ബംഗായനം

  കൊൽക്കത്തയുടെ കവാടത്തിൽ:

കുളി നൽകിയ സുഖാലസ്യത്തിൽ നന്നായൊന്നുറങ്ങിയെഴുന്നേറ്റപ്പോഴേക്കും യാത്രാ ക്ഷീണമൊന്നടങ്ങി. വീണ്ടും വിസ്തരിച്ചൊരു കളി നടത്തി പുറത്തേക്ക് പോകാനായി ഒരുങ്ങി. ഹോട്ടലിൻ്റെ താഴത്തെ നില ബാർ ആണ്. ഒരു ഡാൻസ് ബാറും ഇതിനനുബന്ധമായി പ്രവർത്തിക്കുന്നുണ്ട്. നഗരം രാത്രിയെ വരവേൽക്കാനൊരുങ്ങി കഴിഞ്ഞിരിക്കുന്നു.

വല്ലതും കഴിച്ചിട്ടാവാം രാത്രി സഞ്ചാരം എന്ന് തീരുമാനിച്ച് തെരുവിലൂടെ പതിയെ നടന്നു. ഒരു സൗത്ത് ഇന്ത്യൻ ഡിഷ് ആണ് ലക്ഷ്യം. ഹോട്ടൽ അന്വേഷിച്ച് അങ്ങുമിങ്ങും നോക്കി നടക്കുമ്പോൾ ഒരു ഹോട്ടലിൻ്റെ പേര് കൗതുകം ജനിപ്പിച്ച് ദൃഷ്ടിപഥത്തിലെത്തി. "ഹിന്ദു ഹോട്ടൽ ". പല സ്ഥലങ്ങളിലേക്കും സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും ഒരു ഹോട്ടലിൻ്റെ പേര് ഇത്തരത്തിൽ എവിടെയും കണ്ടിരുന്നില്ല. ഇംഗ്ലീഷ് ദിനപത്രമായ "ദി ഹിന്ദു " മാത്രമാണ് ഇതിനൊരപവാദമായി ഒരു പൊതു സംരഭത്തിന് കണ്ടത്. ഹിന്ദു ഭക്ഷണം പിന്നീടൊരിക്കലാവാം എന്ന് തീരുമാനിച്ച്  മുന്നോട്ട് നടന്നപ്പോൾ ഒരു  തമിഴ് മൊഴി കാതിലെത്തി. ഹാ !!!....ആശ്വാസം.
ഹോട്ടലിനകത്ത് ഹൗറയിലെയും കൊൽക്കത്തയിലേയും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ഫോട്ടോകൾ ചില്ലിട്ടു വെച്ചിട്ടുണ്ട്. അതൊരുപാകാരമായി എന്ന് പറയേണ്ടതില്ലല്ലോ?.... ആരോടും ചോദിക്കാതെ തന്നെ അടുത്ത ദിവസങ്ങളിൽ സന്ദർശിക്കേണ്ട ഇടങ്ങളുടെ ഒരേകദേശരൂപം അങ്ങിനെ ലഭിച്ചു. കൗണ്ടറിലുണ്ടായിരുന്ന അണ്ണൻ്റെ സഹായവും ഇക്കാര്യത്തിൽ ലഭിച്ചു.

തമിഴ് നാട്ടുകാരായ ഇവിടുത്തെ താമസക്കാരുടെ ഒരിടത്താവളമാണീ ഹോട്ടൽ എന്ന് വേണമെങ്കിൽ പറയാം. ഹോട്ടൽ മുതലാളി തമിഴനാന്നെങ്കിലും തമിഴ്നാടുമായി അദ്ദേഹത്തിന് വലിയ ബന്ധമൊന്നും ഇപ്പോൾ നിലവിലില്ല. അദ്ദേഹത്തിൻ്റെ അച്ഛൻ വർഷങ്ങൾക്ക് മുൻപ് തുടങ്ങിയതാണിത്. അതുകൊണ്ടു തന്നെ ഇദ്ദേഹം ജനിച്ചതും വളർന്നതുമൊക്കെ ഹൗറയിലാണ്. അച്ഛൻ്റെ മരണശേഷം ഹോട്ടൽ നടത്തിപ്പ് മകനായ ഇദ്ദേഹത്തിലേക്ക് വന്നു ചേരുകയായിരുന്നു.

