ബംഗായനം
ശാന്തിനികേതനെന്ന സ്വപ്നഭൂമികയിലേക്ക് :
ശാന്തിനികേതൻ എന്ന പേരു കേൾക്കാത്ത, മഹാകവി രവീന്ദ്രനാഥ ടാഗോറിനെ അറിയാത്ത ആരെങ്കിലും ഈ ലോകത്തുണ്ടാകുവാൻ സാദ്ധ്യതയുണ്ടാവില്ല. കാരണം വിശ്വമഹാകവി രവീന്ദ്ര നാഥ ടാഗോർ ഈ ലോകത്തിന് നൽകിയ ഏറ്റവും വിശിഷ്ടമായ പ്രസ്ഥാനമാണ് ശാന്തിനികേതൻ. നമ്മുടെ നാടിൻ്റെ അഭിമാനം. ദൈവഭക്തർക്ക് മക്കയും, യെരുശലേമും, കാശിയുമെക്കെ എങ്ങിനെയാണൊ അതുപോലെ കലാകാരന്മാർക്കുള്ള ഒരു തീർത്ഥാടന കേന്ദ്രമാണ്. ശാന്തിനികേതൻ എന്ന് പറയാം. ശാന്തിനികേതനിൽ പഠിക്കാനാഗ്രഹിക്കാത്ത , ശാന്തിനികേതൻ ഒരിക്കലെങ്കിലും കാണണമെന്നാഗ്രഹിക്കാത്ത ചിത്രകാരന്മാർ ഇന്ത്യയിലുണ്ടാകുമോ എന്ന് സംശയമാണ്. ചിത്രശില്പകലയുടെ ആദ്യ പാഠങ്ങൾ മറ്റിടങ്ങളിൽ നിന്ന് സ്വായത്തമാക്കിയതിനു ശേഷം ഉപരിപഠനത്തിന് ശാന്തിനികേതൻ തെരഞ്ഞെടുക്കുന്നവരുടെ മനസ്സും വെറൊന്നായിരിക്കുവാൻ വഴിയില്ല. എൻ്റെ മനസ്സിലുമുണ്ടായിരുന്നു ശാന്തിനികേതനെന്ന സ്വപ്നഭൂമി.
കുത്തി വരക്കുന്നതിലുപരി വരയുടെ ഭംഗി ആസ്വദിക്കുന്നതായിരുന്നു ചെറുപ്പം മുതലുള്ള എൻ്റെ ശീലം. ചിത്രകല പ്രസ്ഥാനത്തെ കുറിച്ചോ , അത്തരമൊരു പാഠ്യപദ്ധതിയെ കുറിച്ചോ, പ്രദർശന ശാലകളെ കുറിച്ചോ നിറങ്ങളെ കുറിച്ചോ അറിവില്ലാതിരുന്ന ആ കാലത്ത് ഇതൊക്കെ വായനശാലയിൽ വരുന്ന മാതൃഭ്രമിയും ദേശാഭിമാനിയും, വാരാന്ത്യങ്ങളിൽ വല്യമ്മയുടെ വീട്ടിലെത്തുമ്പോൾ ലഭിക്കുന്ന കലാകൗമുദിയുമൊക്കെയായിരുന്നു.
അങ്ങിനെ ഈ പ്രസിദ്ധീകരണങ്ങളിലൂടെ നമ്പൂതിരിയും, മദനനും പി.എസ് കരുണാകരനുമൊക്കെ ഗുരുനാഥന്മാരായി. എന്നാൽ അവരുടെ ചിത്രങ്ങളിലെ രേഖകളുടെ ഒഴുക്കും, ശൈലീ ഭേദങ്ങളും ഭാവതലങ്ങളും ആസ്വദിക്കുക എന്നതിലുപരി പകർത്തിയെഴുതുവാൻ ശ്രമിച്ചിരുന്നില്ലഎന്നതാണ് സത്യം. ഇങ്ങിനെ വ്യത്യസ്തരായ കലാകാരന്മാരുടെ സൃഷ്ടികളുടെ ആസ്വാദനകാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന വേളയിലാണ് പത്താം തരം പാസാകുന്നത്. അപ്പഴും വരക്കുവാനുള്ള ശ്രമം ആരംഭിച്ചില്ല. മനസ്സിന് ഏറ്റവും ഇഷ്ടവും കൗതുകവും തോന്നിയ ചിത്രങ്ങൾ ശേഖരിച്ചു വെക്കുക മാത്രം ചെയ്തു കൊണ്ടിരുന്നു.
