എങ്കിലും എന്റെ മുത്തപ്പാ...


ഞാനും മുത്തപ്പനും ഒരു നാട്ടുകാര്‍ ആണ്.കണ്ണൂരുകാര്‍.ഞങ്ങള്‍ കണ്ണൂര് കാര്‍ ഭീകരരൂപികള്‍ ആണെന്നാണ്‌ പുറത്തു നിന്ന് ഞങ്ങളെ നോക്കുന്ന ചില ദോഷൈക ദൃക്കുകള്‍ പറയുന്നത്.അതിനവര്‍ എല്ലാ ആധുനിക വാര്ത്താ വിനിമയ സംവിധാനങ്ങളും ഉപയോഗിക്കുന്നു.ബോംബുകള്‍ ആണത്രേ ഞങ്ങള്‍ പന്ത് കളിക്കുവാന്‍ ഉപയോഗിക്കുന്നത്!!!.രാവിലെയും ഉച്ചക്കും വൈകുന്നേരവും രാത്രിയിലും ബോംബുണ്ടകള്‍ ആണത്രേ ഞങ്ങള്‍ ഭക്ഷിക്കുന്നത്!!!.അത് മാത്രമല്ല.വഴിയില്‍ കാണുന്ന ആരുടെയെങ്കിലും തല വെട്ടി ആ ചോരയില്‍ ആണത്രേ ഞങ്ങള്‍ ഭക്ഷണം പാകം ചെയ്യുന്നതും പാനം ചെയ്യുന്നതും!!!.ക്ഷമിക്കണം ഞാന്‍ അല്പം വികാരധീനന്‍ ആയിപ്പോയി.ഞാന്‍ പറഞ്ഞു വന്നത് ഇതൊന്നുമല്ല.
മുത്തപ്പന്‍ ഞങ്ങള്‍ കണ്ണുരുകാരുടെ സ്വന്തം ദൈവമാകുന്നു.ഞാന്‍ അദ്ധേഹത്തിന്റെ തലതെറിച്ച ഒരു പ്രജയും.മുത്തപ്പന്‍ ജനിച്ചത്‌ കണ്ണൂര്‍ തന്നെയുള്ള പയ്യാവൂര്‍ പഞ്ചായത്തിലെ കുന്നത്തൂര്‍ എന്ന സ്ഥലത്ത് ആണെങ്കിലും വീട് വെച്ച് പാര്ക്കുന്നത് പറശ്ശിനിക്കടവ് എന്ന ശാന്ത സുന്ദരമായ സ്ഥലത്താണ്.വളപട്ടണം പുഴയുടെ ഓരത്ത്.ധാരാളം തെങ്ങുകളും മലകളും ഒക്കെയുള്ള സുന്ദരമായ ഒരു ഗ്രാമം.യഥാര്ത്ഥ കഥ വായിക്കാന്‍ വായനക്കാര്ക്ക് ഇന്റര്നെറ്റ്‌ സൈറ്റുകളില്‍ മുങ്ങി തപ്പാം.അല്ലെങ്കില്‍ അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കാം.
ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയും ആണ് മുത്തപ്പന്‍.തന്നെ ആശ്രയിക്കുന്ന ആരെയും വെറും കയ്യോടെ അയക്കില്ല എന്ന് ഭക്തരുടെ വിശ്വാസം.ഐതിഹ്യം...തന്റെ ഭവനത്തില്‍ എത്തുന്നവര്ക്ക് ചായയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണവും നല്കും ഒരു ലോഭവും ഇല്ലാതെ.ഉണക്ക മത്സ്യം ചുട്ടതും പയറും തെങ്ങിന്‍ കള്ളും ആണ് മുത്തപ്പന്റെ ഇഷ്ടപ്പെട്ട മെനു.
കണ്ണൂര്‍ ജില്ലകളിലെ ഭവനങ്ങളില്‍ വിശേഷാവസരങ്ങളില്‍ മുത്തപ്പ ഭക്തര്‍ മുത്തപ്പന്‍ വെള്ളാട്ടം കെട്ടിയാടിക്കുന്ന പതിവുണ്ട്.ഇത് തന്റെ ഉദ്ധിഷ്ട കാര്യസിദ്ധിക്ക് അവര്‍ നടത്തുന്ന ഒരു വഴിപാടാണ്.ഇങ്ങിനെ ഒരു ചടങ്ങിലേക്ക് അതിഥിയായി എനിക്കും ഒരു ക്ഷണം ലഭിച്ചു.എന്റെ ഒരു കൂട്ടുകാരന്റെ പെങ്ങളുടെ വിവാഹം മംഗളകരമായി നടന്നതിന്റെ ആഘോഷവും കൂടിയാണ്.ഞാനും എന്റെ ഭാര്യയും വേറൊരു കൂട്ടുകാരനും അദ്ദേഹത്തിന്റെ കുടുംബവും ഈ സന്തോഷം നുകരാന്‍ എത്തി.ഞങ്ങള്‍ എത്തുമ്പോള്‍ മുത്തപ്പന്‍ വെള്ളാട്ടം തുടങ്ങിക്കഴിഞ്ഞിരുന്നു.എനിക്ക് ഈശ്വരന്മാരുമായി അത്ര കൂട്ടില്ലാത്തത് കൊണ്ടും കൂട്ടുകാരന്‍ അഹിന്ദു ആയതുകൊണ്ടും ചടങ്ങ് നടക്കുന്നയിടത്തെക്ക് പ്രവേശിക്കാതെ പുറത്തു ഇട്ടിരുന്ന കസേരയില്‍ ഇരുന്നു.വിശ്വാസപരമായ കാര്യമായതിനാല്‍ എന്നെപോലുള്ള ഒരു അവിശ്വാസി മൂലം ചടങ്ങ് കളങ്കപ്പെടരുതെന്നു എനിക്ക് നിര്ബന്ധവും ഉണ്ടായിരുന്നു.ധാരാളം ആള്ക്കാര്‍ ചടങ്ങിനെത്തിയിട്ടുണ്ട്.മുറ്റത്ത്‌ വെള്ളാട്ടം തിമിര്ത്താ്ടി..വീടിനു പിറകില്‍ ‘’വെള്ളാട്ട’’ക്കാരും.
