ബംഗായനം


രാക്കാഴ്ചകൾ:


ബോൽപൂരിലെ ഗ്രാമീണ കലാകാരന്മാരുടെ  മനോഹരമായ കലാ സൃഷ്ടികളും കരകൗശലോല്പന്നങ്ങളും യഥേഷ്ടം ലഭിക്കുന്ന ധാരാളം ഷോപ്പുകൾ ശാന്തിനികേതൻ്റെ സമീപത്തായുണ്ട്. ബോൽപൂർ - ശാന്തിനികേതൻ്റെ രാവുകളെ സജീവമാക്കുന്നത് ഇവിടെ  കരകൗശലോല്പന്നങ്ങളും മറ്റും  തേടിയെത്തുന്ന സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികളും, വണിക്കുകളുമാണെന്ന് പറയാം. പകൽ കണ്ടതുപോലെയല്ല ..... തെരുവുകൾ സജീവമായിരിക്കുന്നു. വിവിധ തരം ഭക്ഷണസാധനങ്ങളും പഴങ്ങളും വിൽക്കുന്ന ഉന്തുവണ്ടികളും കച്ചവടക്കാരും നിരത്തിനിരുവശവും കൈയ്യടക്കിയിട്ടുണ്ട്. തിരക്കുകളെ വകഞ്ഞുമാറ്റി ടോട്ടോകളും, സൈക്കിളുകളും തലങ്ങും വിലങ്ങും സഞ്ചരിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ പോലെ മോട്ടോർ ബൈക്കുകളുടേയും, മറ്റു വാഹനങ്ങളുടേയും ആധിക്യമില്ലാത്തതിനാൽ നിരത്തിലൂടെയുള്ള നടത്തത്തെ അത് തടസ്സപ്പെടുത്തുന്നില്ല.

കാഴ്ചകൾ കാണുക എന്നതിലുപരി മനോഹരവും വ്യത്യസ്ഥവും വില്പന സാദ്ധ്യതയുള്ളതുമായ കരകൗശലോല്പന്നങ്ങൾ കണ്ടു വെക്കുക എന്നുളളതായിരുന്ന ഞങ്ങളുടെ ഈ രാത്രി സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യം.
തൊട്ടുതൊട്ടു നിരന്നുനിൽക്കുന്ന കടകളിലൂടെ വൈവിദ്ധ്യങ്ങളായ കലാസൃഷ്ടികളും ഉത്പന്നങ്ങളും വീക്ഷിച്ച് ഞങ്ങൾ കയറിയിറങ്ങിക്കൊണ്ടിരുന്നു. മിക്ക കടകളും ബംഗാളിൻ്റെ ഗ്രാമീണ കലകളുടെയും സംസ്കാരങ്ങളുടെയും പതിപ്പുകളാണെന്ന്  വേണമെങ്കിൽ പറയാം. നൂറുവർഷങ്ങൾക്ക് മുൻപ് ഇന്നു നാം അനുഭവിക്കുന്ന ആധുനിക സൗകര്യങ്ങളൊ വ്യക്തി സ്വാതന്ത്ര്യമൊ ഒന്നുമില്ലാത്ത കാലത്ത് ഒരു മനുഷ്യൻ തൻ്റെ തൻ്റെ സഹജീവികളെ കലയിലൂടെയും, സാഹിത്യത്തിലൂടേയും സാംസ്കാരികതയുടെ ഔന്നിത്യങ്ങളിലെത്തിച്ചതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് ബോൽപൂർ ശാന്തിനികേതൻ. അതിൻ്റെ ഒളിയിൽ തങ്ങളുടെ ജീവിതത്തിൻ്റെ ഊടും പാവും നെയ്യുന്നവരാണിവിടെ മുഴുവൻ. അവരുടെ വാക്കിലും, ചലനത്തിലും നോക്കിലുമിതിൻ്റെ  ബഹിർസ്ഫുരണം കാണാം.


കളിമണ്ണിലും, വെങ്കലത്തിലും , മറ്റിതര ലോഹങ്ങളിലും, മുളയിലും, വിത്തിലും, ഇലയിലും, പുറന്തോടുകളിലും തടി കളിലുമെന്നു വേണ്ട നാമുപയോഗിക്കുന്നതുമുപേക്ഷിക്കുന്നതുമായ സകല വസ്തുക്കളുമുപയോഗിച്ചും പുനരുപയോഗിച്ചുമുൽപ്പാദിപ്പിക്കപ്പെടുന്ന കരവിരുതുകളുടെ മാസ്മരിക ലോകം. ഞാനൊരു കടയിലേക്കു കയറി. നിരത്തി വെച്ചിരിക്കുന്ന കരകൗശലോൽപനങ്ങൾക്കിടയിൽ നിന്നൊരു ഏകതാര കൈയ്യിലെടുത്ത് അതിൻ്റെ ഒറ്റ തന്ത്രിയിൽ വിരലോടിച്ചു.


