ബംഗായനം

ഥാലി:
കേരളം വിട്ട് പുറത്തെവിടെ പോയാലും കേരളീയനായ ഒരാൾ ആദ്യമന്വേഷിക്കുന്നത്  സമീപത്തെവിടെയെങ്കിലും കേരള ഹോട്ടലുകൾ ഉണ്ടോ എന്നായിരിക്കും.  മലയാളികളുടെ ഒരു പൊതുസ്വഭാവമാണിത്. കാരണം നമ്മുടെ അവിയലും,സാമ്പാറും ചോറും, രസവും മീൻകറിയും അതു തയ്യാറാക്കുവാൻ ഉപയോഗിക്കുന്ന മസാല കൂട്ടുകളും അതിൻ്റെ മണവും ഒന്നുമില്ലാതെ മലയാളിക്ക് ഊൺ തൃപ്തികരമാവില്ല എന്നത് തന്നെ. ഇനി അഥവാ കറികളൊന്നുമിലെങ്കിലും, അല്പം കഞ്ഞിവെള്ളവും,ഉപ്പും പുളിയും, പിന്നെ രണ്ടു കാന്താരിമുളകും കിട്ടിയാലും അവൻ്റെ ഊൺ കേമമായിരിക്കും. എന്നാൽ ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കണ്ടം തിന്നണമെന്ന പഴമൊഴി പിൻതുടരുവാൻ തയ്യാറാകുന്ന ഒരാൾക്ക് മാത്രമെ യാത്രകളുടെ രുചി അതിൻ്റെതായ അർത്ഥത്തിൽ നുണയുവാൻ സാധിക്കൂ എന്നതാണ് യാഥാർത്ഥ്യം. ഓരോ നാടിനും ആ നാടിൻ്റെ ആചാരങ്ങൾക്കും, പ്രകൃതിക്കുമിണങ്ങിയ ഭക്ഷണരീതികളും ക്രമങ്ങളുമൊക്കെ ഉണ്ട്. അതുകൂടി ആസ്വദിക്കുവാൻ തയ്യാറായാലെ യാത്രയെന്ന സദ്യയും പൂർണ്ണമാകൂ.
അതതിടങ്ങളിലെ ഭക്ഷണങ്ങൾ കഴിക്കുവാൻ തയ്യാറാകുന്ന പക്ഷം ആ നാടുമായ അവരുടെ സംസ്കാരവുമായും ഒരു ബന്ധം സ്ഥാപിക്കുകയാണ് നാം ചെയ്യുന്നത്.

അമിതമായ വൃത്തിശീലങ്ങളും ആരോഗ്യ ബോധവുമാണ് മറുനാടികളിലേക്കു യാത്ര ചെയ്യുമ്പോൾ ആ നാടിൻ്റെ രുചി നുണയുന്നതിൽ പിൻതിരിയുവാൻ കാരണമെന്നാണ് തോന്നുന്നത്. എന്നാൽ ആരോഗ്യത്തെ തകർക്കുന്ന ജങ്ക് ഫുഡുകളും, പാനീയങ്ങളും, വറുത്തതും പൊരിച്ചതുമായ മാംസ വിഭവങ്ങളും ഓൺലൈൻ വഴിയും അല്ലാതെയും വാങ്ങിക്കഴിക്കുവാൻ ഇത്തരക്കാർക്ക് ഒരു മടിയുമില്ല. ഭക്ഷണ പായ്ക്കുകളിൽ പ്യൂർ ആൻറ് ഹെൽത്തി എന്നോ 100% നാച്ചുറൽ വിഭവങ്ങൾ കൊണ്ട് തയ്യാറാക്കിയതെന്നോ എഴുതി വെച്ചാൽ മാത്രം മതി.

