ബംഗായനം

ബംഗാളി മല്ലു വാല

നല്ല വിശാലമായ മൂന്ന് മുറികളും അടുക്കളയും ശുചി മുറിയുമൊക്കെയുള്ള സൗകര്യമുള്ള ഇടമായിരുന്നു ദീപക്കിന്റെ വാസ സ്ഥലം. കയറിച്ചെല്ലുന്ന മുറിയിൽ ധാരാളം സാരികൾ അടുക്കിയും വിരിച്ചുമിട്ടതിനിടയിൽ ഒരു യുവാവിന് എന്തോ നിർദ്ദേശങ്ങൾ നൽകുകയാണ് ആര്യ . കോഴിക്കോട് വെച്ച്  ദീപകിനെയും ആര്യയെയും പരിചയപ്പെടുമ്പോൾ ദീപക് കലാഭവനിലെ പഠനം കഴിഞ്ഞു നിൽക്കുകയും ആര്യ അവിടെ  പ്രിന്റിങ്ങ് ടെക്നോളജി പഠനത്തിന്റെ അവസാന നാളുകളിലുമായിരുന്നു. കലാഭവനിൽ വെച്ച് മൊട്ടിട്ട പ്രണയം അവരെ ഒന്നു ചേർത്തിരിക്കുന്നു.ആര്യ ഇപ്പോൾ ഗൃഹനാഥ ആയിരിക്കുന്നു.

യാത്രാക്ഷീണത്തെ മറികടക്കാൻ പോന്ന  ദീപ്തമായൊരു പുഞ്ചിരിയോടെ ആര്യ ഞങ്ങളെ  അകത്തോട്ട് ക്ഷണിച്ചു.
ഈസലിൽ  വരച്ചു തുടങ്ങിയൊരു വലിയ ക്യാൻവാസ് ഉറപ്പിച്ചു വെച്ചിട്ടുണ്ട്. അടുക്കി വെച്ച സാധനങ്ങൾക്കിടയിലൂടെ ദീപക് ഞങ്ങളെ  ഒരു മുറിയിലേക്കു കൊണ്ടുപോയി. നല്ലവണ്ണം കാറ്റും വെളിച്ചവും കടക്കുവാൻ പാകത്തിൽ നിർമ്മിച്ച വലിയ ജനാലകളുള്ള ആ മുറിയിൽ നേരിട്ട്  അടുക്കളയിലേക്കും പ്രധാന ഹാളിലേക്കും വാതിലുകളുണ്ട്. വസ്ത്രങ്ങൾ സൂക്ഷിക്കുവാനുള്ള അലമാരകൾ നാലു പേർക്ക് സുഖമായി കിടന്നുറങ്ങാവുന്ന കട്ടിൽ, ഒരു ഫാൻ എന്നിവ മുറിയെ അലങ്കരിക്കുന്നു. കട്ടിലും അലമാരയും നിർമ്മാണവേളയിൽ തന്നെ കോൺക്രീറ്റിൽ പണിതിരിക്കുകയാണ്.


"ഈ മുറിയിൽ കിടക്കാം. ഇതിൽ  ബുദ്ധിമുട്ടു തോന്നുന്നുവെങ്കിൽ തൊട്ടപ്പുറത്തെ മുറിയിൽ സൗകര്യമുണ്ട്. അതിൽ  അതിലും ഫാനുണ്ട്. പക്ഷെ സ്ഥിരമായി ഉപയോഗിക്കാത്തത് കൊണ്ട് പൊടി കാണും വൃത്തിയാക്കാം "

