കഥയും കാലവും....ഓര്‍മ്മകളുടെ ചിത്ര താളുകള്‍....

ഓരോന്നിനും ഓരോ കാലമുണ്ട്.വിതയ്ക്കാന്‍ ഒരുകാലം അത് കൊയ്യുവാന്‍ ഒരുകാലം .....എന്ന് പറയുമ്പോലെ എനിക്ക് വരയ്ക്കാന്‍... ഒരു കാലം ...വരയിലെ രസകരമായ നുറുങ്ങു അനുഭവങ്ങള്‍ നിങ്ങളോട് പങ്കു വെയ്ക്കുവാന്‍ ഒരു കാലം.പഴയ കടലാസ്സുകള്‍ അടുക്കി വെക്കുമ്പോള്‍ യാദൃശ്ചികമായി എന്റെ മുന്നില്‍ വീണ ഒരു ചെറിയ ആല്‍ബം അതില്‍ നിന്ന് എടുത്ത ചിത്രമാണ് ഇത്.ഒരു പരസ്യകലാ സ്ഥാപനം നടത്തുന്ന ഒരാള്‍ക്ക്‌ സ്വാഭാവികമായും പല പല ഉപഭോക്താക്കളെ ലഭിക്കും.അവര്‍ തമ്മിലുള്ള ബന്ധം ഒരു ജോലി തീരുന്നത് വരെ മാത്രമായിരിക്കും.എന്നാല്‍ ചില ബന്ധങ്ങള്‍ ഉപഭോക്തൃ തലം വീട്ടു ഊഷ്മളമായ സൌഹൃദങ്ങളായി മാറിയേക്കാം.എനിക്കും ഉണ്ട് അത്തരം ചില ബന്ധങ്ങള്‍..... ഒരു പോറല്‍ പോലും ഏല്‍ക്കാതെ അത് ഇന്നും നില നില്‍ക്കുന്നു.
അത്തരം ഒരു ബന്ധമാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പസഫിക് അഗ്രോ ടെക് എന്ന വളംനിര്‍മ്മാണ സ്ഥാപനം.എന്നെ ഏറ്റവും ആകര്‍ഷിച്ച ഒരു ഘടകം ഇവരുടെ ആപ്തവാക്യമാണ്...''വിതച്ചത് വിളയുവാന്‍ കൊതിച്ചത് കൊയ്യുവാന്‍''.അതെ വിതച്ചത് വിളയുവാനും കൊതിച്ചത് കൊയ്യുവാനും ഒരാള്‍ക്ക്‌ എന്താണ് വേണ്ടത്?അത് നന്മയാണ്.ഇരുപതു വര്‍ഷത്തോളം പസഫിക് അഗ്രോ ടെക്കുമായി ചേര്‍ന്ന് നടക്കുമ്പോള്‍ എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞത് ആ നന്മയാണ്.
പസഫിക് അഗ്രോ ടെക്കിനു വേണ്ടി പല സ്ഥലങ്ങളിലും പരസ്യങ്ങള്‍ എഴുതുവാന്‍ സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്.അത്തരം ഒരു യാത്ര അന്ന് പയ്യോളിയിലേക്ക് ആയിരുന്നു.ഇന്ത്യയുടെ എന്നത്തേയും അഭിമാനമായ പി.ടി.ഉഷയുടെ ജന്മദേശം.യാത്രയുടെ തുടക്കം അതിദാരുണമായ ഒരു രംഗത്തോടെ ആയിരുന്നു.ഞാന്‍ സഞ്ചരിച്ചു കൊണ്ടിരുന്ന ബസ്‌ വടകരയോടടുക്കുന്നു.സമയം ഏഴരയായി കാണും.ബസ്സില്‍ അധികം തിരക്കില്ലാത്തത്‌ കൊണ്ട് പിറകില്‍ ഇരുന്ന എനിക്ക് മുന്‍വശത്തെ ചില്ലിലൂടെ നീണ്ടു കിടക്കുന്ന ദേശീയ പാത നന്നായി കാണാം.ഒരു മോട്ടോര്‍ സൈക്കിള്‍ ഞങ്ങള്‍ക്കെതിരെ വരുന്നുണ്ടായിരുന്നു.അതിനു പിറകെ ഒരു ഡെലിവറി വാഹനവും.പൊടുന്നനെയാണ് അത് സംഭവിച്ചത്.മോട്ടോര്‍ സൈക്കിളിനു പിറകില്‍ വന്ന വാഹനം അതിനെ ഇടിച്ചു തെറിപ്പിക്കുന്നു.അതില്‍ സഞ്ചരിച്ചിരുന്ന മൂന്നംഗ കുടുംബം തെറിച്ചു വീണു.അച്ഛനും അമ്മയും ഒന്ന് പിടയ്ക്കുവാന്‍ പോലും കഴിയാതെ തല ചിന്നഭിന്നമായി മരണത്തെ പുല്‍കി.എന്നാല്‍ കുട്ടി തെറിച്ചു പാതയരുകിലെ പുല്ലില്‍ വീണതിനാല്‍ യാതൊരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടു.
