സ്വപ്നം പോലൊരു ചിത്രം.
ഫെബ്രുവരി 5 ,2023 കാലത്തുണർന്ന് പതിവുപോലെ ഒരു കട്ടൻ ചായയുമായി മുഖപുസ്തക വായന തുടങ്ങി. ഹൃദയം നുറുങ്ങുന്ന ഒരു വാർത്തയിലാണ് കണ്ണുടക്കി നിന്നത്. അപ്രതീക്ഷിതമായിരുന്നു അത്. വാർത്തയുടെ നിജസ്ഥിതി അറിയാൻ ഞാൻ ആന്റണി പൊന്നാം കുടത്തെന്ന വിളിപ്പേരുള്ള ഞങ്ങടെ സ്വന്തം ആന്റച്ചനെ വിളിച്ചു.
"സത്യമാണ് "
ലൈസമ്മ ചേച്ചി ഞങ്ങളെ വിട്ട് പിരിഞ്ഞിരിക്കുന്നു.
ചിത്രകലയെക്കുറിച്ച് കാര്യമായ ഒരറി മില്ലാത്ത , അതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കുക പോലും ചെയ്യാതിരുന്ന ഒരു കാലത്ത്, അത്യാവശ്യം ബാനറുകളും ബോർഡെഴുത്തുമായി കഴിഞ്ഞു കൂടിയിരുന്ന സമയത്താണ് സെബാസ്റ്റ്യൻ കട്ടക്കയവുമായി പരിചയം സാമ്പാദിക്കുന്നതും തുടർന്നങ്ങോട്ട് ഇരുപത് വർഷത്തിലധികം അദ്ദേഹത്തിന്റെ സാരഥ്യത്തിലുണ്ടായിരുന്ന പസഫിക് അഗ്രോടെക് പൈവറ്റ് ലിമിറ്റഡിന്റെ പരസ്യമെഴുത്ത് ജോലി ചെയ്യുന്ന .സെബാസ്റ്റ്യൻ സാറിനെ കാണുവാനായി പലപ്പോഴും എളയാവൂർ പഞ്ചായത്തിനടുത്തുള്ള കട്ടക്കയത്തിലെത്തുമ്പോൾ രുചിയുള്ള വിഭവങ്ങളുമായി മുന്നിലെത്തിയിരുന്ന ചേച്ചി. ഇനിയതില്ല എന്ന സത്യം ഉൾക്കൊള്ളാനാവുന്നില്ലെങ്കിലും ഒരു ചരിത്രപരമായ മുന്നേറ്റത്തിന് തിരികൊളുത്തിയാണ് ചേച്ചി സ്വർഗ്ഗസ്ഥയായത് എന്നത് അഭിമാനമുളവാക്കുന്നതാണ്.
ക്രിസ്തീയ വിശ്വാസ പ്രകാരം കല്ലറയിൽ അടക്കം ചെയ്യേണ്ടിയിരുന്ന ചേച്ചിയുടെ ഭൗതിക ശരീരം പയ്യാമ്പലം പൊതു ശ്മശാനത്തിൽ അഗ്നിശുദ്ധി വരുത്തപ്പെട്ടപ്പോ സംഭവിച്ചത് അതാണല്ലൊ.
സംസ്കാരം കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞപ്പോ എനിക്കൊരു വിളി വന്നു. സെബാസ്റ്റ്യൻ സാറിന്റെയും ലൈസാമ്മ ചേച്ചിയുടേയും മകളായ ഡോ: മിഷേൽ തെരേസ സെബാസ്റ്റ്യനായിരുന്നു ലൈനിൽ .
"അങ്കിൾ ഞാനൊരു സ്വപ്നം കണ്ടു. അതിന്റെ ഒരു പെയിന്റിങ്ങ് ചെയ്യണം. "
സ്വപ്ന കഥയുടെ രത്നച്ചുരുക്കം ഇതാണ്.
സംസ്കാര ശേഷം ചിതാഭസ്മവുമായി തിരിച്ച് പള്ളിയിലെത്തിയപ്പോൾ ഒരു സന്ദേഹം !! എവിടെ സൂക്ഷിക്കും. വീട്ടിലൊ പള്ളിയിലൊ ?
ഹിന്ദു ആചാരപ്രകാരമായിരുന്നെങ്കിൽ ചടങ്ങുകൾക്ക് ശേഷം തിരുനെല്ലിയിലൊ മരണാനന്തര ക്രമങ്ങൾ നടത്തുന്ന ഏതെങ്കിലും ക്ഷേത്രത്തിലോ ആയിരിക്കും അത് നിക്ഷേപിക്കുക. ഇവിടെ അത് സാദ്ധ്യമല്ലല്ലോ?!!!.ഒടുവിൽ ഒരു പോംവഴിയായി. പള്ളിയിലെ അൾത്താരയിൽ സൂക്ഷിക്കാം.
