ഇരകൾ

     
  മഹാനഗരപാലികയിലെ തിരക്കുകൾക്ക് സജീവത കൈവരുന്നതിന് മുൻപ്  പ്രവർത്തി സ്ഥലത്തെത്തിച്ചേരുവാനുള്ള തിടുക്കത്തിലായിരുന്നു ഞാൻ. ആദ്യ ദിനം റാപ്പിഡൊ സേവനം സ്വീകരിച്ചെങ്കിലും തുടർ ദിനങ്ങളിൽ ഇതഭികാമ്യമായി തോന്നിയില്ല കാരണം അരമണിക്കൂർ യാത്രക്ക് 750 രൂപയോളം ചിലവിടേണ്ടി വരും. പൊതുഗതാഗതം ഉപയോഗപ്പെടുത്തിയാൽ പോക്കുവരവ്  അൻപത് രൂപയിലൊതുങ്ങും. ശീതീകരിച്ച ബസ്സിലാണെങ്കിൽ നൂറു രൂപയും. പക്ഷെ നമ്മുടെ സമയം ക്രമപ്പെടുത്തേണ്ടിവരുമെന്ന് മാത്രം

നഗരയാത്രയിൽ നമ്മളെ ഏറെ സഹായിക്കുന്ന ഒന്നാണ് ബസ്സുകളുടെ ക്രമനമ്പറുകൾ. ഏത് സ്ഥലത്താണോ നമുക്കെത്തേണ്ടത് ആ നമ്പർ പ്രദർശിപ്പിച്ചിരിക്കുന്ന ബസ്സുകളിൽ കയറിയാൽ മതി. എന്നാൽ ഇതേ സ്ഥലത്തേക്കു തന്നെ പല വഴികളിലൂടെ സഞ്ചരിച്ചെത്തുന്ന ബസ്സുകൾക്ക് നമ്പറിൽ ആംഗലേയാക്ഷരങ്ങൾ കൂടെ ചേർത്തിട്ടുണ്ടാകും. ഇതും ബസ്സുകൾ തിരിച്ചറിയുവാൻ സഹായിക്കുന്നു. നിർഭാഗ്യവശാൽ സൈറ്റ് സന്ദർശനത്തിന് ഓൺലൈൻ റാപ്പിഡൊ സേവനം സ്വീകരിച്ചതിനാൽ  ആ പ്രദേശത്തേക്കുള്ള ബസ്സ് നമ്പർ ഞാനറിഞ്ഞു വെച്ചിരുന്നില്ല. ഇതൊരു ചെറിയ ആശങ്കയ്ക്ക് വഴിവെച്ചെങ്കിലും കന്നഡ ഭാഷ എഴുതാനും വായിക്കുവാനും പഠിച്ചു വെച്ചതിനാൽ ഭയം തോന്നിയില്ല.

ബനശങ്കരിയിലാണ് എനിക്കെത്തേണ്ടത്. മലയാളികൾ ഏറ്റവും കൂടുതലുള്ള മഡിവാളയിലൊ സിൽക് ബോർഡിലൊ ഇറങ്ങിയാൽ എനിക്കുള്ള ബസ് ലഭിക്കുമെന്നറിയാം. ഇതു പ്രകാരം സിൽക് ബോർഡ് മേൽപാലം കടന്ന് മഡിവാളയിലെ ആദ്യ സ്റ്റോപ്പിൽ ഇറങ്ങി. ബസ് ലഭിക്കുക റോഡിന് മറുവശത്തായിരിക്കും എന്ന ധാരണയിൽ സുരക്ഷിതമായി മറുവശത്തെത്തുന്നതിനുള്ള ക മേൽപ്പാലം കടന്ന്  മറുവശത്തെത്തി. പലരോടും ചോദിച്ചെങ്കിലും ആരും കൃത്യമായ മറുപടിയല്ല തരുന്നത്. ആകെ ആശങ്കയിലായി കാരണം നഗരത്തിരക്കുകൾ വർദ്ധിച്ചു തുടങ്ങിയിരിക്കുന്നു. ഇനി വൈകിയാലുള്ള ഫലമെന്നത് ഉച്ചക്ക് പന്ത്രണ്ട് മണിയായാലും ചിലപ്പോൾ ജോലി ചെയ്യാനുള്ള സ്ഥലത്തെത്തണമെന്നില്ല എന്നതാണ്.

