ബംഗായനം

പുതിയ പ്രഭാതങ്ങളിലേക്ക് :-



"ചന്ദ്രേട്ടാ എഴുന്നേറ്റെ, സമയം നോക്കിക്കെ , ഉച്ചയായി ഇങ്ങിനെ ഉറങ്ങാനാണോ നമ്മൾ വന്നത് ?

വിപിന്റെ പരിഭ്രമത്തോട് കൂടിയുള്ള വിളി കേട്ട് ഞാൻ കണ്ണുകൾ പാതി തുറന്നു. കാലത്ത് അഞ്ച് മണിക്ക് അടിക്കുന്ന അലാറം നിർത്തി ടോയ്ലറ്റിൽ  പോയി  വന്നു കിടന്നതേ ഉണ്ടായിരുന്നുള്ളൂ. മുറിയിലെ ചൂടും കൊതുകളുമായുള്ള യുദ്ധവും കാരണം ഞാൻ ശരിക്കും ഉറങ്ങിയിട്ടേ ഉണ്ടായിരുന്നില്ല.

"എന്റെ മൊബൈലിലെ സമയം തെറ്റാണെന്ന് തോന്നുന്നു. നിങ്ങളുടെ മൊബൈലിൽ സമയമെത്രയായി ?. ഞാൻ ഉറങ്ങിപ്പോയി. "
അവന്റെ  പരിഭ്രമം മാഞ്ഞിട്ടില്ല.

അഞ്ച് മുപ്പത് .  ഞാൻ മറുപടി നൽകി. എന്നാൽ അവന് വിശ്വാസം വന്നില്ല. അടുത്ത മുറയിൽ പോയി ചുമരിലെ ഘടികാരം നോക്കി ഉറപ്പു വരുത്തിയിട്ടെ അവന് സമാധാനമായുള്ളൂ.

ബംഗാളിൽ ഉദയം നേരത്തെയാണ്. നാലുമണി....അഞ്ചു മണി ആകുമ്പഴേക്കും നല്ല ഉച്ചയായ പ്രതീതിയാണവിടെ. ഇതാണ് വിപിനെ തെറ്റിദ്ധരിപ്പിച്ചത്. ചെറിയൊരു ഉറക്കത്തിനും കൂടി ഞാൻ ഒരുക്കം കൂട്ടി. കൺപോളകൾ പതിയെ വീണ്ടുമടഞ്ഞു.

ഉറക്കമുണർന്നപ്പോൾ ഏഴുമണി കഴിഞ്ഞിരുന്നു. ബാത്ത് റൂമിൽ പോയി പ്രഭാത കൃത്യങ്ങളൊക്കെ തീർത്ത് മുറിയിൽ വന്നപ്പോൾ നല്ലൊരു കട്ടൻ ചായയുമായി വിപിൻ.
" എന്താണ് പരിപാടി ? പോകേണ്ട സ്ഥലങ്ങളെക്കുറിച്ചും കാണേണ്ട കാഴ്ചകളെ കുറിച്ചും ഒരു പ്ലാൻ ഉണ്ടാക്കണ്ടെ?". ആദ്യ ചോദ്യമെയ്ത് അവൻ കിടക്കയിലിരുന്നു. ചായ മോന്തുന്നതിനിടയിൽ "ഉം " എന്ന്  മൂളി ഞാൻ മൊബൈൽ സ്ക്രീനിലേക്ക് കണ്ണുപായിച്ചു. കൽക്കത്ത കാണുക എന്നതിനപ്പുറം അവിടെ എന്തൊക്കെ കാണണം എവിടെ ഒക്കെ പോകണം എന്ന ചട്ടപ്പടി തീരുമാനങ്ങളനുസരിച്ചല്ല കേരളത്തിൽ നിന്ന് പുറപ്പെട്ടതും ചെന്നൈയിൽ നിന്ന് ഷാലിമാറിൽ  കയറിയതും, ബോൽപൂരിൽ എത്തിയതും. അതുകൊണ്ട് തന്നെ ഇതുവരെ ഒരു യാത്രാ ചാർട്ട്  തയ്യാറാക്കപ്പെട്ടിട്ടുമില്ല. അല്ലെങ്കിലും നിയതമായ ഒരു ലക്ഷ്യമില്ലാതെ എങ്ങോട്ടെന്നില്ലാതെ യാത്ര പോകുന്നതാണ് ഏറ്റവും ഉചിതം. ഈ യാത്രയുടെ സൗന്ദര്യവും അതാണെന്ന് എനിക്ക് തോന്നുന്നു.

