ബംഗായനം

മൂർത്തതയിൽ നിന്ന് അമൂർത്തതയിലേക്ക് :

സ്വർണ്ണവർമാർന്ന മഞ്ഞപ്പൂക്കൾ  നിറയെ വിരിഞ്ഞു നിൽക്കുന്ന സോനാ ജ്ജോരി മരത്തിനു ചുവട്ടിലൂടെ ഞാൻ മുന്നോട്ട് ചുവടു വെച്ചു. നടന്നെത്തിയത്  രാധാചരൺ ബാച്ചിയുടെ ദി ഹണ്ടർ എന്ന വാൾ റിലീഫിനരികെയാണ്. മഴയേറ്റ് കുതിർന്നും അടർന്നും പോയൊരു മൺചുമർ പോലെ തോന്നിക്കും ദൂരെ നിന്നാൽ അതിൻ്റെ കാഴ്ച്ച . ഈ മുൻവിധി വെച്ച് നാമതിനെ അവഗണിച്ചു കടന്നുപോയാൽ നമുക്ക് നഷ്ടപ്പെടുന്നത് ഗഹനമായൊരു കാഴ്ചയായിരിക്കും. 1973 ൽ ആണ് ഈ സൃഷ്ടി നടന്നതെന്ന് താഴെ ഉറപ്പിച്ചു വെച്ച ഒരടി വലിപ്പമുള്ള ഫലകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് . ഭിത്തിയിൽ കുമ്മായ ചാന്ത് തേച്ച് പിടിപ്പിച്ച് അതിൽ മുത്തുകളും പല വലിപ്പങ്ങളിലും നിറങ്ങളിലുമുള്ള കല്ലുകളും മറ്റും ഒട്ടിച്ചു വെച്ചാണ് ഈ  സൃഷ്ടി നടത്തിയിരിക്കുന്നത്. കൈയ്യിൽ ശൂലവുമായി പുലിയെ വേട്ടയാടാൻ ഓടിയെടുക്കുന്ന രണ്ടു മനുഷ്യരാണിതിലെ കഥാപാത്രങ്ങൾ. കൃത്രിമവർണ്ണ കൂട്ടുകളുടെ ധാരാളിമ യില്ലാത്ത പ്രകൃതി വർണ്ണങ്ങളുടെ ചേരുവകകൾ ഇതിനെ മനോഹരമാക്കുന്നു.
ഓരോ സൃഷ്ടിയും വിഗ്രഹവൽക്കരിക്കപ്പെട്ടു പോയ നമ്മുടെ പാരമ്പരാഗത സൗന്ദര്യ സങ്കല്പങ്ങളെ തച്ചുടക്കുന്നതായി കാണാം. നിയതമായ അളവുകളും തേച്ചുമിനുക്കലുകളുമില്ലാതെ റിയലിസത്തിൻ്റെയും ഹൈപ്പർ റിയലിസത്തിൻ്റെയും ആലഭാരങ്ങളമണിയാത്ത, യഥാർത്ഥ്യങ്ങളുടെ പരുക്കൻ ഭാവതലങ്ങൾ കാണിച്ചു തരുന്ന സൃഷ്ടികൾ. ഒരു സാധാരണ ആസ്വാദകനെ സംബന്ധിച്ച് ഇതൊന്നും ഇഷ്ടപ്പെടണമെന്നില്ല. ഒരു ചിത്രകലാ ക്യാമ്പിൻ്റെ ഇടവേളയിൽ എൻ്റെ ഒരു സുഹൃത്തിൻ്റെ അമ്മ അവൻ്റെ ചിത്രം വരയെ കുറിച്ചഭിപ്രായപ്പെട്ടത് ഇങ്ങിനെ ആയിരുന്നുവെന്ന് പങ്കുവെച്ചത് ഓർക്കുന്നു"നന്നായി വരച്ചിരുന്ന കുട്ടിയായിരുന്നു. പഠിച്ചു പഠിച്ച് വലിയ ആളായപ്പോൾ ഉള്ളതും പോയി " . കലാഭവൻ്റെ മുറ്റത്തിലൂടെ ഓരോ സൃഷ്ടികളും സസൂക്ഷ്മം വീക്ഷിച്ചു നടക്കുമ്പോൾ ഈ വാക്കുകൾ ഞാനോർമ്മിച്ചു.