തലങ്ങും വിലങ്ങും ഞാൻ നടക്കുന്നതും പലരോടും വിവരം തിരക്കുന്നതും മുഷിഞ്ഞുനാറിയ വസ്ത്രധാരണം ധരിച്ച ഒരു യുവാവ് കാണുന്നുണ്ടായിരുന്നു. സമീപകാലത്തൊന്നും കക്ഷി വെള്ളം കണ്ടിട്ടില്ലെന്ന് അടുത്തു വന്നപ്പോഴുണ്ടായ ദുർഗന്ധത്തിൽ നിന്ന് മനസ്സിലായി. ലഹരി ഉപയോഗത്തിൻ്റെ ലക്ഷണങ്ങൾ ആ മുഖത്ത് തെളിഞ്ഞു നിൽപ്പുമുണ്ട്.
"ഞാൻ സഹായിക്കാം " ശുദ്ധ മലയാളത്തിൽ അയാൾ മൊഴിഞ്ഞു. "പാലം കടന്ന് അപ്പുറത്ത് പോയി ഇത്ര നമ്പർ ബസ്സിൽ പോയാൽ മതി ". യഥാർത്ഥത്തിൽ ഞാനിറങ്ങിയ സ്റ്റോപ്പിൽ തന്നെയായിരുന്നു എനിക്കുള്ള ബസ്സ് വരിക എന്ന് അപ്പഴാ ണെനിക്ക് മനസ്സിലായത്.
നന്ദി വാചകം ചൊല്ലി മേൽപ്പാലത്തിനടുത്തേക്ക് നീങ്ങവെ അയാൾ വീണ്ടും പിറകെ കൂടി. നൂറുരൂപ വേണം കക്ഷിക്ക്. കാശ് തരില്ല വേണമെങ്കിൽ ഭക്ഷണം മേടിച്ചു തരാമെന്നു പറഞ്ഞപ്പോൾ അത് സമ്മതമല്ല കാശുതന്നെ വേണമെന്നായി. സ്വരം മാറ്റി അല്പം കർക്കശമായി പെരുമാറിയെങ്കിലും കക്ഷി വിടുന്ന മട്ടില്ല. ഒടുവിൽ കീശയിൽ കാരില്ലെന്ന് പറഞ്ഞു നോക്കി. സത്യം പറഞ്ഞാൽ കീശ കാലിയായിരുന്നുവെന്നതാണ് യാഥാർത്ഥ്യം. അതിനും അയാൾക്ക് പോംവഴി ഉണ്ടായിരുന്നു.
"ഫോൺ പേ  ചെയ്താൽ മതി "
ആശ്ചര്യത്തോടെ ഞാനയാളെ നോക്കുമ്പോൾ ദേ ഫോൺ പേയുടെ QR കോഡും പിടിച്ചയാൾ നിൽക്കുന്നു. ഇത്ര പെട്ടെന്ന് ഇതെവിടെ നിന്നയാൾ  ഒപ്പിച്ചു എന്ന് ആലോചിച്ചു തിരിഞ്ഞു നോക്കുമ്പോൾ തൊട്ടടുത്ത്  കുടിവെള്ളം വിൽക്കുന്ന തമിഴത്തി എന്താണ് സംഭവിക്കുന്നതെന്നറിയാതെ അന്ധാളിച്ചു നിൽക്കുന്നതാണ് കണ്ടത്.
അപ്പോൾ സംഭവമതാണ്. തമിഴത്തിയുടെ QR കോഡ് ചൂണ്ടിയതാണ്.
" ഇതിലയച്ചാൽ മതി ഞാനവരോട് വാങ്ങിച്ചോളാം" അയാൾ മുരണ്ടു .
ഒരു വെള്ളമെടുത്ത് പൊട്ടിച്ച് അയാൾക്ക് നൽകി ഇതിൽ കൂടുതലൊന്നും ചെയ്യില്ലെന്ന് പറഞ്ഞ്. വെള്ളത്തിൻ്റെ കാശ് കൊടുത്ത് ഞാൻ മേൽപാലം കടന്നു രക്ഷപ്പെട്ടു.

