ബംഗായനം

കൂടുമാറ്റം :

കുറച്ചുകൂടി സൗകര്യമുള്ള വീട്ടിലോട്ട് മാറാനുള്ള ശ്രമത്തിലാണ് ദീപകും ആര്യയും . വീട് കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. ബോൽ പൂരിലേക്ക് തിരിക്കുന്നതിന് മുൻപു തന്നെ ഈ വിവരം ഞങ്ങളെ അവർ അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ താമസിക്കുന്ന സ്ഥലത്തു നിന്ന്  മാറി ശാന്തിനികേതന് തൊട്ടടുത്ത് തന്നെയാണ് പുതിയ വീട് ലഭിച്ചിരിക്കുന്നത്. വീടു മാറുവാൻ തീരുമാനിച്ച ദിവസമായിരുന്നു ബോൽ പൂർ വിടാൻ ഞങ്ങൾ തീരുമാനിച്ചിരുന്നതും. എന്നാൽ നാലുദിവസം ഞങ്ങൾക്ക് താമസവും വാഹനവുമടക്കം എല്ലാ സൗകര്യവും  നൽകി സഹായിച്ചവരെ ഉപേക്ഷിച്ചു പോകുവാൻ ഞങ്ങൾക്കാവുമായിരുന്നില്ല. അതുകൊണ്ട് ബോൽപൂർ വിടുവാനുള്ള തീരുമാനം ഒരു ദിവസത്തേക്ക് നീട്ടി. രണ്ടു ദിവസത്തെ കൊൽക്കത്ത, ഹൗറ സന്ദർശനത്തിനു ശേഷം കേരളത്തിലേക്കുള്ള യാത്രയും തീരുമാനിച്ചു. കേരളത്തിലേക്കോ ഞങ്ങൾ ബംഗാളിലേക്ക് യാത്ര തിരിച്ച ചെന്നൈയിലേക്കോ ട്രെയിൻ ടിക്കറ്റ് ലഭ്യമായിരുന്നില്ല. ലോക്കൽ ട്രെയിനുകൾ പിടിച്ച് നാട്ടിലേക്കു തിരിച്ചാൽ അഞ്ച് ദിവസമെങ്കിലുമെടുക്കുകയും ചെയ്യും നാട്ടിൽ എത്തിച്ചേരുവാൻ. അതുകൊണ്ട് കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്ക് വിമാന മാർഗ്ഗം പോകുവാനുള്ള ടിക്കറ്റുകൾ ബുക്കു ചെയ്തു. ഒരു ദിനം കൂടി പൊഴിഞ്ഞു വീണു.

ഇന്നത്തെ ദിവസം കൂടുമാറ്റമാണ്. സാധന സാമഗ്രികൾ ഒക്കെ കെട്ടിപ്പെറുക്കി വെച്ചു. സ്കൂട്ടറിൽ കൊണ്ടുപോകാൻ സാധിക്കുന്നവയൊക്കെ ദീപക് ആ വഴിക്ക് മാറ്റി, അല്ലാത്തവ കൊണ്ടുപോകുന്നതിന് ഒരു ടോട്ടോ പറഞ്ഞു വെച്ചിരുന്നു. സാധന സാമഗ്രികൾ ഓരോന്നായി മുകളിലത്തെ 'നിലയിൽ നിന്നും താഴോട്ടിറക്കി  വെച്ചു കൊണ്ടിരുന്നു. അര മണിക്കൂറിനുള്ളിൽ  ടോട്ടോ എത്തിച്ചേർന്നു. താഴെയെത്തിച്ച സാധനങ്ങൾ ടോട്ടോയിൽ കയറ്റി വെച്ചു. ഞാൻ മുൻ സീറ്റിലും  വിപിൻ പിൻസീറ്റിൽ സാധനങ്ങൾക്കിടയിൽ ഒതുങ്ങിയിരിക്കുകയും ചെയ്തു.

