നീ കാഫിറാണ്

ലോകമൊട്ടാകെ സഞ്ചരിച്ചാലും, മഹനഗരങ്ങളിൽ രാപാർത്താലും , ശാസ്ത്രത്തിൻ്റെയും, സാങ്കേതികതയുടെയും സാദ്ധ്യതകളുപയോഗപ്പെടുത്താതെ ഒരു നിമിഷം പോലും ജീവിക്കുവാനാവില്ലെന്ന  പരമബോദ്ധ്യമുണ്ടെങ്കിൽ പോലും മതാന്ധതയുടെ ഇരുളിലഭയം തേടുവാനുള്ള കേവല മനുഷ്യ വാഞ്ജയ്ക്ക് ഒരറുതിയുണ്ടാകില്ലെന്നു വേണം കരുതുവാൻ. അങ്ങിനെയൊരു കാലം സമാഗതമാകണമെങ്കിൽ ബോൺസായികളാക്കപ്പെടുവാൻ വിധിക്കപ്പെട്ട പുതു തലമുറയെ  ശാസ്ത്രത്തിൻ്റെയും യുക്തിബോധത്തിൻ്റെയും വിശാല ലോകത്തെത്തിക്കുവാനുമുള്ള ആർജ്ജവത്വം നമുക്കുണ്ടാകണം.

അറിവെന്നത്  വായനയിലൂടെയും കാഴ്ച, ശ്രാവ്യ പ്രക്രിയയിലൂടെയും നമ്മിലെത്തുന്ന വിവരങ്ങൾ മാത്രമല്ലെന്നും , അതൊരനുഭവമാണെന്നും, അപഗ്രഥനത്തിലൂടെ മാത്രമെ നമ്മുടെ മുന്നിലെത്തുന്ന വിവരങ്ങളെ ഉൾക്കൊള്ളുവാനും ഉപയോഗിക്കുവാനും പാടുള്ളുവെന്നും നാം സ്വയം മനസ്സിലാക്കുകയും, അവർക്കത് മനസ്സിലാക്കി കൊടുക്കുകയും ചെയ്യേണ്ടതുണ്ട്.
രസപ്രധാന കലാരൂപങ്ങളിലൂടെയും, സാഹിതീരൂപങ്ങളിലൂടെയും നാമിത് പ്രാവർത്തികമാക്കുവാൻ ശ്രമിക്കുകയും വേണം. എന്നാൽ സമീപകാലത്ത് സാഹിത്യാദി കലകളും, ആധുനിക ശാസ്ത്ര സാങ്കേതികവിദ്യകളും യുക്തിഹീനമായ മതാചാര , മനുഷ്യത്വഹീന കാര്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യപ്പെടുന്ന കാഴ്ച്ചകളാണ് നമുക്കു ചുറ്റും കാണപ്പെടുന്നത്.

ഇരകളാക്കുവാൻ ഏറ്റവും ഏളുപ്പം കുഞ്ഞുങ്ങളാണ്. ആ ബോദ്ധ്യമുള്ളതു കൊണ്ടാണ്  വളരെ ചെറുപ്പം മുതൽ തന്നെ  മതബോധത്തിൻ്റെയും വർഗ്ഗീയതയുടെയും വിഷസൂചികൾ അവർക്ക്  നേരെ ഉയരുന്നത്. മറിച്ചാണ് ചെയ്യപ്പെടുന്നതെങ്കിൽ ആരോഗ്യമുള്ള ഒരു തലമുറ വാർത്തെടുക്കപ്പെടുകയും അടിമകളാക്കപ്പെടേണ്ടവർക്ക് വംശനാശം സംഭവിക്കുകയും ചെയ്യും. അതുകൊണ്ട്  മത ബോധനങ്ങൾക്ക് ശാസ്ത്രീയ പരിവേഷം നൽകി കുടുംബസദസ്സുകളിലേക്ക് വിപണനം ചെയ്തു കൊണ്ടിരിക്കപ്പെടുന്നു. പല കാരണങ്ങളാൽ നാമിത് കണ്ണടച്ചനുവദിക്കുകയും ചെയ്യുന്നു.