ലഗേജുകൾ ഒരുക്കി വെച്ച് ദീപക് പറഞ്ഞു.
"കുളിച്ച് വിശ്രമിച്ചോളൂ ഒരു പാട് യാത്ര ചെയ്തതല്ലെ . കുറച്ച് ജോലിയുണ്ട്. അതു കഴിഞ്ഞ് വരാം."ബാത്ത് റും  കാണിച്ചു തന്ന് ദീപക്  മുറി വിട്ടു.
സമയം പത്തുമണിയോടടുത്തിട്ടുണ്ടെങ്കിലും  അന്തരീക്ഷം തണുത്തിട്ടില്ല. കുളിച്ച് കഴിഞ്ഞ്  ഞാൻ പതിയെ മട്ടുപ്പാവിലേക്ക് വന്നു. തുറസ്സായ സ്ഥലമായതിനാൽ  അവിടെ ചൂടിനല്പം ശമനമുണ്ടായിരുന്നു. മട്ടുപ്പാവിന്റെ കൈവരിയിൽ ഒരു മനുഷ്യന്റെ തലയുടെ സിമന്റ് ശില്പം പണിതു വെച്ചിട്ടുണ്ട്. അത് ആസ്വദിച്ചു നിൽക്കുമ്പോൾ ആര്യ നല്ല തണുത്ത  നാരങ്ങാവെള്ളവുമായി എത്തി. കുശലാന്വേഷണങ്ങൾക്കു ശേഷം അവർ തിരിച്ചു പോയി. ഇടക്ക് മുറിയിൽ കയറിയപ്പോൾ  വിപിൻ ദീപക്കുമായും ആര്യയുമായും ഗഹനമായ ചർച്ചയിലാണ്. കൂടെയുണ്ടായിരുന്ന യുവാവ് മൊബൈലിൽ എന്തൊക്കെയോ തിരയുകയും സാരികൾ മടക്കി ഭംഗിയായി പൊതിഞ്ഞ് വിതരണത്തിന് തയ്യാറാക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

സമീൽ .... കാസറഗോഡ് വെള്ളച്ചാലുകാരനാണിദ്ദേഹം. കേരളത്തിന് പുറത്തുള്ള ഏതെങ്കിലും കലാലയത്തിൽ പഠിക്കുക, മറ്റൊരു സംസ്കാരവും ഭാഷയും നേരട്ടറിയുകയും സ്വായത്തമാക്കുകയും  എന്ന ആഗ്രഹത്തിൽ വിശ്വഭാരതിയിൽ എത്തിയിരിക്കുകയാണ് സമീൽ. എത്ര മനോഹരമാണീ ചിന്ത.... ഞാൻ ആലോചിക്കുകയാണ്. നമ്മുടെ കുട്ടികൾക്ക് എത്ര പേർക്ക് ഈ ചിന്തയുണ്ടാകും?. ഭൂരിഭാഗം  പേരും പഠനാനന്തരം ഒരു ജോലി ലഭിച്ചതിനു ശേഷമാണ് വീട് വിട്ടുനിൽക്കുന്നത് തന്നെ. ചിലർക്ക്  ജനിച്ചു വീണ ചുറ്റുപാടുകൾക്കപ്പുറം മറ്റൊരു ലോകമുണ്ടെന്ന് പോലും അറിയില്ല.പലരുടേയും മാതാപിതാക്കൾ തങ്ങളുടെ മക്കൾ തങ്ങളുടെ കൺവെട്ടത്തു തന്നെ വേണമെന്ന് ശഠിക്കുന്നു. ഇത് അവരുടെ ഭാവിയെ ഇരുളടഞ്ഞതാക്കി തീർക്കുകയാണെന്നും ലോകപരിചയം നേടുവാനുള്ള അവരുടെ അവകാശത്തെ  കവർന്നെടുക്കുകയാണെന്നും അവർ ചിന്തിക്കുന്നതേയില്ല. നാലുതലമുറക്ക് ജീവിക്കാനുള്ളത് ഞാൻ സാമ്പാദിച്ചു വെച്ചിട്ടുണ്ടെന്ന് വീമ്പു പറയുന്നവരെ ഈ ആധുനിക കാലത്തും കാണാൻ കഴിയുമ്പോൾ അവർ എന്തു സന്ദേശമാണ് പകർന്ന് നൽകുന്നതെന്ന് നാം ആലോചിക്കണം. കടൽ കടന്നാൽ ചീത്തയായിപ്പോകുമെന്ന  പഴയ കാല ദുരഭിമാന ബോധത്തിലേക്കല്ല നാം സഞ്ചരിക്കേണ്ടത്. പുരാണ കഥാപാത്രങ്ങളുടെ ക്ഷേമങ്ങൾക്ക് വേണ്ടിയുമല്ല നാം വർത്തിക്കേണ്ടത്. ചരിത്രത്തിന്റെ ഇരുണ്ട കാലഘട്ടങ്ങളിലേക്ക് തിരികെയെത്തിക്കാൻ ആധുനികതയുടെ കൂട്ടുപിടിച്ച് ഒരു കൂട്ടർ കൊണ്ടു പിടിച്ച ശ്രമം നടത്തുമ്പോൾ പുരോഗമനസമൂഹം അതിജാഗരൂകരായിരിക്കേണ്ടിയിരിക്കുന്നു.

