ബംഗായനം
പുറപ്പാട് :-
ഓരോ പുറപ്പാടും ഓരോ നിയോഗമാണ്. ഇത്തരം നിയോഗങ്ങളിലൂന്നിയ യാത്രകൾ നൽകുന്നത് വ്യക്തിപരമായ ആനന്ദം മാത്രമല്ല. ഒരു നാടിനെ , ഒരു ദേശത്തെ, ഒരു ജനതയെ നേരിട്ടറിയുവാനും അനുഭവിക്കുവാനുമുള്ള അവസരമാണ്. അറിവാണത് ... തിരിച്ചറിവും.
ഓരോ പുലരിയിലും നാമുണരുന്നു. ദിനചര്യകൾ ചെയ്യുന്നു. ഒരു ഋജു രേഖയിലൂടെ ഒരേ ദിശയിലേക്ക് സഞ്ചരിച്ച് , ഒരേ കാര്യങ്ങൾ മാത്രം ചെയ്ത് പുറപ്പെട്ടിടത്തേക്ക് തന്നെ തിരിച്ചെത്തുന്നു. ഇത് അനിസ്യൂതം നാം തുടർന്നുകൊണ്ടേയിരിക്കുന്നു. ഇവിടെ അന്വേഷണങ്ങൾക്ക് സ്ഥാനം ലഭിക്കുന്നില്ല.
കണ്ടെത്തലുകൾക്ക് സ്ഥാനം ലഭിക്കുന്നില്ല.
പരീക്ഷണങ്ങൾക്കും പ്രയോഗങ്ങൾക്കും
സ്ഥാനം ലഭിക്കുന്നില്ല.
എന്ത് വിരസമാണത് !!!.
പുറപ്പാടുകൾക്ക് കാലമുണ്ടോ?...
സമയമുണ്ടോ ? .......
ഇല്ല എന്നാണ് ഞാൻ പറയുക.
എന്നാൽ ഒന്നുണ്ട്.
തടസ്സങ്ങൾ .... നിരുത്സാഹപ്പെടുത്തലുകൾ.
സ്വമേധയാ നിങ്ങൾ ഒരു കാര്യം ചെയ്യുവാൻ തുനിയുന്നു എന്ന് വിചാരിക്കുക. എത്ര പേർ നിങ്ങളുടെ ഉദ്യമത്തെ പിന്തുണക്കുവാനുണ്ടാകും?.
എന്നാൽ നിങ്ങളാ ഉദ്യമത്തിൽ വിജയിക്കുകയാണെങ്കിൽ ഒരു പത്തുപേരെങ്കിലും നിങ്ങളുടെ പിറകെ ഉണ്ടാകും. ഉറപ്പ് ...അപ്പോൾ വിജയം പ കൊണ്ടു മാത്രമെ നിങ്ങൾ അംഗീകരിക്കപ്പെടൂ എന്നു വരുന്നു. ഇത് നിർഭാഗ്യമാണ്..... പരാജയമാണ്.... ആദ്യ ഉദ്യമത്തിൽ നിന്നുള്ള വിജയത്തേക്കാൾ പരാജയമാണ് മികച്ചതും മൂല്യമുള്ളതുമായൊരു വിജയത്തിലേക്ക് നിങ്ങളെ നയിക്കുന്നത്. കൂടുതൽ പഠനവും ഉൾക്കാഴ്ച്ചയും ഇതുമൂലം ലഭിക്കുന്നു.
ഓരോ പുറപ്പാടും ഒരു തരം സ്വാതന്ത്ര്യം പ്രഖ്യാപിക്കലാണ്. ബന്ധങ്ങളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും ഉത്തരവാദിത്വങ്ങളിൽ നിന്നുമുള്ള മോചനമാണമത്. എന്നാലതൊരു ഓളിച്ചോട്ടമായിരിക്കുകയുമാകരുത്.
നാമധിവസിക്കുന്ന ഗ്രാമത്തിൽ നിന്നോ , പട്ടണത്തിൽ നിന്നോ , നമ്മുടെ സ്വകാര്യ മുറിയിൽ നിന്നോ നമുക്ക് ലോകത്തെ കാണുവാനാകും. വായനയിലൂടെ .... ദൃശ്യ,ശ്രാവ്യ മാധ്യമങ്ങളിലൂടെ....
എന്നാലിതിന് യാഥാർത്ഥ്യങ്ങളുടെ ചൂടും ചൂരുമായിരിക്കില്ല ഉണ്ടാവുക, അതിശയോക്തികളുടെയോ അയഥാർത്ഥതയുടെയോ മൂടുപടങ്ങങ്ങളായിരിക്കും. ഇത് യഥാർത്ഥ ആനന്ദമോ അറിവോ അല്ല പ്രദാനം ചെയ്യുക. നേരറിവിന്റെ , നേരനുഭവത്തിന്റെ ആനന്ദം ഒന്നു വേറെ തന്നെ...