ബോൽപൂരിന്റെ ഭൂപടം ഇപ്പോൾ ഏറ്റവും നിശ്ചയമുള്ളത് അതിഥേയർക്കാണ്. അപ്പോൾ ഇനിയുള്ള ദിനങ്ങൾക്കൊരു ദിശാബോധം നൽകുവാൻ സാധിക്കുന്നതും അവർക്കായിരിക്കും. അപ്പോൾ അവരുണരുന്നതു വരെ അവരുണരുന്നതുവരെ കാത്തിരിക്കാം.


പുലർച്ചെ മൂന്നു മണി വരെ ഒക്കെയാണ് ദീപക്കിന്റെയും ആര്യയുടേയും ജോലി സമയം. ആയതു കൊണ്ട് രാവിലെ പത്തു മണി ഒക്കെയാവും എഴുന്നേൽക്കുവാൻ. ഇവിടെ ഉള്ളവർ പൊതുവെ തങ്ങളുടെ ദിവസം ആരംഭിക്കുന്നത് വളരെ വൈകിയാണെന്ന് ദീപക് പറഞ്ഞതോർക്കുന്നു. ബംഗാളിലെ കാലാവസ്ഥയും ഉദയാസ്തമയങ്ങളും ഇതിനെ സ്വാധീനിക്കുന്നുണ്ടാവാം.
വരുന്ന സന്ദേശങ്ങൾ വായിക്കുക മറുപടി ഇടുക ഓർഡറുകൾ ക്രോഡീകരിക്കുക, സന്ദേശങ്ങൾക്ക് മറുപടി നൽകുക, പകൽ എടുത്ത വീഡിയോകളുടെ  എഡിറ്റിങ്ങ് നടത്തുക തുടങ്ങിയ കാര്യങ്ങളിൽ ദീപക് വ്യാപൃതനാകുമ്പോൾ, അയച്ചു കൊടുക്കുവാനുള്ള സാരികളും മറ്റു വസ്ത്രങ്ങളും അഴുക്കുപുരണ്ടതല്ലെന്നും അതിന് യാതൊരു വിധ കേടുപാടുകളുമില്ലെന്നും ഉറപ്പുവരത്തുകയായിരിക്കും ആര്യയ പ്പോൾ . ഇത് വളരെ ശ്രമകരമായ ഒരു പ്രക്രിയ തന്നെയാണ്. ക്വാളിറ്റി ചെക്കിങ്ങ് കഴിഞ്ഞ സാധനങ്ങൾ ഭദ്രമായി പൊതിഞ്ഞ്  മേൽവിലാസമെഴുതി അടുക്കി വെക്കുക എന്ന പണി സമീലിന്റേതാണ്. പഠനം കഴിഞ്ഞ് എത്തുന്ന സമീലിന് രാത്രി പതിനൊന്ന് മണിക്കുള്ളിൽ ഹോസ്റ്റലിൽ കയറേണ്ടതുള്ളത് കൊണ്ട് അവൻ പോയതിനു ശേഷമുള്ള ജോലികൾ മുഴുവൻ ദീപകിലും ആര്യയിലും നിക്ഷിപ്തമാണ്. അതു കൊണ്ടാണ്  രാവിലെ മൂന്നു മണി വരെ ഒക്കെ ഉറങ്ങാതെ ജോലി ചെയ്യേണ്ടിവരുന്നത്. സമീലിന്റെ പരിചയത്തിലുള്ള ഒരാൾ കൂടി അടുത്ത ദിവസം ബംഗാളി മല്ലു വാലയുടെ അണിയറയിലെത്തും. മലപ്പുറത്തു നിന്നുള്ള ഇഷാൻ ആന്നത്. വിശ്വഭാരതി സർവ്വകലാശാലയുടെ ഭാഗമായ ശിക്ഷാഭവനിൽ ഇന്റഗ്രേറ്റഡ് സയൻസ് വിദ്യാർത്ഥിയാണ് ഇഷാൻ.