ട്ടോട്ടോക്കാരന് ചെല്ലേണ്ട ഇടത്തിലേക്കുള്ള വഴി പറഞ്ഞു കൊടുത്ത ശേഷം. ദീപക് സ്കൂട്ടറിൽ മുൻപേ യാത്രയായി. ഗട്ടറുകളില്ലാത്ത നിരപ്പായ നിരത്തുകളിൽ  ആറ് പേർക്ക് വരെ ഇരിക്കാവുന്ന തരത്തിൽ രൂപകല്പന ചെയ്ത വൈദ്യുതയാത്രാവാഹനമാണ് ടോട്ടോ. ചരക്കുനീക്കത്തിന് ഇത് ഒട്ടും അനുയോജ്യമോ നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഓട്ടോറിക്ഷകളുടെ സുരക്ഷിതത്വമോ ഇതിനില്ല എന്നതാണ് സത്യം. അനിയന്ത്രിതമായ ഭാരം കയറ്റൽ ഇതിൻ്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിന് കാരണമാകും. എന്നാൽ ഇത്തരം വാഹനങ്ങൾ മാത്രമെ കൂടുതലായും ഇവിടെ കണ്ടുള്ളൂ. മുച്ചക്ര ,നാൽചക്ര ചരക്ക് വാഹനങ്ങൾ അപൂർവ്വമായിട്ടു മാത്രമെ  ഇത്രയും ദിവസത്തെ താമസത്തിനിടയിൽ കാണാൻ സാധിച്ചിരുന്നുള്ളു... സൈക്കിൾ റിക്ഷകളോ,ലൂണ പോലുള്ള ഇരു ചക്ര വാഹനങ്ങളോ വ്യത്യാസം വരുത്തി നീളവും,വീതിയും  കൂടിയ പ്ലാറ്റ്ഫോമുകൾ ഘടിപ്പിച്ച വാഹനങ്ങളാണ് മുഖ്യമായും ചരക്കു നീക്കങ്ങൾക്കായി ഇവിടെ ഉപയോഗിക്കുന്നത്  കണ്ടത്.
.

ടോട്ടോ ഗെയിറ്റ് കടന്ന് മുന്നോട്ടുരുണ്ടു നീങ്ങി.അപ്രതീക്ഷിതമായി ടോട്ടോ  ഒന്നുലഞ്ഞു. അത് പതിയെ ഇടത് വശത്തോട്ട് ചെരിഞ്ഞു.  ഡ്രൈവറുടെ വലതു വശത്തിരുന്നിരുന്ന ഞാൻ കമ്പിയിൽ പിടിച്ച് പുറത്തേക്ക്  ചാടിയിറങ്ങി. ഡ്രൈവറെ പുറത്തിറങ്ങുവാൻ സഹായിച്ചു. കുത്തി നിറച്ച സാധനങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു വിപിൻ. രണ്ടു പേർ ശ്രമിച്ചാൽ ടോട്ടോ ഉയർത്തുവാൻ സാധിക്കുമായിരുന്നില്ല. സഹായം ചോദിക്കുവാൻ പരിസരത്തും ആരുമുണ്ടായിരുന്നില്ല. ആലോചിച്ചു നിൽക്കാതെ വിപിൻ്റെ മേൽ വീണുകിടക്കുന്ന സാധനങ്ങൾ ഞങ്ങൾ മാറ്റിത്തുടങ്ങി. ഏറ്റവും അടിയിലായിരുന്നു അവൻ. ഒടുവിൽ വിപിനെ പുറത്തെത്തിച്ചു. കമ്പിക്കും സാധനങ്ങൾക്കുമിടയിൽ കുടുങ്ങി അവൻ്റെ ഇടത് കൈക്കുഴക്ക് പരിക്കു പറ്റിയിരുന്നു. എങ്കിലും അതു വകവെക്കാതെ ടോട്ടോ നിവർത്തി വെക്കുവാൻ ഞങ്ങളെയവൻ സഹായിച്ചു. ദീപക്കിനെ വിളിച്ച് വിവരം പറഞ്ഞതിന് ശേഷം ഇറക്കി വെച്ചും തെറിച്ചു വീണതുമായ സാധനങ്ങൾ ഞങ്ങളോരോരുത്തരായി വീണ്ടും ടോട്ടോയിൽ കയറ്റി വെച്ചു.

തുടരും

Comments

Popular posts from this blog

നീ കാഫിറാണ്

ബംഗായനം

ബംഗായനം