അങ്ങിനെ ദിവസങ്ങൾ പോകവെ ഒരു ദിനം മലയാള മനോരമ ദിനപത്രത്തിൻ്റെ ഉൾത്താളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ക്ലാസ്സിഫൈഡ് പരസ്യങ്ങളിലൊന്നിൽ കണ്ണുടക്കി. ചിത്രകലാപഠനത്തിന് പുതിയ ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പായിരുന്നു അത്. ചിത്രകല പഠിക്കുവാനുള്ള താൽപര്യം അറിയിച്ച് അറിയാവുന്ന ഇംഗ്ലീഷ് ഭാഷയിൽ ഒരു പോസ്റ്റ് കാർഡ് അയച്ചു നോക്കി. അധികം വൈകാതെ അതിന് അപേക്ഷാ ഫോറം സഹിതം മറുപടിയും വന്നു. അപേക്ഷ പൂരിപ്പിച്ചയച്ച് ഒരു മാസം കഴിഞ്ഞപ്പോൾ ഇൻ്റർവ്യൂവിന് നേരിട്ട് ഹാജരാകാനുള്ള അറിയിപ്പ് ലഭിച്ചുവെങ്കിലും അറിയാത്ത നാട്ടിലേക്ക് അത്രയും ദൂരം സഞ്ചരിക്കുവാനുള്ള സാമ്പത്തിക ചിലവും ചിത്രകല പഠനത്തേക്കുറിച്ചുള്ള അറിവില്ലായ്മയും വീട്ടുകാർ എൻ്റെ ആഗ്രഹത്തെ കറുത്ത പുതപ്പിട്ടു മൂടിക്കളഞ്ഞു. അങ്ങിനെ ഞാനൊരു കൊമേഴ്സ് വിദ്യാർത്ഥിയായി കണക്കിൻ്റെയും കച്ചവടത്തിൻ്റെയും വിരസമായ ലോകത്തേക്ക് വലിച്ചെറിയപ്പെട്ടു. പക്ഷെ കാലം എനിക്കു വേണ്ടി കാത്തു വെച്ചത് ബ്രഷുകളും ചായങ്ങളും തന്നെയായിരുന്നു. സാഹചര്യങ്ങൾ അക്കാദമിക് പഠന സാദ്ധ്യതകൾക്ക് മങ്ങലേൽപ്പിച്ചുവെങ്കിലും, സ്വയം പഠനത്തിൻ്റെ ഈ വേളയിൽ, സ്വയം കണ്ടെത്തുവാനുള്ള ഈ യാത്രയിൽ പശ്ചിമ ബംഗാൾ തിരഞ്ഞെടുക്കുവാനുള്ള കാരണം എൻ്റെ മനസ്സിൽ എന്നോ പാറപോലുറച്ചു പോയ ശാന്തിനികേതൻ എന്ന സ്വപ്നം തന്നെയാണ്. ഞാനിപ്പോൾ നിൽക്കുന്നത് ആ പുണ്യ ഭൂമിയിലാണ്. എൻ്റെ സ്വപ്നഭൂമികയിലാണ്. ശാന്തി നികേതൻവിശേഷങ്ങളുമായി
വൈകാതെ മടങ്ങിവരാം.
Comments
ഭാവചാരുതയും
ആവോളമുണ്ട്.
ഇത്തരംആത്മായനകഥനക്കുറിപ്പുകളാണ് ഇന്ന് വേണ്ടത്...... തുടരുക.. ആശംസകൾ!!🙏🌹👍