സ്വയം കണ്ടെത്തി സ്വതന്ത്രമായി വരച്ചു മുന്നേറുന്ന കുട്ടിക്കാല കുതൂഹലങ്ങളെ ഒരു ചട്ടക്കൂട്ടിലടച്ച് ആനകളെ ചട്ടം പഠിപ്പിക്കുന്നത് പോലെ പരിശീലിപ്പിച്ചെടുത്ത് പുറത്ത് വിടുമ്പോൾ ഭൂരിഭാഗം ചിത്രരചയിതാക്കൾക്കും തങ്ങളുടെ സ്വത്വം നഷ്ടപ്പെട്ട് അപരത്വം സംഭവിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ബാലപാഠങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഒഴുക്കിനെതിരെ നീന്തി പ്രകൃതിയോടും മാനുഷികഭാവങ്ങളോടുമിഴുകി ചേർന്ന്  വീണ്ടു സ്വാതന്ത്ര്യത്തിലേക്ക് ചിറകടിച്ചുയരുമ്പോൾ നഷ്ടപ്പെട്ടു പോയ കുട്ടിക്കാലം പക്വതയോടുകൂടി നമുക്ക് തിരികെ ലഭിക്കുന്നു. ശാന്തിനികേതൻ അവിടുത്തെ പഠിതാക്കൾക്ക് തിരിച്ചു നൽകുന്നത് ഈ സ്വാതന്ത്ര്യമാണെന്ന് ഞാൻ കരുതുന്നു. എന്നാൽ ബഹളക്കാരനായ ഒരു കുട്ടിയായല്ല  ആത്മബലമുള്ളൊരു സാധുവായാണവൻ പുറത്തുവരുന്നതെന്നു മാത്രം. ശാന്തിനികേതൻ വിവിധ കലകളും, സയൻസും സാമ്പത്തിക ശാസ്ത്രവുമൊക്കെ ഒത്തു ചേരുന്ന ആവാസ ഭൂമിയാകുന്നു.

  പരിചിതരും വളരെ അടുത്തു നിൽക്കുന്നവരും സുഹൃത്തുക്കളുമായ എത്രയൊ കലാകാരന്മാർ ഈ ഭൂമികയിൽ നിന്ന്  തങ്ങളുടെ കഴിവുകളും ചിന്തകളും സ്വപ്നങ്ങളും രാകിമിനുക്കിയവരായിരുന്നു എന്നുള്ള അറിവ് അഭിമാനമുളവാക്കുന്നതായിരുന്നു. കേംബ്രിഡ്ജും, ഓക്സ്ഫോർഡും പോലെ നമുക്കഭിമാനിക്കാവുന്ന വിശ്വഭാരതി സർവ്വകലാശാല. ലോക പൈതൃക പട്ടികയിൽ പതിമൂന്നാമതായി വിശ്വഭാരതിയും കൂട്ടി ചേർക്കപ്പെടുവാൻ പോകുന്ന അതേ വർഷത്തിൽ അതേ മാസത്തിൽ തന്നെയാണ് ഇവിടെയെത്താൻ കഴിഞ്ഞതെന്നതൊരു മഹാഭാഗ്യം. ചിത്രകല,ശില്പകല, മറ്റിതര കലകൾ തുടങ്ങിയവയുടെ പഠന ഗവേഷണങ്ങൾക്കായുള്ള കലാഭവന പോലെ ശിക്ഷാഭവന ,വിദ്യാഭവന, സംഗീതഭവന എന്നിവയും ശാന്തിനികേതൻ്റെ മറ്റു പഠന വിഭാഗങ്ങളാണ്.


ഉച്ച ഭക്ഷണത്തിനുള്ള സമയമായിട്ടുണ്ട്. ചൂട് അതിൻ്റെ പാരമ്യത്തിലാണ്.കൈയ്യിലൊരു വടിയുമേന്തി പ്രകൃതിയിലേക്കിറങ്ങി നടക്കാനെന്ന വണ്ണം നിൽക്കുന്ന ഗാന്ധിജിയുടെ പ്രതിമയ്ക്കരികിലൂടെ ഞങ്ങൾ പുറത്തേക്കുള്ള കവാടം ലക്ഷ്യമാക്കി നടന്നു.

തുടരും

Comments

Popular posts from this blog

നീ കാഫിറാണ്

ബംഗായനം

ബംഗായനം