തിരികെ വരാം. ദീപകിന്റെ പുതിയ സംരഭത്തിന്റെ അടയാളമാണ് മുറിയിൽ അടുക്കി വെച്ചിരിക്കുന്നതും നിവർത്തിയിട്ടിരിക്കുന്നതുമായ സാരികൾ.. കോവിഡ് ലോകത്തെ മുറികൾക്കുള്ളിൽ തടവിലാക്കിയപ്പോൾ പലരും അതിനെ നേരിട്ടത് അവരുടെ സർഗ്ഗ വൈഭവം കൊണ്ടായിരുന്നുവെന്ന് നമുക്കറിയാം. വിശാലമായ ഈ ലോകത്ത് സ്വതന്ത്രമായി പറന്നു നടന്നിരുന്ന ഒരു പക്ഷിയെ പിടിച്ച്  കൂട്ടിലടച്ചാൽ അതനുഭവിക്കുന്ന അസ്വസ്ഥതയെയും വേദനയേയും കുറിച്ച്  ഒന്നാലോചിച്ചു നോക്കൂ. ഏതെങ്കിലും ഒരു ചട്ടക്കൂടിനുള്ളിലേക്ക് ഒതുങ്ങിക്കൂടുവാൻ ആഗ്രഹിക്കുന്നവർക്ക്  ഇതു മനസ്സിലാകില്ല.

"ആ ദിവസങ്ങളിൽ ദീപക് എന്നൊരു മനുഷ്യനെ മാത്രമെ ഞാൻ കണ്ടുള്ളൂ. അടുക്കളയും കിടപ്പുമുറിയും മാത്രമായിരുന്നു എന്റെ ലോകം, ഒന്നും ചെയ്യുവാൻ സാധിക്കാതെ ഞാൻ മുറിക്കുള്ളിലകപ്പെട്ടു. ഒരവസരത്തിൽ എനിക്ക് ഭ്രാന്ത് പിടിച്ചേക്കുമോ എന്നു പോലും ഭയപ്പെട്ടു പോയി "
ആര്യയുടെ വാക്കുകളിൽ  പക്വത വന്ന ഒരു കലാകാരിയുടെ  പാരതന്ത്ര്യത്തിന്റെ വേദന തുടിച്ചു നിന്നു. കലാഭവനിലെ തന്റെ കോഴ്സ് പൂർത്തിയാക്കി സ്വതന്ത്രമായി എന്തെങ്കിലും ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു ആര്യ .

"എനിക്കെന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. എന്റെ കൂട്ടുകാരികൾ പലതും ചെയ്ത് ഇൻസ്റ്റാഗ്രാമിലും , ഫെയ്സ്ബുക്കിലുമിടുന്നത് ഞാൻ കാണുണ്ടായിരുന്നു. " ആര്യ തുടർന്നു.
ആര്യയുടെ അവസ്ഥ ദീപക്കും തിരിച്ചറിഞ്ഞു. എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിനുമേൽ  ദീപക്കിന്റെ മൊബൈൽ ഫോൺ ക്യാമറ കൺ തുറന്നു. ഒരു പുതിയ മുഖപുസ്തക താൾ തുറക്കപ്പെട്ടു.  "ബംഗാളി മല്ലു വാല "


"ആദ്യ വീഡിയൊ പോസ്റ്റ് ചെയ്തപ്പോൾ വലിയ പ്രതികരണമൊന്നും ലഭിച്ചില്ല. എന്നാൽ  വൈകുന്നേരം തുറന്നു നോക്കിയപ്പോൾ കണ്ടത് അവിശ്വസനീയമായ കാഴ്ചയാണ് കണ്ടത്. " ദീപക് സാക്ഷ്യപ്പെടുത്തുന്നു.
കമന്റ് ബോക്സിൽ  നല്ല അഭിപ്രായങ്ങൾ  .... കുതിച്ചുയരുന്ന ലൈക്കുകൾ .... ആവശ്യങ്ങൾ .....