അതിരാവിലെ തന്നെ കണ്ട ഈ ദാരുണ ദൃശ്യത്തിന്റെ പകപ്പില്‍ ജോലി ചെയ്യാന്‍ സാധിച്ചില്ലെങ്കിലും എനിക്ക് ജോലി ചെയ്യേണ്ട പയ്യോളി സര്‍വിസ് സഹകരണ ബാങ്കിന്റെ സെക്രട്ടറിയെ കണ്ടു ആഗാമാനോദ്ദേശം അറിയിച്ചു കാര്യങ്ങളൊക്കെ പറഞ്ഞു ആവശ്യമുള്ള പെയിന്‍റുകളും വാങ്ങി വെച്ച് നാട്ടിലേക്ക് തിരിച്ചു.അടുത്ത ദിവസം രാവിലെ തന്നെ പയ്യോളിയിലെത്തി ജോലി തുടരുകയുംചെയ്തു.ഞാന്‍ താമസിക്കുന്ന തളിപ്പറമ്പില്‍ നിന്നും കുറെയധികം കിലോമീറ്ററുകള്‍ താണ്ടേണ്ടത് കൊണ്ട് രാത്രിയും ജോലി ചെയ്യാന്‍ തീരുമാനിച്ചു.ചുമരിനു നല്ല ഉയരമുള്ളതിനാല്‍ ഒരു ഗോവണിയില്‍ നിന്നാണ് ഞാന്‍ പെയിന്റു ചെയ്യുന്നുണ്ടായിരുന്നത്.രാവിലെ മുതല്‍ തുടങ്ങിയ ജോലി ആയതിനാല്‍ പിറ്റേന്ന് പുലര്‍ച്ചേ മൂന്നു മണി ആയപ്പോഴേക്കും ഞാന്‍ ക്ഷീണിച്ചു ഗോവണിയില്‍ തന്നെ ഉറക്കമായി.അപ്പോള്‍ എന്തോ ആഘാത മേറ്റ് ഞാന്‍ ഞെട്ടിയുണര്‍ന്നു.കണ്ണു തിരുമ്മി നോക്കിയപ്പോള്‍ രണ്ടു ബീറ്റ് പോലീസുകാര്‍.അവര്‍ എന്റെ കാലില്‍ ലാത്തികൊണ്ട് അടിച്ചതാണ്.
കുറച്ചു സമയത്തിനുള്ളില്‍ ഞങ്ങള്‍ നല്ല സൌഹൃദത്തിലായി.പിന്നീടുള്ള വരയും എഴുത്തും പോലിസ് സംരക്ഷണത്തിലുമായി.ഇടയ്ക്കു പോലീസുകാര്‍ എന്റെ വിശേഷങ്ങള്‍ ആരായുന്നുണ്ടായിരുന്നു.ആ കാലത്തായിരുന്നു ആദിവാസി സമരവുമായി ബന്ധപ്പെട്ടു കലാപങ്ങള്‍ ഉണ്ടായതും വിനോദ് എന്ന പോലീസുകാരന്‍ കൊല്ലപ്പെടുന്നതും .ഞാന്‍ വിനോദിന്റെ നാട്ടുകാരന്‍ ആണെന്നും വിനോദ് എന്റെ സഹപാഠി ആയിരുന്നെന്നും അറിഞ്ഞപ്പോള്‍ ഞങ്ങളുടെ വര്‍ത്തമാനം വിനോദിനെ ചുറ്റി പറ്റിയായി.ഉച്ചയ്ക്ക് പന്ത്രണ്ടു മണി ആയപ്പോഴേക്കും എന്റെ ജോലി കഴിഞ്ഞു.ഇതിനിടയില്‍ ബാങ്കിന്റെ സെക്രട്ടറി രവീന്ദ്രനുമായി ഞാന്‍ സൌഹൃദത്തില്‍ ആയി.പിന്നീട് ഇടയ്ക്കിടയ്ക്ക് രവീന്ദ്രന്‍ എന്നെ ബോര്‍ഡുകള്‍ എഴുതുവാന്‍ എന്നെ പയ്യോളിയിലേക്ക് വിളിക്കുമെങ്കിലും എനിക്ക് പോകുവാന്‍ സാധിച്ചിരുന്നില്ല.അധികം താമസിയാതെ അദ്ദേഹം ഹൃദയാഘാതം മൂലം മരണപ്പെട്ടതായി ഞാനറിഞ്ഞു..

Comments

Popular posts from this blog

നീ കാഫിറാണ്

ബംഗായനം

ബംഗായനം