മൂവാളംകുഴി ചാമുണ്ടി

____ മൂവാളംകുഴി ചാമുണ്ഡി ___
 പെയിന്റിങ്ങ് : മുവാളംകുഴി ചാമുണ്ടി
അക്രിലിക് ഓൺ ക്യാൻവാസ്



തുലാപ്പത്ത് കഴിഞ്ഞാൽ വടക്കൻ മലബാറിന്റെ രാവുകളെയും , പകലുകളെയും ത്രസിപ്പിച്ച്, തെയ്യക്കോലങ്ങളുടെ പുറപ്പാടുകളായി. രാത്രിയുടെ നിഗൂഢ സൗന്ദര്യത്തിന് മാറ്റുകൂട്ടി ഓലച്ചൂട്ടുകളുടെ മഞ്ഞ വെളിച്ചത്തിൽ ആസുരവാദ്യങ്ങളുടെ അകമ്പടിയോടെ , കാൽ ചിലമ്പുകളണിഞ്ഞ്, ആയുധധാരികളായവ ഉറഞ്ഞാടും..... അരിയും മഞ്ഞളു ചെത്തിപ്പൂവും നൽകി അനുഗ്രഹങ്ങൾ ചൊരിയും ... ഇത് മലബാറിന്റെ മാത്രം സൗഭാഗ്യം.

സ്കൂൾ കാലഘട്ടങ്ങളിൽ തെയ്യം ഒരു ഹരമായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിന്റെ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന തെയ്യക്കാവുകൾ ഉണരുമ്പോൾ ഉണരുന്നത് ഒരിക്കലും ഏതെങ്കിലും വിഭാഗത്തിന്റെ ദൈവിക ആചാരങ്ങൾ മാത്രമായിരുന്നില്ല. ആ നാടിന്റെ മൊത്തം സംസ്കൃതി ആയിരുന്നു.

ഒരിക്കൽ ഒരു തെയ്യരൂപം വരക്കുവാൻ വേണ്ടി  മുഖത്തെഴുത്ത് മുതൽ പരിസമാപ്തി വരെയുള്ള കാര്യങ്ങൾ ഉറക്കമിളച്ചിരുന്ന്  മനസ്സിലാക്കിയതോർക്കുന്നു. അന്നിന്നത്തേത് പോലെ ഗൂഗിളോ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോ മൊബൈലുകളോ ഇല്ലായിരുന്നു... പകരം  കണ്ടതെല്ലാം മനസ്സിൽ കോറിയിട്ടു ...അതൊരനുഭവമായിരുന്നു...

ചിത്രമെഴുത്ത്  പുതിയ തലങ്ങളിലേക്ക് വ്യാപരിക്കുകയും ജനിച്ച നാട്ടിൽ നിന്ന് പറിച്ചുനടപ്പെടുകയും ചെയ്തപ്പോൾ തെയ്യക്കാവുകളും , നാട്ടുകൂട്ടങ്ങളും മാഞ്ഞു പോയിരിക്കുന്നു... പകരമത് ഓർമ്മചിത്രങ്ങൾ മാത്രമാണ്. ഈ ഓർമ്മയിൽ നിന്ന് കൊണ്ടാണ്  ഞാൻ മൂവാളംകുഴി ഭഗവതിയെ വരക്കുന്നത്.  എനിക്ക് പരിചയമില്ലാത്ത തെയ്യക്കോലം.... ഞാനിതുവരെ ദർശിച്ചിട്ടില്ലാത്ത തെയ്യക്കോലം... ഇനി നമുക്ക്  അക്ഷരങ്ങളിലൂടെ തെയ്യത്തിന്റെ ഐതിഹ്യമൊന്നറിയാം. കൗതുകകരമാണത്.... രസാവഹവും.... നമ്മുടെ യുക്തിക്ക് നിരക്കുന്നതല്ലിത്.... മിത്തുകളുടെ നിഗൂഢ ലോകത്തേക്ക്   ഒരു മാന്ത്രികനെ പോലെ കടന്നു ചെന്നാലെ നമുക്കിതാസ്വദിക്കുവാനും അനുഭവിക്കുവാനും കഴിയൂ....


