ബംഗായനം

സ്നേഹത്തിൻ്റെ ഉപ്പ് :


ഉച്ചഭാഷിണികളുടെ കർണ്ണകഠോരമായ പ്രഭാത വന്ദനഗീതങ്ങളില്ലാതെ മറ്റൊരു പുലരിയിലേക്ക് ഞാൻ ഒരിക്കൽ കൂടി കണ്ണു തുറന്നു. സമയം രാവിലെ അഞ്ചു മണി മാത്രമെ ആയിട്ടുള്ളുവെങ്കിലും നല്ല വെളിച്ചം പടർന്നിട്ടുണ്ട്. കുളിച്ചൊരുങ്ങി ചിത്രരചനാസാമഗ്രികളുമായി ഞങ്ങൾ യാത്ര തിരിച്ചു. ആദ്യ ദിവസം ഇതേ പാതയിലൂടെ തന്നെയാണ് സഞ്ചാരം തുടങ്ങിയതെങ്കിലും നാലഞ്ച് താമസ സ്ഥലത്തു നിന്ന് അഞ്ചോ ആറോ കിലോമീറ്ററിനു ശേഷം ഇടത്തോട്ട് ഇരുപത് മിനിട്ടോളം സഞ്ചരിച്ചാണ് ഞങ്ങൾ അന്ന് വരച്ച സ്ഥലത്തെത്തിയത്.പക്ഷെ ഇപ്രാവശ്യം ഞങ്ങൾ നേർരേഖയിലാണ് പോയ്ക്കൊണ്ടിരിക്കുന്നത് വയലേലകൾക്ക് നടുവിലൂടെ പോകുന്ന പാത വിദൂരതയിലെങ്ങോ അങ്ങ് ദൂരെ, വരച്ചു തീർന്നൊരു വൺ പോയിൻ്റ് ലാൻ്റ് സ്കേപ്പ് പെർസ്പെക്ടീവ് ചിത്രത്തിലെന്നപോലെ ലയിച്ചു ചേരുന്നുന്നുണ്ട്. 


കിണറുകൾക്കുള്ളിൽ ഇറക്കി വെക്കുന്ന തരം വലിയ കോൺക്രീറ്റ് വളയങ്ങൾ നിരത്തിനിരുവശവും വരിവരിയായി വെച്ചിട്ടുണ്ട്. പാത തിരക്കുള്ളതായിരുന്നില്ലെന്നു മാത്രമല്ല വിജനവുമായിരുന്നു. കുറെയേറെ ദൂരം സഞ്ചരിച്ചപ്പോൾ ഒന്നു രണ്ടു കടകൾ കണ്ടു. അവിടുന്നു പ്രധാന പാത വിട്ട് വലത്തോട്ടു പോകുന്ന ഒരു ചെറിയ പാതയിലേക്ക് കയറി. ഒരു അഞ്ഞൂറു മീറ്ററോളം സഞ്ചരിച്ചപ്പോൾ ആ പാതക്കിരുവശവുമായി  വീടുകൾ കണ്ടു. വീടുകളെന്നു പറയുവാനാകുമോ?...... അറിയില്ല. കാരണം ഇതിനു മുൻപു സന്ദർശിച്ച കോളനിയിലെ വീടുകളെക്കാളും പരിതാപകരമായിരുന്നു അവിടം.


