ബംഗായനം

______ബംഗായനം_____

ഹഡിയ തേടി :

ബോൽപൂരിൻ്റെ കാഴ്ചകൾ തേടിയും പകർത്തിയുമുള്ള യാത്രകളിനി രണ്ടു ദിവസം മാത്രമെയുള്ളു.ദീപക്കും ആര്യയും താമസിക്കുന്ന വീട്ടിലാണ് ഞങ്ങളും താമസിച്ചിരുന്നതെന്ന് തുടക്കത്തിൽ തന്നെ സൂചിപ്പിച്ചതോർമ്മയുണ്ടല്ലൊ. മുറിക്ക് വെളിയിലിറങ്ങി ടെറസ്സിൽ നിന്ന് നോക്കുമ്പോൾ കരിമ്പനകൾ കാണാൻ സാധിക്കും. ഇതിൽ ചെത്തു നടക്കാറുണ്ടെന്നും ചെത്തുന്ന സമയത്ത് പോയാൽ നല്ല മധുരമുള്ള പനംകള്ളു ലഭിക്കുമെന്നും അവർ പറഞ്ഞു. നിർഭാഗ്യവശാൽ ഞങ്ങളവിടെ ഉണ്ടായിരുന്ന ദിവസങ്ങളിലൊന്നും ചെത്തുകാരനെ ആ വഴിക്ക് കണ്ടില്ല. പന ചെത്തുകാരന്റെ വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ടിരിക്കുമ്പോഴാണ് ആര്യ ഹഡിയയെ
കുറിച്ച് പറഞ്ഞത്. ഹഡിയ എന്താണെന്നും അതിൻ്റെ നിർമ്മാണ രീതികൾ എങ്ങിനെ ആണെന്നും മനസ്സിലാക്കണമെന്നും തോന്നി. അങ്ങിനെ ഹഡിയ ലഭിക്കുന്ന ഗ്രാമം സന്ദർശിക്കുവാൻ തീരുമാനമായി. 


നാലു പേർക്ക് സഞ്ചരിക്കുവാൻ സാധിക്കാത്തത്  കൊണ്ട്  എന്നെയും വിപിനെയും ഒരു ഗ്രാമ കവാടത്തിൽ വിട്ട്  ആര്യയെ കൊണ്ടുവരുവാനായി ദീപക്  പോയി. ഇതുവരെ കണ്ട ഗ്രാമങ്ങൾ പോലെ ആയിരുന്നില്ല ഇവിടം. അല്പം കൂടി പരിഷകൃതമായിരുന്നു. എങ്കിലും ഇവിടുത്തെ കുടിലുകളിൽ കുളിമുറികളോ മറകളോ ഇല്ലെന്ന് വേണം കരുതുവാൻ കാരണം കുടിലുകൾക്ക് മുന്നിൽ പൊതു വഴിയിൽ നിന്ന് യുവതികളടക്കം  കളിക്കുന്നതും അലക്കുന്നതുമൊക്കെ കാണാം.
കാഴ്ചകൾ കണ്ട് ഞങ്ങൾ ഒരു ക്ഷേത്രത്തിനടുത്തെത്തി .
 കുറച്ചാളുകൾ ക്ഷേത്ര വരാന്തയിലും കല്ലുകൾക്ക് മുകളിലും കുടിലുകളുടെ വശങ്ങളിലുമൊക്കെ ഇരുന്നു വർത്തമാനം പറയുന്നുണ്ട്. ക്ഷേത്രത്തിൻ്റെ വാസ്തു ഭംഗി നോക്കി നിൽക്കവെ. വർത്തമാനം പറഞ്ഞിരുന്നവർ ആക്രോശത്തോടെ എഴുന്നേറ്റു. കാര്യം മനസ്സിലാവാതെ പിറ കിലോട്ട് തിരിഞ്ഞപ്പോൾ  വിപിൻ ക്ഷേത്രത്തെ ചേർത്ത് സെൽഫി എടുക്കുവാനുള്ള ശ്രമത്തിലാണ്. അവരുടെ ലക്ഷ്യം വിപിൻ ആണെന്ന് മനസ്സിലാക്കിയ ഞാൻ വിപിൻ്റെ കൈയ്യിൽ നിന്നും ഫോൺ വാങ്ങി വിപിൻ കാര്യമറിയാതെ അന്ധാളിച്ച് നിൽക്കുമ്പോൾ ഞാനൊരു കാര്യം ചൂണ്ടിക്കാണിച്ചു. വിപിൻ നിൽക്കുന്നതിനേറെയകലയല്ലാതെ ഒരു യുവതി കുളിക്കുന്നുണ്ടായിരുന്നു. ഫോണിൻ്റെ സ്ക്രീനിൽ തന്നെ ശ്രദ്ധിച്ചിരുന്ന വിപിൻ യുവതിയേയോ യുവതിയുടെ കുളിയോ കണ്ടിരുന്നില്ലെന്നതാണ് സത്യം.
ഫോണിൻ്റെ ഗാലറി തുറന്ന് കലിയോടെ വന്നവർക്ക് ചിത്രങ്ങൾ കാണിച്ചു കൊടുത്ത് കേരളത്തിൽ നിന്ന് വന്ന ചിത്രകാരന്മാരാണെന്നും ഗ്രാമങ്ങൾ കാണുവാനും, ഗ്രാമീണരെ പരിചയപ്പെടുവാനും അവരുടെ ജീവിത രീതികൾ പരിചയപ്പെടുവാനിറങ്ങിയതാണെന്നും ബോദ്ധ്യപ്പെടുത്തിയപ്പോൾ ബംഗാളി ഭാഷയിൽ എന്തൊക്കെയൊ മുറുമുറുത്ത് തിരികെ പോകവെ ദീപക് ആര്യയെയും കൂട്ടി  തിരിച്ചെത്തി.

