വണ്ടിക്കുന്ന്

ഗാഡിഗുഡ്ഢെ :
ഗാഡിഗുഡ്ഢെ എന്നാൽ വണ്ടിക്കുന്ന്. കാസർഗോഡിന്റെ അതിർത്തി പ്രദേശമായ കുംബഡാജെ പഞ്ചായത്തിലെ ഏഴാം വർഡിലുൾക്കൊള്ളുന്നു ഗാഡിഗുഡ്ഢെ. കാസറഗോഡിന്റെ മുൻ പാർലിമെന്റ് അംഗം അഡ്വ: എം. രാമണ്ണ റൈയുടെ ജന്മ നാടാണിത്. പേരു സൂചിപ്പിക്കുന്നതു പോലെ ഒരു വലിയ കുന്നിന്റെ നെറുകയിലാണ് ഈ ഗ്രാമം .
മുൻകാലങ്ങളിൽ ഈ പ്രദേശത്തെ പ്രധാന വാണിജ്യ വിനിമയ കേന്ദ്രമായിരുന്നു ഇതെന്ന് പഴമക്കാർ പറയുന്നു. കാസറഗോഡ് പട്ടണത്തിൽ നിന്നു കാളവണ്ടികളിൽ  എത്തുന്ന ചരക്കുകൾ ഇവിടെ വെച്ചാണത്രെ വിതരണം ചെയ്യപ്പെട്ടത്. കാളവണ്ടികൾ നിർത്തിയിടുകയും
കാളകൾക്ക് ഭക്ഷണവും വെള്ളവും നൽകുവാനുള്ള താവളമാവുകയും ചെയ്തതോടെ ഈ സ്ഥലം വണ്ടിക്കുന്ന് എന്നറിയപ്പെടുവാൻ തുടങ്ങി. ഒന്നോ രണ്ടോ പലചരക്കു കടകളും ചായപ്പീടികയുമായിരുന്നു അന്നത്തെ ഗാഡിഗുഡ്ഢെയുടെ അലങ്കാരങ്ങൾ . കാളകൾക്കുള്ള തീറ്റ വസ്തുക്കളായിരുന്നു പ്രധാന കച്ചവട വസ്തു.

കല, സംസ്കാരം :
തെയ്യം, യക്ഷഗാനം, തുടങ്ങിയവയായിരുന്നു ഇവിടുത്തെ പ്രധാന കലകൾ. ഇവ രണ്ടുമല്ലാതെ സ്വതന്ത്രമായ ഇടപെടലുകൾക്കുള്ള ഒരു സംവിധാനം ഇവിടത്തുകാർക്ക് ഉണ്ടായിരുന്നില്ല. തേങ്ങയേറ്, കോളിക്കെട്ട് (കോഴിപ്പോര്), ഗോരി കളി (പഴയ കാലത്തുണ്ടായിരുന്ന ഒരു തരം നാടൻ പന്തുകളി )ഇവയായിരുന്നു മറ്റ് പ്രധാന വിനോദങ്ങൾ .
തഴപ്പായയും , ചൂട്ടുമായി യക്ഷഗാനം കാണുവാൻ പോകുന്നവരുടെ ഒരു ശ്ലഥ ചിത്രം ഓർമ്മയിൽ നിന്ന് ചികഞ്ഞെടുത്തു തന്നത്  ഇപ്പഴത്തെ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായ ശ്രീ. സിജി മാത്യു വായിരുന്നു. കൂടാതെ ഈ ചിത്രത്തിലെ രംഗങ്ങളോരോന്നും അദ്ദേഹത്തിന്റെ നാവിൽ നിന്നുതിർന്നു വീണ ഓർമ്മച്ചിന്തുകളിൽ നിന്നാണെന്ന് സാക്ഷ്യപ്പെടുത്തട്ടെ.


ജാതീയതയുടേയും അസ്പൃശ്യതയുടെയും കേളീരംഗം കൂടിയായിരുന്നു അന്ന് ഗാഡീഗുഡ്ഡെ. അതുകൊണ്ട് തന്നെ മരണമോ വിവാഹമോ ഒന്നും അവരെ ഒന്നിപ്പിച്ചില്ല.

