ബംഗായനം


ബോൽപൂരിലേക്ക് :


ഹൗറയിൽ നിന്ന്  ബോൽപൂർ  ശാന്തിനികേതനിലെത്താൻ നൂറ്റി അമ്പത്തഞ്ച് കി മി ദൂരം താണ്ടേതുണ്ട്. ഇത് റോഡ് മാർഗ്ഗം സഞ്ചരിക്കുമ്പോൾ ഉള്ള ദൂരമാണ്. മുന്നേ കാൽ മണിക്കൂർ സമയം ഇതിനു വേണം. ട്രെയിൻ മാർഗ്ഗം ഞ്ചരിക്കുമ്പോൾ ഇത് 145 കി.മീ ആയി ചുരുങ്ങും. സമയം മുന്ന് പത്ത് ആയിരിക്കുന്നു.ഞങ്ങൾക്ക് പോകുവാനുള്ള വണ്ടിയുടെ സമയം. മൂന്ന് ഇരുപത്തഞ്ച് ആണ്. കാഴ്ചകളെ അതിന്റെ വഴിക്ക് വിട്ട് ക്ലോക് റൂമിലെത്തി ലഗേജുകൾ കരസ്ഥമാക്കിയതിനു ശേഷം  വണ്ടി പുറപ്പെടുന്ന പ്രന്ത്രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലെത്തി. ഇതിനകം തന്നെ അത് പ്ലാറ്റ് ഫോമിലെത്തുകയും സീറ്റുകളെല്ലാം നിറയുകയും ചെയ്തിരിക്കുന്നു. പല കമ്പാർട്ടുമെന്റുകൾ കയറി ഒടുവിൽ അധികം തിരക്കില്ലാത്ത ഒന്നിൽ ഞങ്ങൾ നിലയുറപ്പിച്ചു. മൂന്നര മണിക്കൂർ യാത്രയുണ്ടിനിയും. ഒരു വശത്തുള്ള ലഗേജ് റാക്കിൽ ലഗേജുക വെച്ചതിനു ശേഷം ഒരു സീറ്റിന്റെ കമ്പിയിൽ ചാരി നിൽപായി. അസഹ്യമായ ചൂടിൽ കമ്പാർട്ട്മെന്റ്  ഒരു ഓവന്റെ പ്രതീതി ജനിപ്പിച്ചു. ബെയ്ക് ചെയ്യുവാനുള്ള ഭക്ഷണപദാർത്ഥങ്ങൾ പോലെ അടുക്കി വെക്കപ്പെട്ട മനുഷ്യ ജന്മങ്ങൾ . ചൂടു സഹിക്കാതെ ചിലർ തങ്ങളുടെ വസ്ത്രങ്ങൾ ഊരി ജാലകത്തിന്റെ അഴികളിൽ തൂക്കിയിട്ടിരിക്കുന്നു. ഈ കനത്ത ചൂടിലും സുഖമായി കൂർക്കം വലിച്ചുറങ്ങുന്നവരുമുണ്ട്. 

ഞാൻ കമ്പാർട്ട്മെന്റ് ആകെ വീക്ഷിച്ചു. ഒരു വശത്തുള്ള സീറ്റിനു മുകളിലെ ലഗേജ് റാക്കുകൾ  അപ്പർ ബർത്തുകൾ പോലെ ഇരുന്നോ കിടന്നോ  യാത്ര ചെയ്യാൻ പാകത്തിലാണ് പണിതിരിക്കുന്നത്. കൂടുതൽ യാത്രക്കാർ ഉപയോഗിക്കുന്ന വണ്ടി ആയതിനാൽ ആയിരിക്കണം ഇങ്ങിനെ ചെയ്തു വെച്ചിരിക്കുന്നത്. അതിൽ മുഴുവൻ ആൾക്കാർ തിങ്ങി നിറഞ്ഞിരിപ്പുണ്ട്. ധാരാളം സ്റ്റോപ്പുകൾ ഉള്ള വണ്ടിയാണിത്. ഓരോ സ്റ്റോപ്പുകളിൽ നിന്നും കൂടുതലാളുകൾ കയറിക്കൊണ്ടിരുന്നു. ഇറങ്ങുന്ന യാത്രക്കാരുടെ എണ്ണം തുലോം കുറവാണുതാനും. തിരക്കു കാരണം വണ്ടിക്കകത്തുള്ള കാറ്റോട്ടം കുറഞ്ഞിരിക്കുന്നു. ഈ തിരക്കിനിടയിലൂടെ ഭക്ഷണസാധനങ്ങളും മറ്റു സാധനങ്ങളും വിൽക്കുന്നവർ ഒന്നിനു പിറകെ ഒന്നായി കടന്നു വരുന്നുണ്ട്. ഇവർ കടന്നു വരുമ്പോഴുണ്ടാകുന്ന ഓളത്തിൽ  പെട്ട്  ശരീരമാസകലം വേദന അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു.