"
നൂറ്റാണ്ടുകൾക്കുമുൻപ് മന്ത്ര തന്ത്രാദികളിൽ പ്രാവീണ്യമുള്ള ബ്രാഹ്മണൻ അരവത്തു എടമന എന്ന പ്രഭുകുടുംബത്തിൽ ജീവിച്ചിരുന്നു. ഇക്കാലത്ത് തന്നെ മധൂരിനടുത്തു ഒളിയത്തു മന്ത്ര തന്ത്രങ്ങളിൽ അപാരപാണ്ടിത്യമുള്ളവർ താമസിച്ചിരുന്ന ഒളയത്തില്ലം എന്ന ബ്രാഹ്മണഗൃഹം ഉണ്ടായിരുന്നു. എടമനയിൽ നിന്ന് ഒരംഗം ഒരുനാൾ ഒളയത്തില്ലം സന്ദർശിക്കുവാനിടവരുകയും ഗൃഹനാഥന്റെ അഭാവത്തിൽ അന്തർജനം വേണ്ടവിധത്തിൽ ഉപചരിക്കാത്തതിനാൽ പ്രകോപിതനായി ചില പൊടികൈ മന്ത്രപ്രയോഗങ്ങൾ നടത്തി തിരിക്കുകയും ചെയ്തു. സ്വന്തം വീട്ടിൽ താമസം വിന എത്തി ചേർന്ന ഒളയത്ത് തന്ത്രി കാര്യം മനസ്സിലാക്കി മന്ത്ര രൂപേണതന്നെ പ്രതികരിക്കുകയും ചെയിതു. പരസ്പരം മനസ്സിലായ തന്ത്രിമാർ മന്ത്രതന്ത്രങ്ങളിൽ തങ്ങൾക്കുള്ള പ്രാവീണ്യം തെളിയിക്കുവാനായി മത്സരിക്കുകയും മന്ത്ര മൂർത്തികളെ കൊണ്ട് ഏറ്റുമുട്ടുകയും ചെയ്തു.. ഈ യുദ്ധത്തിൽ ഒളയത്ത് തന്ത്രി സ്വമൂലാധാരസ്ഥിതയായ പരാശക്തിയെ ശത്രുസംഹാരത്തിനായി നിയോഗിക്കുകയും തന്നെ സമീപിച്ച മന്ത്ര മൂർത്തിയെ എടമനതന്ത്രി മൂലമന്ത്രം കൊണ്ട് ആവാഹിച്ച് തൊണ്ടിലാക്കി കുഴിച്ചിട്ടുവെങ്കിലും ക്ഷണനേരം കൊണ്ട് അത് പൊട്ടി പിളർന്ന് തന്ത്രിയോടടുത്തു. ഇല്ലത്തെത്തിയ  തന്ത്രി പിൻതുടർന്നെത്തിയ  മന്ത്ര മൂർത്തിയെ ഉറപ്പേറിയ ചെമ്പുകുടത്തിൽ  വീണ്ടും ആവഹിച്ചടക്കി. ആശ്രിതന്മാരായ മട്ടൈ കോലാൻ, കീക്കാനത്തെ അടിയോടി എന്നിവരെ കൊണ്ട് ഇല്ലത്തിനു തെക്ക് കിഴക്കായി അരക്കാതെ ദുരെ മൂവാൾ പ്രമാണം കുഴി കുഴിച്ച് അതിലടക്കം ചെയ്യ്തു. സർവ്വതന്ത്രാത്മികയും സർവ്വമന്ത്രാത്മികയുമായ പരാശക്തി ഹുങ്കാര ശബ്ദത്തോടെ പൊട്ടിപിളർന്ന് സ്വതന്ത്രയായി ഭീകരാകാരത്തോടെ ചെന്ന് മട്ടൈ കോലാന്റെ പടിഞ്ഞാറ്റകം തകർത്തു. കൊലാന്നെ വധിച്ച്‌ തന്ത്രിയോടടുത്തു. ഭീതനായ തന്ത്രി പ്രാണരക്ഷാർത്ഥം ഓടി ത്രിക്കണ്ണൻ ത്രയബകേശ്വരനോട് അഭയം ചോദിച്ചു. കിഴക്കേ ഗോപുരത്തിലുടെ കയറിയ തന്ത്രിയെ പിന്തുടർന്ന് പടിഞ്ഞാറെ ഗോപുരത്തിലൂടെ മന്ത്രമുർത്തി തൃക്കണ്ണാട് എത്തിയെങ്കിലും തൃക്കണ്ണാടപ്പന്റെ സാന്ത്വനത്താൽ സന്തുഷ്ടയായി തന്ത്രിക്ക് മാപ്പ് നല്കി. തന്ത്രിമാർ തമ്മിലുള്ള വെറുപ്പ്‌ തീർത്ത് തൃക്കണ്ണാടപ്പന്റെ തന്ത്രിപദം ഒളയത്തില്ലവുമായി പങ്കിട്ടു. ചെമ്പുകുടത്തിൽ മൂവാൾ കുഴിയിൽ മൂന്നേമുക്കാൽ നാഴിക നേരം സ്ഥാപനം ചെയ്യപെട്ടതിനാൽ മൂവാളംകുഴി ചാമുണ്ഡിയായി തൃക്കണ്ണാട് പടിഞ്ഞാറേ ഗോപുരത്തിൽ പ്രതിഷ്ഠനേടി .

കഥകളെ കഥയായി കണ്ടാലെ നമുക്കത്  അനായാസം ആസ്വദിക്കുവാൻ കഴിയു . ഇതു പോലെ അനേക തരം മിത്തുകളും ബിംബങ്ങളുമാണ്  നാമാസ്വദിക്കുന്ന ഓരോ കലാരൂപത്തിനും നിദാനം... യുക്തിഭദ്രതക്ക് ഇവിടെ സ്ഥാനമില്ല.....
____ ചന്ദ്രൻ മൊട്ടമ്മൽ___

Comments

Anonymous said…
എഴുത്തിൻ്റെ വഴിയിലും കരുത്ത് തെളിയിക്കുന്ന താങ്കൾക്ക് നന്ദി.
Anonymous said…
അടിപൊളി..... ഉയരങ്ങൾ കീഴടക്കട്ടെ സഹപാടി
Anonymous said…
നന്നായിരിക്കുന്നു.
Ravi said…
Fantastic..keep it up buddy

Popular posts from this blog

നീ കാഫിറാണ്

ബംഗായനം

ബംഗായനം