___തിന്നുമ്പം പച്ച ...... തുപ്പുമ്പോൾ ചോപ്പ് ....___
" ബോംബെ ബീഡ
ആരിക്കും തിന്നാ
കുട്ട്യോക്കും തിന്നാ
ബല്യോർക്കും തിന്നാ
തിന്നുമ്പം പച്ച
തുപ്പുമ്പം ചോപ്പ്
ഇറക്കുമ്പം മധുരം"
വായിക്കു തോന്നിയത് കോതക്ക് പാട്ട് എന്നു പറയുമ്പോലെ വായിന്ന് വീഴുന്നതും ചെയ്യുന്ന പേക്കൂത്തുകളും എന്നു വേണ്ട എന്തും ഏതും " വൈറൽ " ആകുന്ന, ആക്കുന്ന ഇന്നത്തെ കാലത്തെ പോലെ
ആധുനിക മാധ്യമങ്ങളൊ അന്തർദേശീയ വലക്കണ്ണികളാൽ കൊരുക്കപ്പെട്ട സാമൂഹ്യ മാധ്യമങ്ങളൊ
വിപുലമല്ലാത്ത ഒരു കാലത്ത് തളിപ്പറമ്പ് പയ്യന്നൂർ ഭാഗത്തു ജീവിച്ച, എത്തിപ്പെടുന്ന ഓരോ ആളും കേട്ടും അനുഭവിച്ചു മറിഞ്ഞ ഒരു വായ്ത്താരിയാണ് മുകളിൽ . ഹൃദയത്തിൽ പതിയുന്ന ഈണത്തിലൊരു വാണിജ്യ പരസ്യതന്ത്രം. പക്ഷെ ഇതിലൊരു സത്യസന്ധത ഉണ്ടായിരുന്നു.
കർപ്പൂരം, പെരുംജീരകം, കരയാമ്പൂ, ഏലക്കായ തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ നല്ല തളിർവെറ്റിലയിൽ പൊതിഞ്ഞ് ഒരു വലിയ സ്റ്റീൽ തളികയിൽ വളരെ മനോഹരമായി അടുക്കി വെച്ച് വില്പനക്കായി എത്തിക്കുന്ന ഈ ബീഡക്ക് ഉത്തരേന്ത്യൻ ലഹരിമാഫിയ ഇന്നത്തെ തലമുറയെ ശീലിപ്പിച്ച മുറുക്കിന്റെ തലകറക്കം വരുന്ന ലഹരി മണമുണ്ടായിരുന്നില്ല. അത് ആരോഗ്യത്തെയും നാവിലെ രുചിമുകുളങ്ങളെയും കെട്ടിടങ്ങളുടെ ചുമരുകളെയും മലീമസമാക്കിയില്ല.
തെറുത്തു കയറ്റിയ ഷർട്ടിന്റെ കൈയ്യം , മടക്കി കുത്തിയ മുണ്ടും ധരിച്ച് ഇടത് കൈത്തണ്ടയിൽ ബീഡ തളികയുമായി വന്നിരുന്ന നരച്ച മീശയും മുടിയുള്ള സുന്ദരനായ ബീഡ വിൽപനക്കാരൻ . ഒരിക്കലാരോടൊ അദ്ദേഹത്തിന്റെ പേരെന്തെന്നു ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം "പൊതുവാൾ " . പൊതുവാൾ . അദ്ദേഹത്തിന്റെ നാടെവിടെയാണ് ? . അറിയില്ല. ആരോടും ചോദിച്ചുമില്ല. ഒരു പക്ഷെ പയ്യന്നൂരായിരിക്കും. എവിടെ അയാലെന്താണ്. പൊതുവാൾ ചിലപ്പോൾ ഒരു നിമിഷ കവിയാണ്. ചിലപ്പോൾ അയാളൊരു രസികനായ ചാക്യാരായി മാറും. കാണുന്ന കാഴ്ചകൾക്കും ആൾക്കാരുടെ രൂപ,ഭാവങ്ങൾക്കു മനുസരിച്ച് വായ്ത്താരി മാറും.
നഗരത്തിലെ ആബാലവൃദ്ധം ജനങ്ങളും പൊതുവാളിന്റെ ബീഡയുടേയും വായ്ത്താരിയുടേയും ആരാധകന്മാരായിരുന്നു. വക്കീലന്മാരും, ഗുമസ്തന്മാരും, പൊലീസുകാരും , അദ്ധ്യാപകരും , വിദ്യാർത്ഥികളും , കൂലിപ്പണിക്കാരും , ചുമട്ടുകാരും തുടങ്ങി എല്ലാ ഗണത്തിൽ പെട്ട ആൾക്കാർക്കും പൊതുവാൾ സ്വീകാര്യനായിരുന്നു എന്നതാണ് സത്യം. സ്ഥാനമാനങ്ങൾ ഇവിടെ അപ്രസക്തമാകുന്നു.
നാഷണൽ കോളേജിലെ പഠനകാലയളവിലായിരുന്നു പൊതുവാളിന്റെ വായ്ത്താരി ആദ്യമായി കേട്ടതും ആസ്വദിച്ചതും. പിന്നീടത് ഞങ്ങളുടെയും വായ്ത്താരികളായി. പഠനം കഴിഞ്ഞ് നഗരത്തിൽ തന്നെ വരയും എഴുത്തുമായി തുടർന്നപ്പോൾ എന്നോ ഒരിക്കൽ വായ്ത്താരിയോടൊപ്പം ബീഡയുടെയും ആസ്വാദകനായി. ഉച്ച ഭക്ഷണം കഴിഞ്ഞാൽ ഒരു ബീഡ കിട്ടിയാൽ കൊള്ളാമെന്നായി. ആൾക്കൂട്ട ആരവങ്ങൾക്കിടയിൽ നിന്നെവിടെയെങ്കിലുമാ വായ്ത്താരി ഉയർന്നു കേൾക്കുന്നുണ്ടോ എന്ന് കാതുകൂർപ്പിക്കലായി.
ഒടുവിലെന്നോ ആ വായ്ത്താരി കേൾക്കാതെയുമായി. നഗരം വിട്ടപ്പോൾ അതൊരോർമ്മയായി.
വർഷങ്ങൾ ഒരുപാടു കടന്നുപോയി. ചിലപ്പോൾ ഒരു വിരുന്നുകാരനപോലെ നഗരത്തിലെത്തുമ്പോൾ..... ഒരു യാത്രികനായി നഗരം കടന്നുപോകുമ്പോൾ ഞാനിന്നും കാതോർക്കുകയാണ്.
" ബോംബെ ബീഡ
ആരിക്കും തിന്നാ
കുട്ട്യോക്കും തിന്നാ
ബല്യോർക്കും തിന്നാ
തിന്നുമ്പം പച്ച
തുപ്പുമ്പം ചോപ്പ്
ഇറക്കുമ്പം മധുരം "
__ ചന്ദ്രൻ മൊട്ടമ്മൽ __
Comments