ട്രെയിൻ രുചികൾ:
നിങ്ങളൊരു പക്ഷെ കരുതുന്നുണ്ടാവും ഇത്രയും ദൂരം യാത്ര ചെയ്തിട്ടും ഭക്ഷണത്തെക്കുറിച്ച് ഞാനൊന്നും പറയുന്നില്ലല്ലോയെന്ന്. വിവിധ തരം ഭക്ഷണപദാർത്ഥങ്ങൾ മുന്നിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും ഒരല്പം ശ്രദ്ധ ഭക്ഷണക്കാര്യത്തിൽ  എടുക്കുവാൻ തീരുമാനിച്ചതു കൊണ്ട്  രുചി വൈവിധ്യങ്ങളുടെ ലോകത്തേക്ക്  ഇടിച്ചു കയറി ചെല്ലാനോ കണ്ണിൽ കാണുന്നതൊക്കെ വാങ്ങി തിന്ന്  യാത്രയുടെ രസത്തെ കൊല്ലാനോ താല്പര്യമില്ലെന്നത് തന്നെയാണ് സത്യം. ഈ യാത്രയിൽ പ്രധാന ഭക്ഷണമായി തിരഞ്ഞെടുത്തത് ചപ്പാത്തിയും ദാലും തന്നെ ആണെങ്കിലും , ഇടക്കൊരു രസത്തിന് ചില പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട് എന്ന് പറയാതെ വയ്യ. 

വണ്ടിക്കകത്ത് നിന്ന് നടത്തിയ ചില രുചി പരീക്ഷണങ്ങളെ കുറിച്ച് നമുക്ക് സംസാരിച്ചാലോ !!?
ചായ എനിക്കേറ്റവും ഇഷ്ടുള്ള പാനീയമാണ്. ചായ കുടിക്കുക എന്ന ക്രിയക്ക് അതു കൊണ്ടു തന്നെ നേരമോ കാലമൊ ഒന്നുമില്ല. മുള്ളേരിയയിലെ എന്റെ പെയിന്റിങ്ങ് സ്റ്റുഡിയോയിൽ ഒരു ഇലക്ട്രിക് കെറ്റിൽ ഉണ്ട് പെയിന്റിങ്ങിനിടക്ക് ഇടക്കിടെ ചായയുണ്ടാക്കി കുടിക്കുക എന്നത്  അതുകൊണ്ട് തന്നെ ഒരു ശീലമാണ്. വീട്ടിലാണ് വരയെങ്കിൽ ഇതിനല്പം ഭംഗം വരാറുണ്ട്. കാരണം ഇടക്കിടെ ചായ അവശ്യപ്പെട്ടാൽ അതൊരു വഴക്കിന് വഴി വെച്ചേക്കാം. മുൻപൊക്കെ ട്രെയിൻ യാത്രകൾ നടത്തുമ്പോൾ ഒന്നിലധികം ചായ യാത്രക്കിടക്ക് കടിക്കുന്നത് പതിവായിരുന്നു. പുറം കാഴ്ചകളും കണ്ട് ചായ കുടിക്കുന്ന സുഖം ഒന്നു വേറെ തന്നെ. ഇതെഴുതുമ്പോഴും ഒരു ചായ എന്റെ സമീപത്തുണ്ട്. എന്നാൽ അതു മുഴുവനായും കുടിക്കണമെന്നൊരു നിയമവുമില്ല. ഒരു പിൻബലം മാത്രം.

കേരളത്തിനകത്തും ചെന്നൈക്കുമൊക്കെ പോകുമ്പോൾ ഞാനിപ്പോൾ ആ ശീലത്തിനൊരു അറുതി വരുത്തിയിട്ടുണ്ട്. ചായ എന്ന പേരിൽ നമുക്കു ലഭിക്കുന്ന ദ്രാവകത്തിന്റെ അരുചി തന്നെയാണതിന് കാരണം. എന്നാൽ ഈ യാത്രയിൽ ഞാൻ ചായയെ തിരിച്ചു പിടിച്ചിരിക്കുന്നു. കാരണമെന്താണെന്നല്ലെ . ചെറിയ മൺകപ്പുകളിൽ ലഭിക്കുന്ന ചായയുടെ രുചി തന്നെ. ട്രെയിനിലൊ ബംഗാളിൽ എത്തിയതിനു ശേഷമൊ പേപ്പർ ഗ്ലാസ്സുകളിലൊ ചില്ലുഗ്ലാസ്സുകളിലെ ചായ ലഭിച്ചിട്ടില്ല. പകരം മൺചെരാതുകളെക്കാളും അല്പം വലിപ്പമുള്ള മൺപാത്രങ്ങൾ. എന്തു മനോഹരമാണത് ?!!. മാലിന്യമുക്തമായ ഭൂമിയെ കുറിച്ചു ഘോര ഘോരം സംസാരിക്കുന്ന നമ്മൾ പേപ്പറും ,പ്ലാസ്റ്റിക്കും കൊണ്ട് ഭൂമി നിറച്ചു കൊണ്ടേയിരിക്കുന്നു. എന്തു കൊണ്ട് പേപ്പർ ഗ്ലാസ്സുകർക്കും, പ്ലെയിറ്റുകൾക്കും പകരം മൺ കപ്പുകളും പ്ലെയിറ്റുകളും നമുക്ക് ഉപയോഗിച്ചു കൂട...