സമീൽ മാത്രമല്ല  ദീപക്കിന്റെയും ആര്യയുടെയും കൂടെയുളളത്. മറ്റു ചിലർ കൂടിയുണ്ട്. ദീപക് നടത്തുന്ന ഓൺലൈൻ സ്കൂളായ വര സ്കൂൾ ഓഫ് ആർട്സിൽ ദീപക്കിനോടൊപ്പം ക്ലാസ്സ് എടുക്കുന്നവരാണവർ. ഫൈൻ ആർട്സിൽ ബി.എഫ് . എ ബിരുദം കരസ്ഥമാക്കാനാഗ്രഹിക്കുന്നവർക്കുള്ള പ്രവേശന പരിശീലനമാണ് വര സ്കൂൾ ഓഫ് ആർട്ട്സിലൂടെ നൽകപ്പെടുന്നത്. വളരെ മനോഹരവും ഉൾക്കാഴ്ചയോടു കൂടിയുള്ളതുമായ അദ്ധ്യാപന രീതിയാണ് ഇവർ പിൻ തുടരുന്നത്. ഒരുവേള ചിത്രകലയെ കുറിച്ചും പെയിന്റിങ്ങിനെ കുറിച്ചും അറിയുവാൻ ആഗ്രഹിക്കുന്നവർക്ക് അക്കാദമിക പരിശീലനത്തിനല്ലെങ്കിൽ പോലും ഇതിലൂടെ സാദ്ധ്യമാകുമെന്ന് സാരം.


രാത്രി ഏറെ വൈകി എത്തിയത് കൊണ്ട് വീടും പരിസരങ്ങളും വ്യക്തമായി മനസ്സിലായിരുന്നില്ല. ചായ കുടിച്ചതിന് ശേഷം ഞാൻ  മുറിയിൽ നിന്നിറങ്ങി. അടുക്കി വെച്ച സാരികൾക്കിടയിൽ അല്പം ഒഴിവുള്ള സ്ഥലത്ത് തളർന്നുറങ്ങുകയാണ് ദീപക്കും ആര്യയും . അവരുടെ കിടപ്പുമുറിയാവാം ഞങ്ങൾക്കവർ വിട്ടു തന്നത്. ശബ്ദമുണ്ടാക്കാതെ പതിയെ വാതിൽ തുറന്ന് ഞാൻ മട്ടുപ്പാവിലേക്കിറങ്ങി. പുറത്ത് നല്ലവണ്ണം വെയിൽ പരന്നിട്ടുണ്ട്. കുറച്ചു ചെടികൾ, സിമന്റ് ശില്പങ്ങൾ തുടങ്ങിയവയാണ് മട്ടുപ്പാവിനെ അലങ്കരിക്കുന്നത്. അതിന്റെ കൈവരിയിൽ ഇരുന്നു പുറംകാഴ്ചകളിലേക്ക് ഞാൻ കണ്ണോടിച്ചു തനി കേരളിയ ഗ്രാമത്തിന്റെ പ്രതീതി. അല്പം ദൂരെയായി ഒരു കരിമ്പനയും അവിടെ ഒരു ഇരുനിലവീടും കണ്ടു. കേരളത്തിൽ കണ്ടുവരുന്ന കോൺക്രീറ്റ് ഭവനങ്ങളുടെ ശൈലി തന്നെയാണ് ഇവിടുത്തെ ഭൂരിഭാഗം വീടുകൾക്കും , ഇരുനില വീടിന്റെ മുൻഭാഗം തുറസ്സായ സ്ഥലമാണ്. വൈകുന്നേരം നാലുമണി ആകുമ്പോൾ ആ കാണുന്ന കരിമ്പനയിൽ പനംകള്ള് ചെത്തുവാൻ ഒരാൾ വരുമത്രെ !!.

