കഥയും കാലവും-ചില ഓര്‍മ്മ ചിത്രങ്ങള്‍.



കഥയും കാലവും_____ചില ഓര്‍മ്മ ചിത്രങ്ങള്‍.
തളിപ്പറമ്പിലെ ഗോപാല്‍ ആര്‍ട്ട്‌സില്‍ നിന്നും പുറത്തു വന്നു ഞാന്‍ കുറച്ചു കാലം നൌഷാദ് എന്നൊരാളുടെ കീഴില്‍ കുറച്ചു കാലം പരസ്യമെഴുത്ത് ശീലിച്ചിരുന്നു.തളിപ്പറമ്പില്‍ എനിക്ക് കൂടുതല്‍ പരിചയങ്ങള്‍ ഉണ്ടാക്കി തന്നത് ഈ കാലയളവായിരുന്നു.ഗള്‍ഫ്‌ അവസരം ലഭിച്ചു നൌഷാദ് പറന്നപ്പോള്‍ ഞാന്‍ മന്നയിലെ ഷോപ്പില്‍ തനിച്ചായി.ഒരു വര്‍ഷത്തിലധികം അവിടെ ആ സ്ഥാപനം നടത്തിയെങ്കിലും ചില പ്രത്യേക സാഹചര്യങ്ങള്‍ മൂലം അവിടം വിടേണ്ടി വന്നു.അങ്ങിനെയാണ് ചാന്ദിനി പരസ്യകലയുടെ ഉദയം.സ്വതന്ത്രമായി തുടങ്ങിയപ്പോള്‍ ജോലിയും കുറഞ്ഞു.വല്ലപ്പോഴും വരുന്ന ബാനറുകളും ബോര്‍ഡുകളും വാഹനങ്ങളുടെ നമ്പര്‍ പലകകളും എഴുതി ദിവസങ്ങള്‍ തള്ളി നീക്കുന്ന അവസരത്തിലാണ് തളിപ്പറമ്പിലെ പാലസ് ഫോട്ടോസ്റാറ്റ് ഉടമയും മാന്ത്രികനുമായ റഷീദ് ഒരു ചെറിയ കോടിയില്‍ ചിത്രം വരക്കുന്നതിനായി എന്നെ തേടിയെത്തിയത്.അതൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു.
പിന്നെയും കുറെ കാലത്തിനു ശേഷം റഷീദും,പൊതു പ്രവര്‍ത്തകനായ ജോര്‍ജ് വടകരയും അബു എന്നൊരാളും ചേര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ തന്നെ ആദ്യത്തെ ഡിജിറ്റല്‍ കളര്‍ പ്രിന്റിംഗ് തുടങ്ങി.അതിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതിനാല്‍ എനിക്ക് കൂടുതല്‍ പരിചയം സിദ്ധിക്കുകയും.പരസ്യ രംഗത്ത്‌ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു തുടങ്ങി.പരസ്യമേഖലയില്‍ ഒരു പരിചയവുമില്ലാത്തവര്‍ തുടങ്ങിയത് കൊണ്ടോ ആധുനികത കാലത്തിന്റെ ഭിത്തികള്‍ തകര്‍ത്തു കൂടുതല്‍ കരുത്താര്‍ജിച്ചപ്പോള്‍ പിടിച്ചു നില്‍ക്കുവാന്‍ സാധിക്കാതെ വന്നത് കൊണ്ടോ അധിക കാലം ഈ സ്ഥാപനം പിടിച്ചു നിന്നില്ല.അവര്‍ പുതിയ മേഖലകളില്‍ കൂടുതല്‍ ശോഭയോടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.അവരോടുള്ള എന്റെ സൌഹൃദവും ഇന്നും തുടരുന്നു..

Comments