"ചർമുറി ചർമുറി "
ഒരു വായ്ത്താരി കേൾക്കുന്നു. അല്പം കഴിഞ്ഞ് ചർമുറി വില്ലനക്കാരനെത്തി. കഴുത്തിൽ ഞാത്തിയിട്ട ചതുരാകൃതിയിലുള്ള തകരം കൊണ്ടുണ്ടാക്കിയ ഓയിൽ കണ്ടെയ്നറിന് ചുറ്റും പിടിപ്പിച്ചിരിക്കുന്ന ചെറു പാത്രങ്ങളിൽ  പലതരം സാമഗ്രികൾ, ഞാനതിലേക്കൊന്ന് കുനിഞ്ഞ് നോക്കി. അരിഞ്ഞു വെച്ച തക്കാളി, സവാള, പച്ചമുളക് , ക്യാരറ്റ്, തേങ്ങാ കൊത്ത്  , വലിയ കണ്ടെയ്നറിനകത്ത് പൊരിയാണ്. അരി വറുത്തുണ്ടാക്കുന്ന ഉത്സവ പറമ്പുകളിൽ മതിലുകൾ പോലെ അടുക്കി വെച്ച് വിൽക്കുന്ന നമ്മുടെ ഇഷ്ടവിഭവം തന്നെ.

" ഒരു ചർമുറി കഴിച്ചാലൊ " വിപിൻ ആരാഞ്ഞു..
ഏതായാലും ഒന്നു രുചിച്ചു നോക്കിയേക്കാം. ഞാൻ മടിച്ച് മടിച്ച് സമ്മതം മൂളി.
"ഏക് ചർമുറി " ഒരെണ്ണം ഓർഡർ ചെയ്യപ്പെട്ടു. ചർമുറിക്കാരൻ തന്റെ വേല തുടങ്ങി. കൈയ്യിലുള്ള സ്റ്റീൽ തൂക്കു പാത്രത്തിലേക്ക് കൈകൊണ്ട് കുറച്ച് പൊരി വാരിയിട്ടു, അതു കഴിഞ്ഞ് ഓരോ പാത്രത്തിൽ നിന്നും തക്കാളി, സവാള , ക്യാരറ്റ്, പച്ചമുളക്  തുടങ്ങിയവ നുള്ളിയിട്ടു എല്ലാം കൈ കൊണ്ടു തന്നെ,

"ഈ തിരക്കിനിടക്ക് ആരെയൊക്കെ തൊട്ടിട്ടുണ്ടാവും ? എവിടെയൊക്കെ പിടിച്ചിട്ടുണ്ടാവും ?.... ശുചിത്വത്തിന് ഏറെ പ്രാധാന്യം നൽകുന്നൊരു മല്ലു വാല എന്റെയുളളിൽ തല പൊക്കി ",
അവനെ പിടിച്ച്  കൂമ്പിനിട്ടൊരു ഇടി കൊടുത്തടക്കി നിർത്തി ചർമുറിക്കാരന്റെ പ്രവർത്തിയിൽ ഞാൻ കണ്ണു നട്ടു. വാരിയിട്ടതും നുള്ളിയിട്ടതുമൊക്കെ ഒരു തവ കൊണ്ട്  ഒരു പ്രത്യേക താളത്തിൽ നന്നായി ഇളക്കി വർത്തമാന പത്രം കൊണ്ടുണ്ടാക്കിയ ഒരു കവറിൽ നിക്ഷേപിച്ച് ഞങ്ങൾക്ക് കൈമാറി. പുളിയുമെരിവുമുപ്പും കലർന്നൊരു രുചിയോടെ ഞങ്ങളവ അകത്താക്കി. നല്ല എരി. ഇടക്ക് പേരക്കയുമായി എത്തിയ ഒരാളിൽ നിന്ന് അതും വാങ്ങി കഴിച്ച് ഒഴിഞ്ഞ ഒരു സീറ്റിലിരുന്നു പുറ കാഴ്ചകളിലേക്ക് കണ്ണുപായിച്ചു. നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു. വണ്ടി ഇപ്പോൾ ബോൽപൂർ ശാന്തിനികേതൻ സ്റ്റേഷനിലാണ്...
തുടരും.