ഗെയിറ്റ് കടന്ന് പുറത്തെത്തിയ ഞങ്ങളെ ദീപകും അമ്മുവും കൊണ്ടു പോയത് ഒരു റസ്റ്റോറൻ്റിലേക്കായിരുന്നു. ശാന്തിനികേതനിൽ നിന്നും കുറച്ചു ദൂരം നടക്കുവാനുണ്ട്. ഉച്ച ഭക്ഷണ സമയമായത് കൊണ്ട് നല്ല തിരക്കുണ്ട്. മുളകളും മറ്റുമുപയോഗിച്ച് കലാപരമായി തയ്യാറാക്കായ ഒരു തുറന്നയിടവും, ഗ്ലാസ്സുകളിട്ട് ശീതീകരിച്ച ഹാളുകളൊക്കെയുമുള്ള നല്ലൊരു റസ്റ്റോറൻ്റ്. "ഥാലി" യാണ് ഇന്നത്തെ ഉച്ച ഭക്ഷണം. ബംഗാളി ഥാലി ലഭിക്കുന ഈ ഭാഗത്തുള്ള മികച്ചൊരു ഹോട്ടൽ ഇതാണെന്ന് ദീപക് പറഞ്ഞു. രുചിഭേദങ്ങൾ തേടി അവരെത്തുന്ന ഒരിടം കൂടിയാണിത്. വെജ് ഥാലിയും, ഫിഷ് ഥാലിയുമുണ്ട്. ഞങ്ങൾ വെജ് ഥാലിയും മീൻ പൊരിച്ചതും പറഞ്ഞു. ഉച്ച സമയത്ത് കല്യാണ സദ്യ ഉണ്ണാൻ ഓഡിറ്റോറിയത്തിലെ ഭക്ഷണശാലയിൽ കയറിയ പ്രതീതിയുണ്ടിപ്പോൾ. ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നവർ...... അവരുടെ മുന്നിലുള്ള ഒഴിഞ്ഞ ഇരിപ്പിടങ്ങളിൽ ഭക്ഷണവും പ്രതീക്ഷിച്ചിരിക്കുന്നവർ, ഇരിപ്പിടം ലഭിക്കാതെ അക്ഷമരായി അതുമിതും പറഞ്ഞു ഇരിപ്പിടങ്ങൾക്ക് പിറകിൽ പിടിച്ചു നിൽക്കുന്നവർ..... പാത്രങ്ങളുടെ കലമ്പലുകളും വർത്തമാനങ്ങളു കൊണ്ട് ബഹളമുഖരിതമായ അന്തരീക്ഷം.

ഹാളിലെ തിരക്ക് ഉച്ചവെയിലിൻ്റെ ചൂടിനെ ഒന്നു കൂടി ചൂടുള്ളതാക്കി തീർത്തു. അതിൻ്റെ അസഹനീയതയിൽ ശരീരം വിയർത്തൊഴുകുകയും നേരിയ തലവേദന അനുഭവപ്പെടുകയും ചെയ്തു. എങ്ങിനെയെങ്കിലും ഇവിടുന്നു രക്ഷപ്പെട്ടാൽ മതിയെന്ന ചിന്തയിലിരിക്കുമ്പോൾ ഒരു ഗോപുരം പോലെ ഒന്നിനു മുകളിൽ മറ്റൊന്നായി അടുക്കി വെച്ച വലിയ സ്റ്റീൽ തളികയിൽ ഥാലിയുമായി ഒരു ട്രപ്പീസുകളിക്കാരൻ്റെ കൈയ്യടക്കത്തോടെ  അയാളെത്തി.
കുറച്ച് ചോറ് , ചപ്പാത്തി , കുഞ്ഞു പിഞ്ഞാണത്തിൽ പത്തിലധികം കറികൾ, പപ്പടം, തൈര്, മധുരം തുടങ്ങിയവയാണ് ഥാലി വിഭവങ്ങൾ. തമിഴ് നാട്ടിലും കർണ്ണാടക്കത്തിലുമൊക്കെ പോയാൽ നമുക്കു ലഭിക്കുന്ന മീൽസ് തന്നെയാണിത്. ബംഗാളികൾ പാചകങ്ങൾ കടുകെണ്ണയായതിനാലും അതിൻ്റെ രുചി എനിക്കത്ര പിടിക്കില്ലെന്നതിനാലും, അച്ചാറും ചപ്പാത്തിയും ചോറും, തൈരുമൊക്കെ കഴിച്ച് ഞാനെൻ്റെ കർമ്മം നിർവ്വഹിച്ചു.

ഭക്ഷണ ശേഷം ബോൽപൂർ രാവിൻ്റെ മനോഹാരിത നുകരുവാൻ ശാന്തിനികേതനിലേക്ക് തിരിച്ചു വരാമെന്ന ഉദ്ദേശത്തോടെ വിശ്രമത്തിനായി താമസ സ്ഥലത്തേക്ക് തിരിച്ചു പോയി.

തുടരും

Comments

Popular posts from this blog

നീ കാഫിറാണ്

ബംഗായനം

ബംഗായനം