മാറ്റത്തിന്റെ അലയൊലികൾ :
മാറ്റമില്ലാത്തതൊന്നേയുള്ളൂ അത് മാറ്റമാണെന്ന് മതം . ഇതിൽ നിന്ന്  മാറിനിൽക്കുവാൻ ഗാഡിഗുഡ്ഢേക്കും സാധിക്കുമായിരുന്നില്ല. മുകളിൽ സൂചിപ്പിച്ചത് പോലെ അവിടെയുള്ളവർക്ക് ഒത്തു കൂടുവാൻ ഒരു പൊതു സ്ഥലമില്ലായിരുന്നു. അപ്പോഴാണ് ഒരു ഭജന മന്ദിരം ഗാഡിഗുഡ്ഡേയിൽ സ്ഥാപിക്കപ്പെടുന്നത്. അവിടുത്തെ താമസക്കാരായ എല്ലാ ജനങ്ങളിൽ നിന്നും സാമ്പത്തിക സ്വരൂപണം നടത്തി നിർമ്മിക്കപ്പെട്ട ആ മന്ദിരം നാടിന് സമർപ്പിക്കപ്പെട്ടതോടെ അന്യമതസ്ഥർക്കപ്രാപ്യമായി. ഇതുണ്ടാക്കിയ മുറിവുകളിൽ നിന്ന് പാഠമുൾക്കൊണ്ട് കുറച്ച് യുവാക്കൾ ചേർന്ന് ഫ്രണ്ട്സ് എന്ന പേരിൽ ഒരു വോളിബോൾ ടീം രൂപീകരിക്കുകയും ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ തകർത്ത് ഒത്തുചേരുകയും ചെയ്തു.

കമ്മ്യൂണിസത്തിന്റെ വിത്തുകൾ ഗാഡിഗുഡ്ഢയിലും മുളച്ചു. അതൊരു പുതിയ സാംസ്കാരികോന്നമനത്തിന് നാന്ദിയായി. അവർക്കൊരു കമ്യൂണിസ്റ്റ് എം.പിയുണ്ടായി. അവർക്ക് ശബ്ദിക്കുവാനും അവർക്കു വേണ്ടി ശബ്ദിക്കുവാനും നാവുകളുണ്ടായി. ചെമ്മൺ പാതകൾ കീലിട്ട നിരത്തുകളായി. ആധുനിക വാഹനങ്ങളത്തി. അവിടെ സാങ്കേതിക വിദഗ്ധരും, സർക്കാരുദ്യോഗസ്ഥരും, കലാകാരന്മാരുമുണ്ടായി. അന്നത്തെ ഫ്രണ്ട്സ് വോളിബോൾ ടീം സഫ്ദർ ഹാശ്മി ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബായും തുടർന്ന് 2007 ൽ ഭഗത് സിങ്ങ് ലൈബ്രറി ആന്റ് റീഡിങ്ങ് റൂം സ്ഥാപിക്കപ്പെടുകയും ചെയ്തു. ആദ്യകാല സാരഥികളെ വിസ്മയിപ്പിച്ച് ഇന്നിന്റെ നാദങ്ങൾ അവരോട് തോളോട് തോൾ ചേർന്ന് നിന്ന് ഈ പ്രസ്ഥാനത്തെ നെഞ്ചേറ്റി മുന്നേറുന്നു. അവരുടെ ഓർമ്മകളെ നിറച്ചാർത്തുകൾ കൊണ്ട് രേഖപ്പെടുത്തുവാൻ സാധിച്ചതിൽ എനിക്കും അഭിമാനം തോന്നുന്നു.
മാനുഷ്യകതയിലൂന്നിയ മാറ്റങ്ങൾക്കു വേണ്ടി നിലകൊള്ളാൻ ..... ശബ്ദമുയർത്തുവാൻ ഗാഡിഗുഡ്ഢെക്ക് ഇനിയും ആയിരമായിരം നാവുകളുണ്ടാകട്ടെ....
____ ചന്ദ്രൻ മൊട്ടമ്മൽ ___

പെയിന്റിങ്ങ് വലിപ്പം: 6 x 4 ചതുരശ്ര അടി
മീഡിയം: അക്രിലിക്ക് എമൽഷൻ

Comments

Popular posts from this blog

നീ കാഫിറാണ്

ബംഗായനം

ബംഗായനം