ബംഗായനം




കാഴ്ചകളിലേക്ക് തുറക്കുന്ന ജാലകങ്ങൾ  :

സാമ്പത്തികമായ അനിശ്ചിതത്വങ്ങളും തിരക്കുകളുമുണ്ടെങ്കിലും ഒരു യാത്രക്കു വേണ്ട വസ്ത്രങ്ങളും, വരയ്ക്കാവശ്യമായ ക്യാൻവാസുകളും ബ്രഷുകളും , ജലച്ചായ രചനക്കുള്ള കടലാസുകളും , പെയിന്റും, ഈസലും , ബോർഡും ആദ്യം തന്നെ ഒരുക്കി വെച്ചു. മെയ് ആറിന് കാലത്ത് 7.30 ന് കാസറഗോഡ് നിന്ന് ചെന്നൈ എഗ്മോർ  എക്സ്‌പ്രസ്സിൽ എഗ്മോറിലേക്കും മെയ് 7ന് ചെന്നൈ സെൻട്രലിൽ നിന്ന് ഷാലിമാറിലേക്കും ആണ് ടിക്കറ്റ് . യാത്രക്കുള്ള ടിക്കറ്റ് ഒരു മാസം മുൻപ് തന്നെ വിപിൻ ഇരിട്ടി ഓൺലൈൻ വഴി അയച്ചു തന്നിരുന്നു. ഈ യാത്രയിൽ ആദ്യം നാലു പേരായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. ഒരാൾ ആദ്യ ആഴ്ച്ചയിൽ തന്നെ പിൻവലിഞ്ഞു. രണ്ടാമത്തെയാൾ യാത്രക്ക് നാലു ദിവസങ്ങൾ മുൻപും.
ഇനിയീ യാത്രയിൽ രണ്ടു പേർ മാത്രമെ അവശേഷിക്കുന്നുള്ളൂ. ഞാനും വിപിൻ ഇരിട്ടിയും .

യാത്രക്കുള്ള ദിവസം സമാഗതമായിരിക്കെ തിരക്കുകളും കൂടിക്കൊണ്ടിരുന്നു. വിപിന് ബാംഗ്ലൂരിലും , സേലത്തുമെത്തണം. അതുകൊണ്ട്  കാസറഗോഡ് നിന്ന് ചെന്നെയ്ക്കുള്ള യാത്രയിൽ ഞാൻ തനിച്ചായി. വിപിൻ ബാംഗ്ലൂർ വഴി സേലത്തെത്തി കാര്യങ്ങൾ നിർവ്വഹിച്ച ശേഷം ചെന്നൈക്ക് എത്താമെന്നറിയിച്ചു.
എനിക്കും തിരക്കുകൾ കൂടുകയാണ്. ഒരു ഗൃഹപ്രവേശവുമായി ബന്ധപ്പെട്ട വരയുടെ  തിരക്കുണ്ട്. പുതിയ അധ്യയന വർഷവുമായി ബന്ധപ്പെട്ട് ഒരു സ്കൂളിന്റെ വരയും ... ഒരു ക്രിയേറ്റീവ് പെയിന്റിങ്ങും തീർക്കുവാനുണ്ട്. കൂടാതെ കാഞ്ഞങ്ങാട്  അലാമിപ്പള്ളിയിൽ സർക്കാരിന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രദർശന വിപണനമേളയിലനുവദിക്കപ്പെട്ട സ്റ്റാളിന്റെ കാര്യങ്ങളും ശ്രദ്ധിക്കുവാനുണ്ട്.