Comments

Anonymous said…
Wonderful
Anonymous said…
Great! Interesting 👌👍
Anonymous said…
യാത്രയുടെ അനുഭവങ്ങൾ വരികളിലൂടെ പകർന്നു തരുന്നത് ഏറെ ആസ്വാദകരമാവുന്നുണ്ട് .. സന്തോഷം .
Sasidharan said…
യാഥാർത്ഥ്യ ബോധം ഉള്ള ഒരു ചിത്രകാരൻ്റെ യാത്ര അനുഭവങ്ങൾ...തുടർന്ന് വായിക്കാനുള്ള താത്പര്യത്തിലാണ്...
Anonymous said…
ചായയുടെ വിവിധ ഭാവങ്ങൾ ഇഷ്ടമായി ''''.. എഴുത്ത് അഭംങ്കുരം തുടരട്ടെ'' -
chandran mottammal said…
നന്ദി. നല്ല വായനക്ക്.
ചന്ദ്രൻ മൊട്ടമ്മൽ said…
ഓരോ ചായയും ഓരോ ചിന്തയെയും ചൂടുപിടിപ്പിക്കുന്നു.
ശശീന്ദ്രൻ.കെ. said…
ചന്ദ്രൻമൊട്ടമ്മൽ"
എഴുത്ത് വരകളിലൂടെ
യാത്ര ചെയ്തു
നമ്മെ ഒപ്പം നടത്തുന്നു...,നന്ദി..!

❣️
ചന്ദ്രൻ മൊട്ടമ്മൽ said…
നന്ദി
കെ.കെ ഗംഗാധരൻ, മണക്കാട്ട് said…
എല്ലാം ക്രോഡീകരിച്ചിട്ടില്ലേ, ബുക്ക് ആയി പ്രസിദ്ധീകരിക്കാൻ ശ്രമിക്കു
Aswathi Joseph, Pandy said…
Nalle ind mashe
Sashidharani K said…
ഗ്രഹിച്ചെടുക്കാൻ
എളുപ്പമുള്ള
സുഖ എഴുത്ത്
ശൈലി ആണ് ഇവിടെ
ചന്ദ്രൻ്റെതു....
തുടരുക ഒപ്പുണ്ട്...🌿
Sherief Afsar said…
ചായ ഒരു വീക്ക്നസ്സ് ആണു! പെരുത്ത് ഇഷ്ടപ്പെട്ടു👌
ചന്ദ്രൻ മൊട്ടമ്മൽ said…
എനിക്കും
ചന്ദ്രൻ മൊട്ടമ്മൽ said…
Thank you for readiy
ചന്ദ്രൻ മൊട്ടമ്മൽ said…
നന്ദി
Anonymous said…
യാത്രാനുഭവങ്ങൾ കൈവിരൽ തുമ്പിലൂടെ ചിത്രങ്ങൾ ആയി മാറട്ടെ എന്ന് ആശംസിക്കുന്നു
Sherry said…
ഇതുവരെ ഉള്ള അദ്ധ്യായങ്ങൾ വായിച്ചപ്പോൾ പെട്ടെന്നങ്ങു തീർന്നു പോയപോലെ ഒരു ഇച്ഛാഭങ്ങം തോന്നുമായിരുന്നു. ഇതിന് കുറച്ചു കൂടെ മനസ്സ് നിറക്കാനുള്ള ദൈർഖ്യം ഉണ്ടായിരുന്നു 😍😍 നന്ദി സുഹൃത്തേ.. കൂടെ ഞാനും സഞ്ചരിക്കുന്ന ഒരു പ്രതീതി
Anonymous said…
കൂടെ യാത്ര ചെയ്ത അനുഭവം
വളരെ മനോഹരം
Jaison Joseph said…
👍👍👍🌹🌹🌹
ചന്ദ്രൻ മൊട്ടമ്മൽ said…
വായനക്ക് നന്ദി. കൂടുതൽ സമയമിരുന്ന് വായിക്കുവാൻ ഇപ്പോൾ പലർക്കും മടിയാണ്. അത് കൊണ്ടാണ് ചില പോയിന്റുകളിലെത്തുമ്പോൾ പൊടുന്നനെ നിർത്തുന്നത്.

Popular posts from this blog

നീ കാഫിറാണ്

ബംഗായനം

ബംഗായനം