ചിതാഭസ്മമടങ്ങിയ കുടം അൾത്താരയിൽ സൂക്ഷിച്ച് വീട്ടിലെത്തിയ മിഷേലിന്റെ മുന്നിൽ സ്വപ്ന ദർശനത്തിലൂടെ അമ്മച്ചിയെത്തി. അൾത്താരയിൽ യേശുദേവനുമായി സന്തോഷത്തോടെ സംസാരിക്കുന്നതായിട്ടായിരുന്നു അത്.
മിഷേലിന്റെ കഥ കേട്ട് സ്വർഗ്ഗീയ പശ്ചാത്തലത്തിൽ ചെയ്ത പെയിന്റിങ്ങ് ആണിത്. അഞ്ച് / മൂന്ന് ചതുശ്ര അടിയുള്ള ക്യാൻവാസിൽ അക്രിലിക് പെയിന്റിങ്ങ് ഉപയോഗിച്ച് തീർത്ത ഈ ചിത്രം ചെയ്യുവാൻ സാധിച്ചത് ഒരു നിമിത്തമായി കരുതുന്നു.
ചേച്ചിക്ക് പ്രണാമം.....
Comments
Very good
വേർപാടുകൾ നൽകുന്ന നൊമ്പരം അധികഠിനമാണ്. ക്രൈസ്തവ വിശ്വാസപ്രകാരം മരണം ആഘോഷിക്കപ്പെ ടേണ്ടതാണ്. ഇതു പറയാൻ എളുപ്പമാണ്, പക്ഷേ നേരിടുക ക്രൂരവും കഠിനവും ആണ്.
ചേച്ചിയുടെ മരണത്തെ സെബാസ്റ്റ്യൻ ചേട്ടൻ നേരിട്ടത് സമചിത്തതയോടെയാണ്. ഇങ്ങേര് ഇത് അഭിനയിക്കുകയാണോ എന്ന് പോലും ചിലവേള എനിക്ക് സംശയം തോന്നിയിട്ടുണ്ട്. പരിപൂർണ്ണരായിട്ട് ആരുമില്ല. എങ്കിലും സെബാസ്റ്റ്യൻ ചേട്ടൻ പ്രിയതമയുടെ മരണത്തെ നേരിട്ടത് മാതൃകാപരമായിട്ടാണ്.
തികഞ്ഞ വീട്ടമ്മയായിരുന്നു ലൈസാമ്മ ചേച്ചി. ചേച്ചിയുടെ മരണവും തുടർന്ന് നടന്ന ഓരോ സംഭവങ്ങളും അത്ഭുതപ്പെടുത്തുന്നതാണ്. മിഷേലിന്റെ നിരന്തരമുള്ള കുറിപ്പും റീൽസും പല വേള എന്റെ കണ്ണ് നനയിച്ചിട്ടുണ്ട്.
ഇന്ന് ആദ്യം കണ്ണിലുടക്കിയത് സ്വപ്നം പോലത്തെ ഈ ചിത്രമാണ്. അതിമനോഹരം. മരണശേഷവും എല്ലാവരുടെയും മനസ്സിൽ ചേച്ചി ജീവിക്കുന്നു, അനുദിനം. ഈ ചിത്രത്തിന് എന്തോ ഒരു പ്രത്യേകതയുണ്ട്.നോക്കിനിന്നാൽ കണ്ണെടുക്കാൻ തോന്നുന്നില്ല.
സ്വജീവിതം പ്രകാശപൂരിതമാക്കാൻ വലിയ ബഹളങ്ങളുടെ ആവശ്യമില്ല എന്ന പാഠം. ഇങ്ങനെയൊരു ചിത്രആശയം കൈമാറിയ മിഷേലിന് അഭിനന്ദനങ്ങൾ.
നഷ്ട പ്രണയമാണ് ലോകത്തിലെ ഏറ്റവും സുന്ദരമായ ഓർമ്മയെന്ന് കവികൾ പറയുന്നു. 'മധുര നൊമ്പരം' എന്ന വാക്കുപോലും നമ്മളെ ത്രസിപ്പിക്കും. നഷ്ടദുഃഖം മധുരനൊമ്പരമായി മാറട്ടെ...
ഈ ചിത്രത്തെ നമുക്ക് ആഘോഷമായി പ്രതിഷ്ഠിക്കണം. വർണ്ണാഭമായ, തിളക്കമുള്ള ഈ ചിത്രത്തിലേക്ക് കണ്ണുംനട്ട് നോക്കിയിരിക്കുമ്പോൾ മനസ്സിൽ നിറയുന്ന ഒരു പ്രകാശമുണ്ട്. അത്ഭുതപ്പെടുത്തുന്ന ഒരു തെളിച്ചം മനസ്സിൽ നിറയും. ചേച്ചിയുടെ മരണശേഷം നടന്ന ഓരോ സംഭവങ്ങളും പ്രത്യേകം പ്രത്യേകമായി എടുത്തു നിൽക്കുന്നു.
സെബാസ്റ്റ്യൻ ചേട്ടനും മക്കളും ചേച്ചിയുടെ സുകൃത ജീവിത സംരക്ഷണയിലാണ്. എല്ലാ നന്മകളും നേരുന്നു. സസ്നേഹം....
❤️ജിജോ കദളിക്കാട്ടിൽ