ബംഗായനം

സ്വപ്ന ലോകത്ത് :


ശാന്തിനികേതനെ കുറിച്ചെഴുതുമ്പോൾ അതിൻ്റെ ബാഹ്യമായ രൂപഘടനയെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിക്കുവാൻ പോകുകയാണെന് അർത്ഥമാക്കേണ്ടതില്ല. കാരണം  അനേകം വ്യക്തികളിലൂടെ എഴുത്തുകാരുടെ വിവിധ ലേഖനങ്ങളില, ടെ കുറിപ്പുകളിലൂടെ, ഇതിനകം നിർവ്വഹിക്കപ്പെട്ടിട്ടുണ്ട്. ഇൻ്റർനെറ്റിലെ വിവിധ സൈറ്റുകളിലും ആവശ്യമായ വിവരങ്ങൾ ലഭ്യമാണ്. അയതിനാൽ അത്തരമൊരു ശ്രമത്തിന് ഞാൻ മുതിരുന്നില്ല. എന്നാൽ നടവഴികൾക്കിരുവശവും കാണുന്ന മനോഹര ചിത്രങ്ങൾക്കക്ഷരരൂപം നൽകുവാനുള്ള ശ്രമം നടത്തേണ്ടി വരുമ്പോൾ ചില കാര്യങ്ങളെങ്കിലും കുറിച്ചിടാതിരിക്കുവാനും സാധിക്കില്ല.
പുറത്തു നിന്നുള്ള സന്ദർശകർക്ക് എല്ലാ യ്പ്പോഴും അധികൃതരുടെ അനുവാദമില്ലാതെ ശാന്തിനികേതനകത്തേക്ക് കടന്നു ചെല്ലാൻ സാധിക്കില്ല.ദീപക് ഇത് മുൻകൂട്ടി അറിയിച്ചിരുന്നു. ദീപകിന് ശാന്തിനികേതനിൽ സ്റ്റുഡിയോ ഉള്ളത് കൊണ്ട് പ്രവേശനം ബുദ്ധിമുട്ടുള്ളതായി തീർന്നതുമില്ല. പ്രധാന കവാടമുപേക്ഷിച്ച് സെക്യൂരിറ്റി ചെക്കിങ്ങ് ഇല്ലാത്ത ഒരു ചെറിയ പ്രവേശന മാർഗ്ഗത്തിനരികിൽ ഞങ്ങളെ ഇറക്കി അകത്ത് കയറി ഇരിക്കാനും ആരെങ്കിലും ചോദിച്ചാൽ അദ്ദേഹത്തിൻ്റെ കൂടെ വന്നതാണെന്നും, പുറത്തു പോയിരിക്കുകയാണെന്നും പറയാനേൽപ്പിച്ച് അമ്മുവിനെ കൊണ്ടു വരാനായി പോയി. അല്പപസമയത്തിനികം തന്നെ രണ്ടു പേരും തിരിച്ചെത്തുകയും ചെയ്തു.ആഘോഷങ്ങൾ  നടക്കുന്ന ചില വിശേഷദിവസങ്ങളിൽ  അനുമതി ആവശ്യമില്ലാതെ തന്നെ ശാന്തിനികേതനിൽ പ്രവേശിക്കുവാനുള്ള അനുമതിയുണ്ട്. പൗഷ് മേള, ബസന്ത് ഉത്സവം,രബിന്ദ്ര ജയന്തി തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടതാണ്. രവീന്ദ്രനാഥടാഗോറിൻ്റെ പിതാവായ ദേവേന്ദ്രനാഥ ടാഗോർ ബ്രഹ്മ മതം സ്വീ കരിച്ച പൗഷ് മാസത്തിലെ ഏഴാം തീയ്യതി( ഡിസംബർ 21) ആണ് പൗഷ് മേളക്ക് ആധാരമായി വരുന്നത്. 1843 ൽ ആയിരുന്നു  ഇത്. പിന്നീട് 1891 ൽ ശാന്തിനികേതനിൽ സ്ഥാപിക്കപ്പെട്ട ബ്രഹ്മ മന്ദിരത്തിൻ്റെ വാർഷികവുമായി ബന്ധപ്പെട്ട് 1894 ഡിസംബർ 21 ന് ഒരു മേള സംഘടിപ്പിച്ച് . ഇതാണ് പൗഷ് മേളയുടെ ആദ്യരൂപം. പിന്നീടിങ്ങോട്ട് രബീന്ദ്ര സംഗീതത്തിൻ്റെ അകമ്പടിയിൽ വിവിധ തരം മേളകളും സംഗീത, നൃത്ത ,കലാപരിപാടികളുമായി എല്ലാ വർഷവും പൗഷ്മേള ഒരു മുടക്കവുമില്ലാതെ നടന്നു വരുന്നു. എന്നാൽ മൂന്നു പ്രാവശ്യം ഈ മേള മുടങ്ങിപ്പോയതായി രേഖപ്പെടുത്തുന്നു. 1943 ലെ ബംഗാൾ ക്ഷാമം, 1946 ആഗസ്ത് 16 ന് പ്രഖ്യാപിക്കപ്പെട്ട പ്രത്യക്ഷ കർമ്മ ദിനം അഥവാ ഗ്രേറ്റ് കൊൽക്കത്ത കില്ലിംഗ്സ്, കോവിഡ് - 19 മഹാമാരി  തുടങ്ങിയ കാരണങ്ങളാലാണിവ.
അനേകം പ്രതിഭാശാലികളായ കലാകാരന്മാരെ വാർത്തെടുത്ത ഭൂമികയിലാണ് ഞാൻ നിൽക്കുന്നത്. ഇതിൽ തന്നെ എത്രയോ മലയാളികളുമുണ്ട്. അതിൻ്റെ ഇങ്ങേ അറ്റത്തെ രണ്ട് കണ്ണികൾ മാത്രമാണ് ദീപകും അമ്മുവും .ഇനിയും എത്രയൊ  ആളുകൾ വരാനിരിക്കുന്നു.