യാത്ര ചെയ്തു വരക്കുക, യാത്രാനുഭവങ്ങളിൽ നിന്ന് വരക്കുക അതു മറ്റൊരനുഭവമാണ്. ഇതിനു മുൻപ് നടത്തിയ യാത്രകൾ ഇതിനടിവരയുന്നുണ്ട് .ഇതിനു മുൻപ് മനോഹരമായ ഒരു ലക്ഷ്യവും തേടിയുള്ള ഒരു നാൽവർ സംഘത്തിന്റെ ഭാഗമായിരുന്നു ഞാൻ . ചില സാങ്കേതിക തടസ്സങ്ങൾ ഈ യാത്രയുടെ പ്രയാണത്തെ പിന്നോക്കം വലിച്ചപ്പോൾ അത് നിർത്തിവെച്ച് ജോലിത്തിരക്കുകളിലേക്ക് തിരികെ പോകേണ്ടി വന്നു. എന്നാൽ ഒരു കനൽ .....ഒരുൾവിളി മനസ്സിൽ അവശേഷിച്ചിട്ടുണ്ടായിരുന്നു. കർണ്ണാടകയിലെ ഹുൻസൂരിൽ ഒരു വരയുടെ ഇടവേളയിൽ വിപിൻ ഒരു ചോദ്യമെടുത്തിട്ടു.
"നമുക്ക് കൽക്കത്തയിലോട്ട് വിട്ടാലോ?"
ഉള്ളിലെ കനൽ വീണ്ടും ജ്വലിച്ചു തുടങ്ങി.
ഏതൊരു പുതിയ കാര്യവും തുടങ്ങുന്നതിനു ഒരു തടസ്സം, ഒരു പിൻ വിളി , നിരുത്സാഹപ്പെടുത്തൽ ഉണ്ടാകുമെന്ന് ഞാൻ മുകളിൽ സൂചിപ്പിച്ചതോർക്കുമല്ലോ !!. ഇത് അന്യരിൽ നിന്നല്ല ആദ്യമുണ്ടാവുക നമ്മളിൽ നിന്നാണ്. ഭയം, ആശങ്ക, സാമ്പത്തിക സാഹചര്യങ്ങൾ ഉത്തരവാദിത്വങ്ങൾ തുടങ്ങിയവ ഇതിനു കാരണമായി വർത്തിക്കുന്നു.
നമ്മുടെ ഇച്ഛാശക്തിയുടെ മേലുള്ള പരീക്ഷണമാണിത്.
യാത്രക്കുള്ള തീരുമാനമായി തീയ്യതി തീരുമാനിച്ചു. ടിക്കറ്റ് ബുക്ക് ചെയ്തു.
ദാ വരുന്നു പരീക്ഷണം !!!
ബേക്കൽ ബീച്ച് ഫെസ്റ്റിവൽ പ്രദർശന വിപണന മേളയിൽ പങ്കെടുക്കുവാൻ വിപിന്റെ ആർട്ട് കടക്ക് നിർദ്ദേശം. യാത്ര ചെയ്യണോ ഫെസ്റ്റിൽ പങ്കെടുക്കണോ?!!
ഒടുവിൽ യാത്രക്കു മേൽ പരീക്ഷണം വിജയിക്കുന്നു. ടിക്കറ്റ് പിൻവലിച്ചു. എന്നാൽ ഫെസ്റ്റ് ഒരു പുതിയ ചിന്തക്കും അനുഭവത്തിനും കാരണമായി.
ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ഉള്ളിലെ കനൽ വീണ്ടുമൂതിക്കത്തിച്ച് അടുത്ത ടിക്കറ്റെടുത്തു. യാത്രയുടെ ദിവസങ്ങളടുത്തു. ജോലിഭാരം കൂടിത്തുടങ്ങി. അടുത്ത പരീക്ഷണത്തിന്റെ ലാഞ്ചനകൾ കണ്ടു തുടങ്ങി. ഇപ്രാവശ്യമത് കേരള സർക്കാരിന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന പ്രദർശന വിപണന മേളകളുടെ രൂപത്തിലായിരുന്നു. ഇപ്രാവശ്യ മത് വി പിനെ മാത്രമല്ല എന്നെയും പിടികൂടിയിരിക്കുന്നു. എന്നാൽ ആദ്യ പ്രദർശനത്തിന്റെ അനുഭവത്തിൽ നിന്നുള്ള പാഠം ഒന്നും വേണ്ടെന്ന് വെയ്ക്കാതെ തന്നെ യാത്രക്കുള്ള പച്ചക്കൊടി വീശലായിത്തീർന്നു.
(തുടരും )
Comments
കണ്ടെത്തലുകൾക്ക് സ്ഥാനം ലഭിക്കുന്നില്ല.
പരീക്ഷണങ്ങൾക്കും പ്രയോഗങ്ങൾക്കും
സ്ഥാനം ലഭിക്കുന്നില്ല.
എന്ത് വിരസമാണത് !!!."
ഈ വരികൾ 🙏