"ആര്യയുടുത്തിരുന്നത് പോലുള്ള സാരികൾ വാങ്ങി അയച്ചു തരാമോ എന്നതായിരുന്നു പ്രധാന ആവശ്യം. "
ദീപക്  തുടർന്നു. കോവിഡിന്റെ കാഠിന്യം കുറഞ്ഞു തുടങ്ങി ലോകത്തെല്ലായിടത്തുമെന്ന പോലെ ബോൽപൂരും അതിന്റെ ജീവചൈതന്യം തിരിച്ചു പിടിച്ചു തുടങ്ങി. കമന്റ് ബോക്സിലുള്ള ഒരാളുടെ ആഗ്രഹം ഈയവസരത്തിൽ ഇരുവരും നിറവേറ്റിക്കൊടുത്തു. ആവശ്യക്കാരിയുടെ അഗ്രഹത്തിനൊത്ത ഒരു സാരി രണ്ടു പേരും വീഡിയോ ചാറ്റിലൂടെ അവരുടെ സാന്നിദ്ധ്യത്തിൽ തിരഞ്ഞെടുത്ത് അയച്ചു കൊടുത്തു. ഇത് ചിത്രീകരിച്ച വീഡിയൊ പോസ്റ്റ് ചെയ്യപ്പെട്ടതോട്  കൂടി അന്വേഷണങ്ങളും കൂടി. ഇതിന്റെ അടയാളങ്ങളാണ് മുറിയിൽ കണ്ട കാഴ്ചകളുടെ അടിസ്ഥാനം.കൂടുതൽ കാഴ്ചക്കാരെത്തിയതോടു കൂടി വൈവിദ്ധ്യങ്ങളായ വീഡിയൊകൾ ഇവർ ചെയ്തു തുടങ്ങി. അത്തരമൊരു വീഡിയൊ പിടിത്തവുമായി തെരുവിലൂടെ നടക്കുമ്പോഴാണ് നമ്മുടെ സമീലിനെ ഇവർ പിടികൂടുന്നത്. സമീലിനെ പോലെ കുറെ പേർ ഇപ്പോൾ ബംഗാളി മല്ലു വാലയുടെ അണിയറയിൽ സേവനമനുഷ്ടിക്കുന്നു.
ബോൽപൂരിന്റെ പല ഭാഗങ്ങളിലും  ഗ്രാമ ചന്തകൾ ധാരാളം നടന്നു വരുന്നുണ്ട്. ഗ്രാമീണർ അവരുടെ സ്വന്തം അധ്വാനത്താലും കരവിരുതാലും മെനഞ്ഞെടുക്കുന്ന കരകൗശല ഉൽപന്നങ്ങളാണ് ഇവിടെ വിൽക്കപ്പെടുന്നത്. അത്തരമിടങ്ങളിൽ നിന്നാണിവർ സാരികളും മറ്റുൽപന്നങ്ങളും കണ്ടെത്തി ആവശ്യക്കാർക്കെത്തിച്ചു നൽകുന്നത്. തങ്ങളെ കൊണ്ടു കഴിയാവുന്ന വിധം ഇവർ ഗ്രാമീണ കച്ചവടക്കാർക്ക്  തങ്ങളുടെ ഉല്പന്നങ്ങൾ വിൽക്കുവാനുള്ള അവസരം ഒരുക്കി കൊടുക്കുകയും ചെയ്യുന്നു.

