന്ന പുസ്തകത്തിൽ പറയുന്നു.

അല്പം കൂടി മുന്നോട്ടു നടന്നപ്പോൾ കറുത്ത നിറമുള്ള റിലീഫ് മ്യൂറലുകൾ ആലേഖനം ചെയ്യപ്പെട്ട ആസ്ബറ്റോസ് ഷീറ്റുകൾ മേഞ്ഞ ഒരു കെട്ടിടം കണ്ടു. ഇതാണ് കാലോ ബാരി .കാലോബാരി എന്ന  വാക്കിൻ്റെ അർത്ഥം കറുത്ത വീടെന്നാണ്.ചെളിമണ്ണും മരവും കോൾ ടാറും ഉപയോഗിച്ച് പണിത ഈ കെട്ടിടം കലാഭവനിലെ മുതിർന്ന വിദ്യാർത്ഥികൾക്ക് വേണ്ടി പണിത ഹോസ്റ്റൽ ആയിരുന്നത്രെ. 1934 ൽ നന്ദലാൽ ബോസിൻ്റെ കാലത്ത് രാം കിങ്കറും അന്നത്തെ കാലത്ത് കലാഭവനിലുണ്ടായിരുന്ന മറ്റു കലാകാരന്മാരും ചേർന്നാണ് ഇതിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്.


കാലോ ബാരിയുടെ മുറ്റത്ത് ഒന്നു രണ്ട് സൈക്കിളുകൾ ഒതുക്കി വെച്ചിട്ടുണ്ട്. കുറച്ചു കുട്ടികൾ അവിടെ ഇരുന്ന് സംസാരിക്കുന്നത് കണ്ടു. ഞങ്ങൾ അതിനകത്ത് പ്രവേശിച്ചു. പുറത്തെ ഉരുകിയൊലിക്കുന്ന വെയിലിൻ്റെ കാഠിന്യം അവിടെ ഉണ്ടായിരുന്നില്ല. നല്ല തണുപ്പും പ്രശാന്തതയും അവിടെ അനുഭവപ്പെട്ടു.കാലോബാരിയിൽ നിന്ന് പുറത്തു കടക്കുവാൻ എനിക്ക് മടി തോന്നി.

Comments

Popular posts from this blog

നീ കാഫിറാണ്

ബംഗായനം