കാസറഗോഡ്  നിന്ന് പുറപ്പെടുവാനാണ് ടിക്കറ്റ് എടുത്തിരുന്നതെങ്കിലും കാഞ്ഞങ്ങാട് നിന്ന്  ട്രെയിൻ കയറാമെന്ന തീരുമാനത്തിലെത്തി. ഇതിനൊരു  കാരണമുണ്ടായിരുന്നു. ഒന്ന് മുള്ളേരിയയിൽ നിന്നും കാലത്ത് 7.30 ന് റെയിൽവെ സ്റ്റേഷനിൽ എത്താനുള്ള ബുദ്ധിമുട്ട്. ആ സമയത്ത് അവിടെ എത്തണമെങ്കിൽ ടാക്സി പിടിക്കേണ്ടിവരും. കാഞ്ഞങ്ങാട് നിന്ന് കയറുവാണേൽ രാത്രി ഒൻപത് മണിവരെ സ്റ്റാളിലെ കാര്യങ്ങൾ നോക്കാം. കാലത്ത് 8 മണി ആകുമ്പോൾ സ്റ്റേഷനിൽ എത്തിയാൽ മതി. അതുകൊണ്ട് യാത്രാ സാമഗ്രികൾ കാഞ്ഞങ്ങാട്  എലൈറ്റ് ടൂറിസ്റ്റ് ഹോമിൽ സൂക്ഷിച്ച് പ്രദർശന ഹാളിലെത്തി. കാര്യമായ ചലനങ്ങളൊന്നും പ്രദർശനത്തിൽ കാണാൻ കഴിഞ്ഞില്ല. എങ്കിലും ആദ്യമായി ഒരു സംരഭത്തിൽ പങ്കാളിയായതിന്റെ ത്രിൽ അനുഭവിക്കുവാൻ കഴിയുന്നുണ്ടായിരുന്നു. പ്രദർശന സമയത്തിനു ശേഷം ഹോട്ടലിൽ തിരിച്ചെത്തി സുഖമായുറങ്ങി.


കാലത്തെഴുന്നേറ്റ്  പ്രഭാതകൃത്യങ്ങൾക്ക് ശേഷം 7.30 ആയപ്പോൾ സ്റ്റേഷനിലെത്തി. സ്റ്റേഷനിൽ വലിയ തിരക്കൊന്നുമുണ്ടായിരുന്നില്ല. 7.55 ന് കൃത്യ സമയം പാലിച്ച് വണ്ടിയെത്തി. എനിക്ക് യാത്ര ചെയ്യേണ്ടത് S3 കോച്ചിൽ  60-ാം നമ്പർ യാത്രക്കാരനായാണ്.  കെട്ടും ഭാണ്ഡവും ഒതുക്കി വെച്ച് 60-ാം നമ്പർ ഇരിപ്പിടത്തിൽ ഞാൻ ആധിപത്യം സ്ഥാപിച്ചു. ഇനി ഒരു പകലും ഒരു രാത്രിയും. ഇതാണിനിയെന്റെ സാമ്രാജ്യം ....... എന്റെ സിംഹാസനം....ലോകം. ..... വീട്.
ലഭിച്ചത് മധ്യത്തിലുള്ള ഇരിപ്പിടം ആണെങ്കിലും ജാലകവാതിലിനടുത്തേക്ക് ഞാൻ ചേക്കേറി. മഞ്ഞ നിറത്തിൽ കറുത്ത അക്ഷരങ്ങൾ പേറി വലിയ സിമന്റ് ഫലകങ്ങൾ സ്ഥലനാമമറിയിച്ച ശേഷം  പുതിയവയ്ക്ക് അവസരം നൽകിക്കൊണ്ട് പിന്നിലേക്ക് ഓടിമറഞ്ഞു കൊണ്ടേയിരുന്നു സ്വാർത്ഥത ലവലേശമില്ലാതെ.

കാലത്തൊന്നും കഴിച്ചിരുന്നില്ല.
"ഒരു ചായ കുടിച്ചാലോ ?"
മനസ്സു മന്ത്രിച്ചു.

ചായ് ....ചായ് ....
മനസ്സു വായിച്ചത്  പോലെ ഒരു കൈയ്യിൽ സ്റ്റീൽ ടംബ്ലറും തൂക്കി മറു കൈയ്യിൽ പേപ്പർ ഗ്ലാസ്സും  ടീ ബാഗുമായി ചായക്കാരനെത്തി. ഒരു ചായ വാങ്ങി.
അരുചിയുടെ  കമർപ്പും കൈയ്പ്പും രുചിമുകുളങ്ങളെ  തലോടി കടന്നുപോയി. ഗ്ലാസ് വലിച്ചെറിഞ്ഞ് വീണ്ടും  ജാലകക്കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നു. യാത്രക്കാർ ഇറങ്ങുകയും കയറുകയും ചെയ്തു കൊണ്ടിരുന്നു. ഇപ്പോൾ അല്പം തിരക്കേറിയിരിക്കുന്നു. സീറ്റിലിരിക്കുന്നതിനു വേണ്ടി ഒരാൾ മറ്റൊരാളോട് തർക്കിക്കുന്നുണ്ട്.