ഉദാഹരണത്തിന്  നമുക്കൊരു തിരക്കുള്ള ചന്തയിൽ ഇവരോടൊപ്പം ചേർന്ന് കാഴ്ചകൾ കാണാം. നല്ല തിരക്കുണ്ട് പക്ഷെ ഒരു പാവപ്പെട്ട കച്ചവടക്കാരന്റെ ഉല്പന്നങ്ങൾ വാങ്ങുവാൻ ആരുമില്ല. ചിലപ്പോൾ അതൊരു ചെറുപ്പക്കാരനോ ചെറുപ്പക്കാരിയൊ ആകാം.. പ്രായം ചെന്ന ഒരു സ്ത്രീയോ പുരുഷനോ ആവാം ... ചിലപ്പോളതൊരു കുട്ടിയാവാം. നമ്മുടെ മല്ലുവാല അവരോടടുത്തുകൂടുന്നു. വിശേഷങ്ങളാരായുന്നു. വില ചോദിക്കുന്നു. അവരുടെ സാധനങ്ങൾ മൊത്തമായോ ചില്ലറയായോ അത് വാങ്ങുന്നു. ഇത് ചിത്രീകരിക്കപ്പെടുന്ന വീഡിയൊ  വൈറൽ ആകുന്നതോടൊപ്പം ഈ  ഉല്പന്നങ്ങൾക്കുള്ള ആവശ്യക്കാരെത്തുന്നു. അടുത്ത സന്ദർശനത്തിൽ പ്രസ്തുത കച്ചവടക്കാരന് മറ്റൊരു ബിസിനസ്സായി അതു തിരിച്ചു നൽകുന്നു. ഇത്തരം പ്രവർത്തനങ്ങൾ കൊണ്ടു ലഭിക്കുന്ന സ്നേഹ ബന്ധങ്ങൾക്ക് ഏതളവുകോൽ കൊണ്ടാണ് നമുക്കു വിലയിടുവാൻ കഴിയുക...

ഉറക്കം കൺപോളകളെ തഴുകി തുടങ്ങിയിട്ടുണ്ട്. രാത്രി ദാഹിച്ചാൽ കുടിക്കുവാനുള്ള വെള്ളമെടുത്ത് വെച്ച് ഞങ്ങളെ ഉറങ്ങുവാൻ വിട്ട് ദീപക്കും ആര്യയും അവരുടെ പ്രവർത്തനങ്ങളിലേക്ക് മടങ്ങി.

തുടരും





Comments

santhosh chunda said…
സൂപ്പർ ചന്ദ്രേട്ടാ.... 👌👌👌👏👏👏
Nanu Rekhitha , Chattanchal said…
ചന്ദ്രേട്ടാ നല്ലൊരു സംരംഭകത്വ ആശയം പങ്ക് വെച്ചതിന് നന്ദി.
ഒരു പാട് പഠിക്കാനുണ്ട് ഈ സ്റ്റോറിയിൽ നിന്നും .
വളരെയേറെയിഷ്ടപ്പെട്ടു.
Anonymous said…
👍
Anonymous said…
Verynice.......
Roshni Aramana said…
നല്ല അനുഭവക്കുറിപ്പ്.
ആശംസകൾ...
KKG Manakkattu said…
താങ്കളുടെ ബംഗായനം വായിക്കാറുണ്ട് , ഇരുത്തം വന്ന എഴുത്തുകാരന്റെ നിലവാരത്തിലേക്ക് താങ്കൾ പ്രയാണം ചെയ്തു കൊണ്ടിരിക്കുകയാണ് , ഈ എളിയ വന്റെ എല്ലാ വിധ ഭാവുകങ്ങളും🙏🙏
Anonymous said…
ഞാൻ മുമ്പ് പറഞ്ഞത് ഓർമയില്ലേ, എഴുതിക്കഴിഞ്ഞാൽ, ഒരു പ്രസാധകനെ കാണണം - K K G
ചന്ദ്രൻ മൊട്ടമ്മൽ said…
തീർച്ചയായും ,
Anonymous said…
വാരാന്ത പതിപ്പുകളിൽ ചന്ദ്രൻ മൊട്ടമ്മലിന്റെ സൃഷ്ടികൾ,അനുഭവങ്ങൾ ലേഖനങ്ങളായി വരട്ടെ.. ആശംസകൾ
Anonymous said…
നന്നായിരുന്നു എന്നല്ല, വളരെ മികച്ചതായിരുന്നു. ഇനിയും തുടരുക
Rahman Adoor said…
നന്നായിരുന്നു എന്നല്ല, വളരെ മികച്ചതായിരുന്നു. ഇനിയും തുടരുക. 👌👌👌
ചന്ദ്രൻ മൊട്ടമ്മൽ said…
ബംഗായനം ചിത്ര പ്രദർശനവും കൂട്ടത്തിൽ ഈ എഴുത്തുകൾ പുസ്തകമാക്കുന്നതിന്റെ സാദ്ധ്യതകൾ തേടുകയുമാണ്. താങ്കളുടെ ആശംസ ഫലവത്താകുമെന്ന് വിശ്വസിക്കാം. നന്ദി.

Popular posts from this blog

നീ കാഫിറാണ്

ബംഗായനം

ബംഗായനം