ജീവിത ദുരിതങ്ങളും , കടമകളും, സ്വപ്നങ്ങളും മുൻനിർത്തിയാണ് മുൻകാലങ്ങളിൽ നമ്മുടെ നാട്ടിൽ നിന്ന് വിദേശത്തേക്കോ അന്യനാടുകളിലേക്കോ  പോയിരുന്നതെന്ന് നമുക്കറിയാം. ഇന്ത്യക്കകത്ത് തന്നെയുള്ള പ്രവാസം കൂടുതലും കൊൽക്കത്തയും മുംബൈയും, ദൽഹിയുമായിരുന്നെങ്കിൽ  കമ്പ്യൂട്ടർ അധിഷ്ഠിത സാങ്കേതികവിദ്യകൾ പുരോഗമിച്ചതോടെ  കേരളത്തിനോടേറ്റവും അടുത്തു നിൽക്കുന്ന ബാംഗ്ലൂർ പ്രവാസജീവിതം ആഗ്രഹിക്കുന്നവരുടെ മറ്റൊരു പറുദീസയായിക്കഴിഞ്ഞിരുക്കുന്നതായി നമുക്കു മനസ്സിലാക്കാം. ആധുനിക സാങ്കേതികവിദ്യകൾ മസ്തിഷ്കാധ്വാനത്തെയും, ശാരീരിക കാധ്വാനത്തെയും ലളിതവൽക്കരിക്കുകയും അർഹതക്കതീതമായ വരുമാന സ്രോതസ്സുകളായി  ചില തൊഴിൽ മേഖലകൾ മാറുകയും ചെയ്തിരിക്കുന്നു. ഇത്  നിയന്ത്രണ വിധേയവും, പക്വതയയോടുകൂടിയതുമായ ജീവിത രീതികളെ തകിടം മറിക്കുകയും ആരോഗ്യപരവും സാമൂഹ്യപരവുമായ ഉത്തരവാദിത്വങ്ങൾ മറന്നോ ബോധവാന്മാരാകാതെയൊ രാസലഹരിയുടെ അപകടകരമായ ലോകത്തേക്ക്  അതിവേഗം സഞ്ചരിക്കുന്ന യുവതയുടെ നേർച്ചിത്രങ്ങൾക്ക് ദൃക്സാക്ഷിത്വം വരിക്കേണ്ടവരായിത്തീരുകയും ചെയ്തിരിക്കുന്നു നമ്മൾ. തുടക്കത്തിൽ ഞാൻ സൂചിപ്പിച്ച യുവാവും ഇത്തരം സാഹചര്യത്തിൽ പെട്ടവനായിരിക്കില്ലെ?

നമ്മുടെ നാട്ടിൽ പെരുകി വരുന്ന ആത്മഹത്യകൾ, കൊലപാതകങ്ങൾ, അക്രമങ്ങൾ , കവർച്ചകൾ തുടങ്ങിയവയുടെ കാരണങ്ങൾ പരിശോധിച്ചാൽ ലോകത്തിന് വെളിച്ചവും, ഊർജ്ജവും ദിശാബോധവും നൽകുവാൻ വേണ്ടി കണ്ടെത്തിയ ആധുനിക ശാസ്ത്രസാങ്കേതികവിദ്യകളുടെ ഇരുണ്ട വശങ്ങളുടെ സ്വാധീനം തെളിഞ്ഞു നിൽക്കുന്നത് തിരിച്ചറിയുവാൻ കഴിയും. അപകടരമായ ഈ അവസ്ഥയെ നിയന്ത്രിക്കുവാനും, വരുതിക്കു കൊണ്ടുവരുവാനും ശ്രമിക്കാത്ത പക്ഷം സാമൂഹികമാധ്യമങ്ങളിലെ സദാചാരവാദ പ്രകടകരുടെ ഭാഗം അഭിനയിക്കുന്നതിനു മാത്രമെ നമുക്കു കഴിയൂ.
___ ചന്ദ്രൻ മൊട്ടമ്മൽ___

Comments

Popular posts from this blog

നീ കാഫിറാണ്

ബംഗായനം

ബംഗായനം