ഇടക്ക് കുതിച്ചു പാഞ്ഞും ഇടക്കിഴഞ്ഞ് നീങ്ങിയും  വണ്ടി ഉച്ചയോടെ ഷൊർണ്ണൂർ ജംഗ്ഷനിലെത്തി. സീറ്റിൽ പുതിയ യാത്രക്കാർ എത്തിയിരിക്കുന്നു. തമിഴന്മാരാണ്. കുലീനമായി വസ്ത്രം ധരിച്ചവർ. അവരുടെ സംഭാഷണത്തിലേക്ക് കാത്  കൂർപ്പിച്ചു. വിഷയം ബിസിനസ് ആണ്. കൗതുകം തോന്നി. ഡബിറ്റും , ക്രെഡിറ്റും, പ്രോഫിറ്റും ,ലോസും ,ബാലൻസ് ഷീറ്റും ഓർമ്മയിലേക്ക് തള്ളിക്കയറി വന്നു.
ഇരിക്കുന്ന കൂപ്പെ ഒരു ക്ലാസ്സ് മുറിയായി .. തമിഴന്മാരെ തള്ളി മാറ്റി ആ സ്ഥാനം മറ്റു ചിലർ കൈയ്യേറിയിരിക്കുന്നു....
ഹാ ... ഇതെന്റെ കൂട്ടുകാരല്ലെ ?..... കാമ്പ്രത്ത് ....രാജീവൻ....രമേശൻ ..... മനോഹരൻ.....

മനോരാജ്യം വിട്ട്  തമിഴന്മാരുമായി ചങ്ങാത്തത്തിലായി. എഗ്മോറിൽ  നിന്ന്  5 മണിക്ക്  ലോക്കൽ മെട്രോ ഉണ്ടെന്നും. 5 രൂപ കൊടുത്താൽ സെൻട്രലിൽ എത്താമെന്നും ടാക്സിയോ  റിക്ഷയോ പിടിക്കേണ്ട .. പരിചയമില്ലാത്തയാളാണെന്ന് മനസ്സിലായാൽ മുന്നൂറോ നാനൂറോ രൂപ വാങ്ങുമെന്നും അവർ മുന്നറിയിപ്പു തന്ന് അവർ  തങ്ങളുടെ ചർച്ച തുടർന്നു. ഞാനല്പം മയങ്ങി.


പകലോൻ പടിഞ്ഞാറൻ ചക്രവാളവും വിട്ട് അറബിക്കടലിന്റെ അഗാധതയിലേക്ക് വഴുതി വീണു കാണും . കാഴ്ചകൾ മങ്ങിത്തുടങ്ങിയിരിക്കുന്നു. ഇരുളിനെ കീറിമുറിച്ച് വണ്ടി മുന്നോട്ട് നീങ്ങി ....

തുടരും.

Comments

Anonymous said…
Good🌹
Anonymous said…
നാന്നായിട്ടുണ്ട്👍
Anonymous said…
നന്ദി തുടർ വായനക്ക് ബാക്കി ഭാഗം ഉടൻ എഴുതാം
Anonymous said…
ഇതിന്റെ മുൻ ഭാഗങ്ങളും വായിക്കൂ
chandran mottammal said…
എല്ലാ വായനക്കാർക്കും നന്ദി.
Anonymous said…
വളരെ നന്നായിരുന്നു യാത്ര വിവരണം അല്ല നല്ലൊരു കഥയാണ് എനിക്ക് തോന്നുന്നത്
Vidya said…
Adipoly

Popular posts from this blog

നീ കാഫിറാണ്

ബംഗായനം

ബംഗായനം