ഹോട്ടലിൽ നിന്നിറങ്ങി നേരെ നടന്നെത്തിയത് ഹൗറ ബസ്സ് സ്റ്റാൻ്റിന് സമീപത്താണ്. ഗംഗാ നദിയുടെ ഒരു കുറുകെ ഒരു കാൽ കൊൽക്കത്തയിലും മറ്റെ കാൽ ഹൗറയിലും  വെച്ച് ഹൗറ പാലം രാക്ഷസാകാരം പൂണ്ട് ഉയർന്നു നിൽക്കുന്നു. അലങ്കാര ദീപങ്ങൾ അതിമനോഹരമാക്കിയ പാലത്തിൻ്റെ പ്രതിബിംബം ഗംഗാ നദിയുടെ ഒഴുക്കിൽ ഇളകിയാടിക്കളിക്കുന്നുണ്ട്. മുഴുവനായും ഉരുക്കിൽ തീർത്ത ഹൗറ പാലത്തിൻ്റെ നീളം ഏകദേശം മുക്കാൽ കിലോമീറ്ററാണ്. പതിനായിരക്കണക്കിന് വാഹനങ്ങൾ ദിനേന ഈ പാലത്തിലൂടെ കൽക്കത്തയിലേക്കും തിരിച്ചും 24 മണിക്കൂറും ചീറിപ്പായുന്നു. പാലത്തിലൂടെ നടന്ന് മറുകര വരെ പോകുവാൻ ഞങ്ങൾ തീരുമാനിച്ചു. ധാരാളം ആൾക്കാർ ഗംഗാനദിയെ തഴുകിയെത്തുന്ന കാറ്റേറ്റ് കാഴ്ചകൾ കാണുകയും ഉറങ്ങുകയുമൊക്കെ ചെയ്യുന്നു. തിരക്കുകളും ബഹളവുമൊന്നും അവർ അറിയുന്നേയില്ല. അത്ഭുതമൂറുന്ന കണ്ണുകളോടെ പാലത്തിൻ്റെ ഭംഗി ആസ്വദിച്ചു നടക്കവെ പാലത്തിൻ്റെ കൈവരി പിടിച്ച് ഞാൻ താഴോട്ടു നോക്കി. പാലത്തിലേത് പോലെ നദിയിലും ഗതാഗതത്തിരക്കു തന്നെ.
വിനോദസഞ്ചാരികളെയും വഹിച്ചു കൊണ്ടുപോകുന്ന ബോട്ടുകളും നൗകകളും യാനങ്ങളും ചെറു കപ്പലുകളും നദിയെ  തിരക്കുള്ളൊരു പാതയാക്കി മാറ്റിയിരിക്കുന്നു. ഹൗറ പോർട്ടിൻ്റെ ഒരു കടവ് പാലത്തിനു സമീപത്ത് തന്നെയാണ്. നദിയുടെ ഇരു വശങ്ങളിലുമുള്ള സ്നാനഘട്ടങ്ങളിൽ ദീപങ്ങൾ തെളിഞ്ഞു നിൽപ്പുണ്ട്. ഞങ്ങൾ പാലത്തിലൂടെ മറുകര വരെ നടന്നെത്തി. ഇതാ മലയാളിയുടെ മനസ്സിൽ എന്നും ഗൃഹാതുരത്വമുണർത്തുന്ന കൊൽക്കത്താ നഗരം തൊട്ടടുത്ത്. ഹൃദയം ത്രസിച്ചു.

തുടരും.


Comments

Popular posts from this blog

നീ കാഫിറാണ്

ബംഗായനം

ബംഗായനം