ദീപക് വന്നതറിഞ്ഞ് അദ്ദേഹത്തിൻ്റെ കൂട്ടുകാരും എത്തി. അവരിൽ പലരും ഇവിടെ പഠിച്ചു കൊണ്ടിരിക്കുന്നവരാണ്. ഭൂരിഭാഗവും മലയാളികൾ. അമ്മുവും ഇവിടുത്തെ വിദ്യാർത്ഥിനിയാണ്. പ്രിൻറിങ്ങ് ടെക്നോളജിയാണ് അവളുടെ വിഷയം. ദീപക്   കൂട്ടുകാര്യമായി വിശേഷങ്ങൾ പങ്കുവെക്കുന്ന സമയത്ത് ഞങ്ങൾ കാഴ്ചകളിലേക്ക് തിരിഞ്ഞു. മനോഹരമായ കെട്ടിടങ്ങൾ പലതും പ്രകൃതിയോടിണങ്ങി  നിൽക്കുന്നവ. അതിലൊരെണ്ണത്തിൻ്റെ ചുമരുകൾ കറുപ്പിലും വെളുപ്പിലും വരഞ്ഞ ചിത്രങ്ങളാൽ  അലംകൃതമാണ്. മറ്റൊന്നിൽ ചുണ്ണാമ്പുകല്ലുകളും കക്കകളുടെ ഷെല്ലുകളും കൊണ്ട് നിർമ്മിച റിലീഫ് ചിത്രമാണ്. വളരെ നീളമുള്ള കളിമൺ പശ്ചാത്തലത്തിൽ ടൈലുകളുടെ കഷണങ്ങൾ ഒട്ടിച്ചു ചേർത്തുണ്ടാക്കിയ രൂപങ്ങളുള്ള കെട്ടിടവും കാണാം.  വ്യത്യസ്ഥ കലാവിഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ളവയാണാ കെട്ടിടങ്ങളൊക്കെയും .


വേനൽ കത്തി നിൽക്കുന്ന മാസമായതിനാൽ ശാന്തിനികേതൻ്റെ പ്രകൃതി ഹരിതാഭമായിരുന്നില്ല . പൊഴിഞ്ഞു വീണ ഉണങ്ങിയ ഇലകൾ കാലുകൾക്കടിയിൽ  ഞെരിഞ്ഞമരുന്ന ശബ്ദം വിരഹത വിളിച്ചോതുന്ന ഒരു ബംഗാളി ഗാനത്തിൻ്റെ പശ്ചാത്ത സംഗീതമെന്ന വണ്ണം  നിശബ്ദമായ അന്തരീക്ഷത്തെ  ഉലച്ചു കൊണ്ടിരുന്നു.  
കരിയിലകൾക്കു മേലെ ഉപേക്ഷിക്കപ്പെട്ട പൂർത്തിയായയതും അല്ലാത്തതുമായ ശില്പങ്ങൾ അനാഥത്വത്തിൻ്റെ വേദനയും പേറി.  അങ്ങിങ്ങായി ചിതറി കിടക്കുന്നുണ്ട്. ചൂടു നൽകിയ പ്രഹരം കാരണം. ഹ്രസ്വമായ ഒരോട്ട പ്രദക്ഷിണത്തിനു ശേഷം ഞങ്ങൾ  പടർന്നു നിൽക്കുന്ന ഒരു മരത്തിൻ്റെ തണലിൽ അഭയം പ്രാപിച്ചു..  ഇതുവരെയുള്ള യാത്രാ വിശേഷങ്ങളും,  അടുത്ത ദിവസത്തെ പരിപാടികളെ കുറിച്ചും സംസാരിച്ചിരിക്കുമ്പോൾ കൂട്ടുകാരെ യാത്രയയച്ച്  ദീപക്  തിരിച്ചെത്തി.

തുടരും.








Comments