വെള്ളാട്ടം കെട്ടിയാടുന്നത്‌ ആ സ്ഥലത്ത് അധികാരപ്പെട്ട വണ്ണാന്‍ സമുദായക്കാരില്‍ പെട്ടവരാണ്.നല്ലൊരു തുക ഈ ചടങ്ങിനു വേണ്ടി ഇത് നടത്തുന്നവര്‍ കോലധാരിക്കും പരിവാരങ്ങള്ക്കും കൊടുക്കണം.കൂടാതെ ചടങ്ങിനു വരുന്നവര്ക്കുള്ള ഭക്ഷണം.മദ്യം ഇതൊക്കെ ചേര്ത്തു് നല്ലൊരു തുക വേറെയും കാണണം.വീട്ടുകാര്‍ നല്കു ന്ന പണം കൂടാതെ ഭക്തരില്‍ നിന്ന് കിട്ടുന്ന കാണിക്കയും ഒക്കെ ചേര്‍ത്ത് നല്ലൊരു  തുക കലാകാരന്മാര്ക്ക് ലഭിക്കും.അനുഗ്രഹം നല്കുന്ന ചടങ്ങുണ്ട്.കൊടുക്കുന്ന കാശിന്റെ വലുപ്പം അനുസരിച്ച് അനുഗ്രഹത്തിന്റെ വലുപ്പവും കൂടും എന്നൊരു കിംവദന്തി ഇല്ലാതെയുമില്ല.സാധാരണയായി മുത്തപ്പന്‍ എന്റെ അടുത്തു വരാറില്ല..ഇവന്‍ ആള് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാകാം...പക്ഷെ പതിവിനു വിപരീതമായി അന്ന് മുത്തപ്പന്‍ എന്നെ വിളിച്ചു.ഞാന്‍ ഒഴിഞ്ഞു മാറിയെങ്കിലും എന്നെയും കൊണ്ടേ പോകൂ എന്നൊരു വാശി പോലെ..എന്തായാലും കൂട്ടുകാരന്റെ നിര്ബന്ധത്തിനു വഴങ്ങി ഞാന്‍ മുത്തപ്പനെ സമീപിച്ചു.അദ്ദേഹം എന്നെ അനുഗ്രഹിക്കുവാനുള്ള പുറപ്പാടിലാണ്.നല്ല മദ്യലഹരിയില്‍ ആണ് മുത്തപ്പന്‍ കെട്ടിയ ആള്‍.ഞാന്‍ മുത്തപ്പനോട്‌ നേരിട്ട് ഇങ്ങിനെ പറഞ്ഞു.’’ഞാന്‍ വിശ്വാസിയോന്നുമല്ല.അത് കൊണ്ടാണ് മാറി വെളിയില്‍ ഇരുന്നത്’’.ഇത് മുത്തപ്പന് അത്ര രസിച്ചില്ല.ഒരു പക്ഷെ അയാളുടെ ജീവിതത്തില്‍ ആദ്യമായിരിക്കാം ഇത്തരമൊരു തിരസ്കരണം കേട്ടിരിക്കുന്നത്.പിന്നെ ഓരോ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി.ഞാന്‍ എല്ലാത്തിനും ശാന്തമായി മറുപടിയും പറഞ്ഞു.ഒടുവില്‍ ഇങ്ങിനെ ചോദിച്ചു.’’നീ പറശ്ശിനിക്കടവ് പോയിട്ടുണ്ടോ? ഉണ്ടെന്നു ഞാന്‍.’’അവിടുന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടോ?’’അതിനും ഉവ്വെന്നു എന്റെ മറുപടി.പിന്നെ നടന്നത് ഇതാണ്..’’ഫ..നിന്റെ അപ്പന്‍ ആണോടാ പറശ്ശിനിക്കടവില്‍ അമ്പലം കെട്ടിയിരിക്കുന്നെ’’?ഞാന്‍ നല്ലൊരു ചിരി ചിരിച്ചു..ഇത് കേട്ട് മുത്തപ്പന്‍ ദേഷ്യത്തോടെ പിന്തിരിഞ്ഞു നടന്നു.കണ്ടു നിന്നവര്‍ കുന്തം വിഴുങ്ങിയപോലെ വായും പൊളിച്ചിരുന്നു.കാരണം അവര്‍ ആദ്യമായിട്ടാണ് ഇത്തരമൊരു അനുഗ്രഹഭാഷണം കേട്ടത്.....
അനുഗ്രഹ വചസ്സുകള്‍ കേട്ട എന്റെ ഭാര്യയ്ക്ക് പേടിയായി.മുത്തപ്പനോട്‌ തറുതല പറഞ്ഞ ഇങ്ങേരു വല്ല വണ്ടിയും മുട്ടി ചത്തു പോകുമോ?..ഏതായാലും ഇതുവരെ ഒന്നും സംഭവിച്ചില്ല..ഞാന്‍ ജീവിച്ചിരിക്കുന്നു.സംഭവിച്ചതെല്ലാം നല്ലതിന്..സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന്...ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിന്.......ശുഭമസ്തു 

Comments

Popular posts from this blog

നീ കാഫിറാണ്

ബംഗായനം

ബംഗായനം