മട്ടുപ്പാവിൽ നിന്നും താഴേക്ക് ഒരു ഇരുമ്പ് ഗോവണി ആണുള്ളത് . മുകളിലത്തെ താമസക്കാരുടെ സ്വതന്ത്രമായ പോക്കുവരവിന് വേണ്ടി നിർമ്മിച്ചതാവാം. അതല്ലാതെ താഴത്തെ നിലയിൽ നിന്നും വീട്ടുകാർക്ക് മുകളിലേക്കു വരുവാനുള്ള ഗോവണിയുമുണ്ട്. പടികളിറങ്ങി ഞാൻ താഴെയെത്തി. ഇറങ്ങി ചെല്ലുന്നത് വീടിന്റെ വരാന്തയിലേക്കാണ്. അത് ഇരുമ്പഴികളാൽ സുരക്ഷിതമാക്കിയിട്ടുണ്ട്. വരാന്തയിൽ നിന്നും പുറത്തേക്കുള്ള വാതിൽ തുറന്ന് ഞാൻ മുറ്റത്തെത്തി.

ഈ വീടിന്റെ ഉടമസ്ഥനായ സലീൽദാ ഒരു നല്ല കലാകാരനും കലാഭവനിലെ അദ്ധ്യാപകനുമാണ്. ആര്യ അദ്ദേഹത്തിന്റെ വിദ്യാർത്ഥിനി ആയിരുന്നു. ആ പരിചയത്തിലാണ്. അവർക്കീ താമസ സ്ഥലം ലഭിച്ചത്. ഇവിടെ നിന്ന് കലാഭവന്റെ അടുത്തായി കുറച്ചു കൂടെ സൗകര്യമുള്ള ഒരു വീട് അവർ കണ്ടുവെച്ചിട്ടുണ്ട്. മൂന്നു ദിവസം കഴിഞ്ഞാൽ അങ്ങോട്ട് മാറും. ഇളം നീല പശ്ചാത്തലത്തിൽ ഭംഗിയുള്ള  ചിത്രപ്പണികൾ ഉള്ള ചുമരുകൾ . അത്യാവശ്യം വലിപ്പമുള്ളതാണ് മുറ്റം. എന്നാൽ  ഉളള സ്ഥലം മുഴുവൻ ഇന്റർ ലോക്  പാകി ചൂടിനെ ക്ഷണിച്ചുവരുത്തുന്ന ശൈലി ഇവിടെ കണ്ടില്ല. പുല്ലുകൾ പിടിപ്പിച്ചും പൂച്ചെടികൾ വെച്ചുപിടിപ്പിച്ചും അത് മനോഹരമാക്കിയിട്ടുണ്ട്. നിറയെ പൂത്തുനിൽക്കുന്ന കണിക്കൊന്ന കശുമാവ്, മാവ് ഒക്കെ ഈ ചെറിയ സ്ഥലത്തുണ്ട്. പുൽത്തകിടിയിൽ രണ്ടു മുയലുകൾ ഒടിക്കളിക്കുന്നുണ്ടായിരുന്നു. കോഴികളും വിരുന്നെത്തിയ പക്ഷികളും അണ്ണാറക്കണനുമൊക്കെ ആയി പഴയ ഒരു കേരളീയ ഭവനത്തിന്റെ പ്രകൃതി ചാരുത. മനോഹരങ്ങളായ ശില്പങ്ങൾ, പണിപ്പുര, ജലധാര ചെറിയൊരു താമരക്കുളം,പുത്തകിടിയിൽ മുയലുകൾക്ക് വിശ്രമിക്കാൻ കല്ലുകൾ കൊണ്ടുണ്ടാക്കിയ ചെറുമാളം , ഇവ കൂടി ചേർത്തു വെച്ചാൽ സലീൽദായുടെ ഭവനമായി എന്ന് ഒറ്റനോട്ടത്തിൽ പറയാം. പരിസര വീക്ഷണത്തിനു ശേഷം പടികൾ കയറി ഞാൻ മുകളിലെത്തി.