സമീപകാലത്തുണ്ടായ രണ്ടു നേരനുഭവങ്ങളാണ് ഈ എഴുത്തിനാധാരം. ക്രിസ്തുമസ് പുതുവത്സര ദിനത്തോടനുബന്ധിച്ച് ഞാൻ ഡ്രോയിംഗ് ക്ലാസ്സെടുക്കുന്ന വിദ്യാലയത്തിലൊരു കളി സംഘടിപ്പിച്ചു. ഒരോരുത്തരും അവർക്കിഷ്ടപ്പെട്ട സഹപാഠിയുടെ പേരെഴുതിയ തുണ്ടു കടലാസ് മടക്കി ഒരു പാത്രത്തിലിടണം. ഇതൊരു നറുക്കെടുപ്പ് പരിപാടിയാണ്. നറുക്കെടുത്ത വിദ്യാർത്ഥി താനെടുത്ത നറുക്ക് തുറന്ന് അതിലുള്ള പേരുകാരന് സമ്മാനം നൽകണം. രഹസ്യ സ്വഭാവമുള്ളതിനാൽ സമ്മാനാർഹൻ്റെ പേര്  അദ്ധ്യാപകനോടല്ലാതെ  വേറെ  ആരോടും വെളിപ്പെടുത്തുകയും ചെ യ്യരുത്.   ചിലപ്പോൾ ഒരാൾക്ക് ഒന്നിലധികം സമ്മാനങ്ങൾ ലഭിച്ചെന്നും വരും. സീക്രട്ട് സാന്ത എന്നു പേരിട്ട ഈ പരിപാടയിൽ പങ്കെടുത്ത ഒരു കുട്ടിക്ക് തൻ്റെ സഹപാഠിക്കു സമ്മാനം വാങ്ങി നൽകുവാൻ അവരുടെ അമ്മ സമ്മതം നൽകിയില്ല. അതിനു കാരണമവർ കുട്ടിയോട് പറഞ്ഞത് നമ്മൾ ഹിന്ദുക്കളാണെന്നും ആ പരിപാടി ക്രിസ്ത്യൻ സമൂഹവുമായി ബന്ധപ്പെട്ടതാണെന്നുമാണ്. കുട്ടിയുടെ സങ്കടമുൾക്കൊണ്ട അവരുടെ അച്ഛൻ അമ്മയറിയാതെ സമ്മാനം വാങ്ങുന്നതിനുള്ള തുക സ്ഥാപന മേധാവിക്കയച്ചു കൊടുത്തു.
അടുത്ത സംഭവം ഇതാണ്. ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണൻ്റെ രൂപം ഞാൻ ബോർഡിൽ വരച്ചു. എന്നാൽ ക്ലാസ്സിലെ ഒരാൾ മാത്രം ആ ചിത്രം വരക്കാൻ തയ്യാറായില്ല. കാരണം അവൾ ക്രിസ്തീയ വിശ്വാസി ആണ്. അടുത്ത ദിവസം ക്ലാസ്സിൽ വരുമ്പോൾ ആ ചിത്രവുമായി  വന്നാൽ മതിയെന്ന് പറയേണ്ടി വന്നു. നോക്കൂ ഈ കുട്ടികളുടെ പ്രായം പത്തു വയസിനു താഴെയാണ്!!!.

നിർദ്ദോഷമെന്നും, അവർ കുട്ടികളാണെന്നും മുതിരുമ്പോൾ അവരിതൊക്കെ തിരുത്തിക്കൊള്ളുമെന്നും കേവല യുക്തിക്കു വേണ്ടി വാദിക്കാമെങ്കിലും എങ്ങിനെ ഈ ചിന്ത നമ്മുടെ കുട്ടികളിലെത്തി എന്ന് നാം ചിന്തിക്കേണ്ടതുണ്ട്.. അതിനു കാരണം രക്ഷിതാക്കളും, നമ്മുടെ സമൂഹവും മാധ്യമങ്ങളുടെ ദുരുപയോഗവുമല്ലെ?. വളരെ ചെറുപ്പത്തിൽ തന്നെ അന്ത:സത്ത അറിയാതെ മതശാസനങ്ങൾ എന്ന പേരിൽ വർഗ്ഗീയതയും പകയും, വിദ്വേഷവും ഇളം തലമുറയിൽ കുത്തിവെക്കപ്പെടുന്നത് കൊണ്ടല്ലെ ഇത്തരം അനുഭവങ്ങൾക്ക് നാം സാക്ഷിയാകേണ്ടി  വരുന്നത്. നമ്മൾ ജാഗ്രത പാലിച്ചെ മതിയാകു. അല്ലെങ്കിൽ കാലഹരണപ്പെട്ട വിശ്വാസങ്ങളുടെ ബലിയാടുകളാകേണ്ടി വരും നാമോരുരുത്തരും.

____ ചന്ദ്രൻ മൊട്ടമ്മൽ____

Comments

Popular posts from this blog

ബംഗായനം

ബംഗായനം