ഒന്നും സംഭവിച്ചില്ല!!!........
മനോഹരമായി  ഗാനങ്ങൾ വായിക്കുന്ന നാടോടിയായ പുല്ലാങ്കുഴൽ വില്പനക്കാരനെ കണ്ട് അതിലൊരെണ്ണം വാങ്ങി ഞെളിഞ്ഞിരുന്നൂതി കാറ്റുമാത്ര സൃഷ്ടിച്ച സിനിമയിലെ നായകൻ്റെ ഇളിഭ്യതയുള്ള മുഖഭാവത്തോടെ ഞാൻ കടയിലെ ജോലിക്കാരനെ നോക്കി. ചെറുപ്പക്കാരനായിരുന്നു അയാൾ. അയാൾ മറ്റൊരെണ്ണമെടുത്ത് നെഞ്ചിൻ്റെ ഇടതുഭാഗം ചേർത്തുപിടിച്ച് കൈ കൊണ്ട് വളരെ മൃദുവായി പിടിച്ചു. അയാളുടെ വലതു പെരുവിരലും ചൂണ്ടുവിരലും ആ ഒറ്റ തന്ത്രിയിൽ തൊട്ടപ്പോൾ അതിൽ നിന്ന് മനോഹരമായൊരു ബംഗാളി ഗാനത്തിൻ്റെ  ശീലുകളുതിർന്നുവീണു.
അയാളെ അനുകരിക്കുവാൻ ഞാനൊരു ശ്രമം നടത്തി ഇത്തവണ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടാ ഒറ്റ തന്ത്രി ചെറുതായൊരു ശബ്ദം പുറപ്പെടുവിച്ചു.

പല വലിപ്പത്തിലും വിലയിലുമുള്ള എകതാരകൾ  അവിടെ വില്പനക്കായി വെച്ചിട്ടുണ്ടായിരുന്നു. സർഗധനനായ ഒരാൾക്ക് ഒരു കൗതുക വസ്തു കരസ്ഥമാക്കുന്നതിലുപരി തൻ്റെ കഴിവുകൾ പ്രകടമാക്കുന്നതിനും, തിരക്കേറിയ ജീവിത നിമിഷങ്ങളെ സന്തോഷപ്രദമാക്കുന്നതിനും ഇതു കരസ്ഥമാക്കുന്നതിലൂടെ സാധിക്കുന്നു.

നിരത്തി വെച്ചിരിക്കുന്ന ദുർഗ്ഗ, ഗണപതി വിഗ്രഹങ്ങൾക്കിടയിൽ അവയെക്കാളും പ്രാധാന്യത്തോടെ ടാഗോറിൻ്റെ ചെറുതും വലുതുമായ പ്രതിമകളും , ഛായാചിത്രങ്ങളും, കലണ്ടറുകളും ...
ബോൽപൂർ ജനതയുടെ ഹൃദയത്തിലിങ്ങിനെ ഉപവിഷ്ടനാകുവാൻ ടാഗോറി നല്ലാതെ വേറെ ആർക്ക് കഴിയും ?!!


നടന്നു നടന്ന് ഞങ്ങൾ തെരുവിൻ്റെ മറ്റൊരു ഭാഗത്തെത്തി. ഇവിടെയൊരു ഭവനമുണ്ട്. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും ഫിലോസഫറും നോബൽ പുരസ്കാര ജേതാവുമായ അമർത്യാസെന്നിൻ്റെ ഭവനമാണിത്.
ഗെയിറ്റിനടുത്ത് യന്ത്രത്തോക്കേന്തിയ ഒരു ഭടനെ കണ്ടു. ഈ വീടൊരു തർക്ക വസ്തുവാണത്രെ. അതാണീ കാവൽ.അമർത്യയോട്  ഈ വീടൊഴിയുവാൻ നരേന്ദ്രമോദി സർക്കാർ നോട്ടിസ് കൊടുത്തിട്ടുണ്ടത്രെ?!!! നമ്മുടെ രാജ്യത്തിനും ലോക സാമ്പത്തിക വ്യവസ്ഥക്കും തൻ്റെതായ സംഭാവനകൾ നൽകിയ നോബേൽ പുരസ്കാരജേതാവിനോടുള്ള പരമമായ ആദരവ്!!! നമ്മുടെ രാജ്യത്തിന് രണ്ട് നോബേൽ പുരസ്കാര ജേതാക്കളെ സമ്മാനിച്ച ബോൽപൂർ ശാന്തിനികേതൻ്റെ രാക്കാഴ്ചകൾക്ക് വിട നൽകി ഞങ്ങൾ മടങ്ങി. അടുത്ത ദിവസം മറ്റൊരു ഗ്രാമത്തിലോട്ട് പോകേണ്ടതുണ്ട്.

തുടരും.

Comments

Popular posts from this blog

നീ കാഫിറാണ്

ബംഗായനം

ബംഗായനം