ഹഡിയ ബംഗാളി ഗ്രാമങ്ങളിൽ ലഭിക്കുന്ന വീര്യം കുറഞ്ഞ ഒരിനം പരമ്പരാഗത മദ്യയിനമാണ്.
അരിയും ഗോതമ്പും, നെല്ലും, ബക്കർ എന്ന ഒരു സാധനവും കുതിർത്ത് അഞ്ച് ദിവസം പുളിപ്പിച്ച ലഭിക്കുന്ന മിശ്രിതം നല്ല വൃത്തിയുള്ള തുണി ഉപയോഗിച്ച് പിഴിഞ്ഞരിച്ച് ലഭിക്കുന്ന ദ്രാവകം തിളപ്പിച്ചതിനു ശേഷം ചെറു ചൂടോടെ വിളമ്പുന്നു.
ഒരു ലിറ്റർ ഹഡിയക്ക് പത്തു രൂപയാണ് വില. ബംഗാളിന്റെ തനതു മദ്യത്തെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിനൊപ്പം തന്നെ അതിഥേയർ അവരുടെ യൂട്യൂബ് ചാനലിനു വേണ്ടി ഇതിൻ്റെ നിർമ്മാണ പ്രക്രിയയെ കുറിച്ചുള്ള ഒരു വീഡിയൊ പകർത്തുകയും ചെയ്തു.


ഹഡിയ തേടിയെത്തിയ ഈ ഗ്രാമം കാ ജൂർ ഡാംഗ എന്നാണറിയപ്പെടുന്നത്.ശാന്തിനികേതനിൽ നിന്ന് അഞ്ചോ ആറോ കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം. ഇടുങ്ങിയ വഴികളിലൂടെ കുറച്ചു ദൂരം സഞ്ചരിച്ചതിനു ശേഷം ഗെയിറ്റ് തുറന്ന് ദീപക് ഒരു വീട്ടിലേക്ക് ആനയിച്ചു. രണ്ടു സ്ത്രീകളും ഒരു പുരുഷനുമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഇതാണ് ഹഡിയ ലഭിക്കുന്ന ഇടം.
ഹഡിയ നിർമ്മിക്കുന്നതിനായി നെല്ല് ശേഖരിച്ചു വെക്കുന്ന  വലിയൊരു നെല്ലറയും നിരത്തിയിട്ട മെതിക്കാത്ത കറ്റകളും  മുറ്റത്തുണ്ടായിരുന്നു
രുചിയോ ഒന്നുമുള്ള ഒരു ലഹരി പാനീയമല്ല ഹഡിയ  അധികം പുളിയില്ലാത്ത പഴം കഞ്ഞി വെള്ളത്തിന്റെ രുചി തന്നെയാണിതിന്. ഞങ്ങൾക്ക് രണ്ട് കപ്പുകൾ നിറയെ ഹഡിയ അവർ നൽകി. സ്ത്രീകൾ തന്നെയാണ് ഇവ നിർമ്മിക്കുന്നതും വിളമ്പുന്നതും എന്നത് കൗതുകകരമായി തോന്നി.
ഞങ്ങൾ എത്തി അല്പ നേരത്തിനു ശേഷം ഒരു യുവാവെത്തി. ഹഡിയ തേടി രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള ഗ്രാമത്തിൽ നിന്നു വന്നതാണയാൾ.


പതിയെ പതിയെ  ഹഡിയ തേടിയെത്തുന്നവരുടെ എണ്ണം വർദ്ധിച്ചു തുടങ്ങി. ചാണകം മെഴുകിയ നിലത്ത് വിരിച്ചിട്ട പ്ലാസ്റ്റിക് ചാക്കുകളിൽ ചമ്രം പടിഞ്ഞിരുന്നവർ  കഥകളും വിശേഷങ്ങളും പറഞ്ഞ് ഹഡിയ പകർന്നു നൽകുന്ന മാസ്മരികാനുഭവത്തിലേക്കവർ യാത്ര തുടങ്ങി. ഞങ്ങൾ ഗ്രാമത്തിൽ നിന്നും പുറത്തേക്കും .......

തുടരും

Comments

Popular posts from this blog

നീ കാഫിറാണ്

ബംഗായനം

ബംഗായനം