മൺഭിത്തികളിൽ പതിച്ചു വെച്ചിരിക്കുന്ന ചാണകവരളികൾ. ഒരു സ്ത്രീ അവരുടെ വീടിൻ്റെ ചുമരിൽ ചാണക വരളികൾ ഒട്ടിക്കുന്ന തിരക്കിലാണ്. ടിൻ ഷീറ്റു മേഞ്ഞ ഒരു ഷെഡ്ഡിൽ കുറെ ആടുകൾ വിശ്രമിക്കുന്നു. മിക്ക വീടുകൾക്കും ഉള്ളിൽ തന്നെയാണ് തൊഴുത്തും. ചാണകത്തിൻ്റെയും മൂത്രത്തിൻ്റെയും ദുർഗന്ധമോ, വൃത്തികേടോ ഇവിടെ ജീവിക്കുന്നവരെ അലട്ടുന്നേയില്ല. 
നീളമുള്ള കമ്പികളും കമ്പി വലകളും ചേർത്തുണ്ടക്കിയ പ്രവേശന വാതിലുള്ള ഒരു കെട്ടിടത്തിൻ്റെ വരാന്തയിൽ ഞങ്ങൾ ഇരുന്നു. മാവിലകൾ കെട്ടിയുണ്ടാക്കിയ ഉണങ്ങിയ ഒരു മാല വാതിലിനു മുകളിൽ തൂക്കിയിട്ടിരിക്കുന്നു.. ഒരു വാട്ടർ കളറിനുള്ള ഫ്രെയിം ഒത്തുവന്നയിടത്ത്  ഞാൻ ഇരുന്നു. വടിയും കുത്തി മെലിഞ്ഞ ഒരു മുത്തശ്ശി പ്രാഞ്ചി പ്രാഞ്ചി പ്രധാന പാതയുടെ ദിശയിലേക്ക് പോയി. വേറൊരു മുത്തശ്ശി ചാണക വരളി ചുമരിൽ പതിപ്പിക്കുന്ന  ജോലി തീർത്ത് നടുവിന് കൈയ്യും കൊടുത്ത് ഞങ്ങളെ നോക്കി നിന്നു. ബോർഡിൽ പേപ്പർ ക്ലിപ്പിട്ട് വെച്ച് തൊട്ടുമുന്നിലെ ഇല്ലിമുളകൾ കൊണ്ടുണ്ടാക്കിയ കീറിയ പ്ലാസ്റ്റിക്കുകൾ കൊണ്ടു മറച്ച വേലിക്കെട്ടിനപ്പുറമുള്ള കുടിലും ഈന്തപ്പനയുമായിരുന്നു എൻ്റെ മുന്നിലുണ്ടായിരുന്ന ഫ്രെയിം അതു പകർത്തവെ  ഒരു കൂട്ടം കുട്ടികൾ അവിടെ എത്തി. അവരുമായി ഞങ്ങൾ ചങ്ങാത്തത്തിലായി. ഇടവേളയിൽ കുട്ടികളോട് സംസാരിച്ചു നിൽക്കവെ പിറകിലെ കമ്പി വലയുടെ ചെറു ദ്വാരത്തിലൂടെ ഞാനകത്തേക്ക് നോക്കി. അതിനകത്ത് ഒരു കാളീവിഗ്രഹമായിരുന്നു ഉണ്ടായിരുന്നത്. ആ കോളനിയിലെ ജനങ്ങൾ ആരാധിക്കുന്ന ദേവിയുടെ ആലയത്തിലിരുന്നാണ് ഞങ്ങൾ വരക്കുന്നതെന്ന് അപ്പോൾ മാത്രമാണ് ഞാൻ മനസ്സിലാക്കിയത്. ആർഭാടവും അകറ്റി നിർത്തലുകളും മുഖമുദ്രയാക്കിയ ആധുനിക മനുഷ്യൻ്റെ ക്ഷേത്ര സങ്കൽപത്തിൽ നിന്ന് മാറി പ്രകൃതിയോട് ചേർന്ന് തീണ്ടലും തൊടീലും അകറ്റിനിർത്തലുമില്ലാ ദേവിയോട് നേരിട്ട് സല്ലാപം നടത്തുവാൻ കഴിയുന്ന ഒരിടം.ഇത്തരം പ്രകൃത്യാ രാധാനാ കേന്ദ്രങ്ങളായ കാവുകൾ അല്ലെ നാമിന്ന് മതിലുകൾ കെട്ടിപ്പൊക്കി ഇൻ്റർലോക്ക് ചെയ്തും മേൽക്കൂരകൾ പണിതും അവിടുത്തെ ജീവജാലങ്ങളെ ആട്ടിയോടിച്ചും ആവാസ വ്യവസ്ഥകൾ തകർത്തും സംരക്ഷിത കേന്ദ്രമാക്കി മാറ്റിക്കൊണ്ടിരിക്കുന്നത് ?.... പിന്നെങ്ങിനെയാണ് നമുക്ക് മന:സ്സമാധാനം ലഭിക്കുക. നമ്മുടെ പ്രാർത്ഥനകൾക്ക് ഫലം ലഭിക്കുക.


വര നിർത്തി ഒരു ചായ കുടിക്കുവാനായി കവലയിലോട്ട് പോയി. തിരിച്ചു വരുമ്പോൾ കുട്ടികൾക്കായി കുറച്ചു ബിസ്കറ്റുകളും കരുതിയിരുന്നു. ഞാനതവരിൽ ഒരു ചെറിയ കുട്ടിക്ക് നൽകി എല്ലാവർക്കും നൽകുവാൻ നിർദ്ദേശം നൽകി. 

എല്ലാവർക്കുമതു വിതരണം  ചെയ്ത് അവൻ്റെ  പങ്കുമായി നിൽക്കവെ വയസ്സായ ഒരു മുത്തശ്ശി അവിടെ എത്തി. ഒരു നിമിഷം പോലും പാഴാക്കാതെ അവൻ ആ മുത്തശ്ശിയുടെ അടുത്തേക്കോടി അവൻ്റെ പങ്ക് അവർക്ക് നൽകി. അത് കണ്ട് എൻ്റെ കണ്ണുകൾ നിറഞ്ഞു. ചുണ്ടുകൾ വിറച്ചു.....

തുടരും

Comments

Popular posts from this blog

നീ കാഫിറാണ്

ബംഗായനം

ബംഗായനം