തുടരും






Comments

santhosh chunda said…
അവിടെ എത്തിയ പ്രതീതി 🙏🙏🙏❤❤❤
Anonymous said…
Super
Anonymous said…
ശരിക്കും ആ ഗ്രാമത്തിൽ എത്തിയത് പോലെ
Anonymous said…
എഴുത്തു നന്നായിട്ടുണ്ട് , വായനക്കാരുടെ ആസ്വാദന നിലവാരത്തിലേക്ക് എത്തി എന്ന് നിസ്സംശയം പറയാം - ഭൂപ്രകൃതി കേരളത്തിനോട് താരതമ്യം ചെയ്തത് കൊണ്ട് അവിടത്തെ പറ്റി വായനക്കാർക്ക് ഏകദേശ രൂപം മനസ്സിൽ പതിഞ്ഞു - എവിടെപോയാലും അവിടത്തെ അടിസ്ഥാന വർഗത്തിന്റെയും , സാംസ്കാരിക , പൈതൃകത്തിന്റെയും ഒരു ചെറു വിവരണം ഞങ്ങൾ വായനക്കാർ പ്രതീക്ഷിക്കുന്നതിൽ തെറ്റുണ്ടോ, എല്ലാ വിധ ഭാവുകങ്ങളും🙏🙏
ചന്ദ്രൻ മൊട്ടമ്മൽ. said…
🙏🙏
ചന്ദ്രൻ മൊട്ടമ്മൽ. said…
🙏🙏
ചന്ദ്രൻ മൊട്ടമ്മൽ said…
🙏🙏
ചന്ദ്രൻ മൊട്ടമ്മൽ said…
ഇത്തരം അഭിപ്രായങ്ങളാണ് എഴുത്തിന്റെ വഴിയെ സഞ്ചരിക്കുന്ന ഒരാൾക്ക് അത് മുൻപോട്ടു കൊണ്ടുപോകുവാൻ സഹായകരമാകുന്നത്. എനിക്കു തോന്നുന്നു നമ്മൾക്കും ഇഷ്ടുള്ള, നാമാസ്വദിക്കുന്ന ഒരു സൃഷ്ടി അതേ തലത്തിൽ തന്നെ മറ്റുള്ളവർക്കും ഇഷ്ടപ്പെടുമെന്ന്.. താങ്കൾ സൂചിപ്പിച്ചത് പോലെ ഇനിയുള്ള യാത്രകൾ ഗ്രാമീണ ജീവിതങ്ങൾ തേടിയാണ്. തുടർന്നും വായിക്കുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുമല്ലൊ?...
Anonymous said…
ഇപ്പോഴാണ് വായിക്കൻ സമയം കിട്ടിയത് . അവിടുത്തെ ഗ്രാമ ഭംഗിയും സുഹൃത്തിൻ്റെ ജീവിത രീതികളും ഭംഗിയായി അവതരിപ്പിച്ചു. നല്ല ആസ്വദിച്ചു വായിച്ചു
Anonymous said…
വളരെ മനോഹരമായ അഖ്യാന രീതിയാണ് ചന്ദ്രേട്ടന്റെ എഴുത്തിനെ വ്യത്യസ്ഥമാക്കുന്നത്..... ഇനിയും തുടരൂ 🌹🌹🌹ഭാവുകങ്ങൾ

Popular posts from this blog

നീ കാഫിറാണ്

ബംഗായനം

ബംഗായനം