ബംഗായനം

തടവറ :-

മെയ്  7, സമയം രാവിലെ 7 മണി
12842-ാം നമ്പർ കോറമാണ്ടൽ എക്സ് പ്രസ്   ഞങ്ങളെയും വഹിച്ച് പതിയെ ചെന്നൈ സെൻട്രലിലെ 6-ാം നമ്പർ പ്ലാറ്റ്ഫോം വിട്ടു. 1659 കി.മീ. ദൂരം, 17 സ്റ്റേഷനുകൾ , 27 മണിക്കൂർ 40 നിമിഷം . ഇന്ത്യയിൽ ഇതുവരെ നടത്തിയ യാത്രകളിലെ ഏറ്റവും ദൈർഘ്യമേറിയ യാത്രയിലേക്കാണ് കോറമാണ്ടലിന്റെ ചക്രങ്ങൾ ഞങ്ങളെയും കൊണ്ട് ഉരുളാൻ പോകുന്നത്.

B9, 3 Tyre Ac സ്ലീപ്പർ കംപാർട്ട്മെന്റിലെ 51-ാം നമ്പർ തടവുകാരനാണിപ്പോൾ ഞാൻ . സഹതടവുകാരനായി 50 -ാം നമ്പരും പേറി വിപിൻ ഉണ്ട്. ഇവിടെ തടവുകാരൻ എന്ന പദം ഞാൻ മന:പൂർവ്വം എഴുതിയതാണ്. ഇനി ഞങ്ങളുടെ കൂടെയുള്ളവരെ പരിചയപ്പെടുത്താം. പ്രായമായ രണ്ടു വൃദ്ധ ദമ്പതിമാർ. പിന്നെ  ചെറുപ്പക്കാരായ രണ്ടു യുവ മിഥുനങ്ങളും . മറുവശം RAC ആണ്. രണ്ടു പേരുണ്ട്. എല്ലാവരും ബംഗാളികൾ തന്നെ. വണ്ടി ചെന്നൈ സ്റ്റേഷൻ വിട്ട് അധിക ദൂരമായിട്ടില്ല. സമയം 7.30 ആകുന്നതെയുള്ളൂ. 
എല്ലാ മുഖങ്ങളിലും ഗൗരവമോ, നിസ്സംഗതയോ എന്ന് വേർതിരിച്ചറിയുവാൻ സാധിക്കാത്ത ഭാവമാണുള്ളത്. യുവ ദമ്പതികൾ മൊബൈലിന്റെ സ്ക്രീനിൽ കണ്ണും നട്ടിരിരിപ്പാണ്. എതിർവശത്തുള്ള RAC ക്കാർ 69 സ്വീകരിച്ച്  അങ്ങോട്ടുമിങ്ങോട്ടും തലവെച്ച്  കിടപ്പായി. അവർ ഉറക്കത്തിനുള്ള തയ്യാറെടുപ്പാണെന്ന് തോന്നുന്നു. ഞങ്ങളുടെ ബർത്തുകൾ മുകളിലും മധ്യത്തിലുമാണ്. വൃദ്ധനായ എന്റെ സഹയാത്രികൻ എന്തോ കാര്യമായി ഭക്ഷിക്കുകയാണ്. ഞങ്ങളും പ്രഭാത ഭക്ഷണം കഴിച്ചിട്ടില്ല. ഭക്ഷണം കഴിച്ചു വന്നതിനു ശേഷം അയാൾ മുകളിൽ നിന്നും അവർക്കുള്ള വിരിയും പുതപ്പും കരസ്ഥമാക്കി.
കാഴ്ചകളുടെ വിതാനത്തിനു മേലെ സൂര്യഗ്രഹണത്തിന്റെ ലാഞ്ചനകൾ കണ്ടു തുടങ്ങുകയാണോ?
"ഞങ്ങൾക്കുറങ്ങണം"
വൃദ്ധന്റെ ശബ്ദം ഏതോ ഗുഹാമുഖത്തിൽ നിന്നെന്ന പോലെ കാതുകളിൽ വന്നു പതിച്ചു.
യുവ ദമ്പതിമാർ ബർത്തുകൾ ശരിയാക്കി അവരുടെ ലോകത്തേക്ക്  മടങ്ങിയിരിക്കുന്നു.
നിവർത്തി വെച്ച ബർത്തുകൾക്കിടയിൽ, ഒടിഞ്ഞു മടങ്ങിയിരുന്ന്,  ഗ്ലാസ്സ് ജാലകങ്ങൾക്കപ്പുറം മാറി മറയുന്ന ഇത്തിരിക്കാഴ്ചകളിലേക്ക് കണ്ണുനട്ട്  ഞാനിരിപ്പായി. ഉറക്കം തടസ്സപ്പെടാതിരിക്കുവാൻ 69 കാർ ജാലകവിരികൾ കാഴ്ചകൾക്ക് മീതെ നിവർത്തിയിട്ടു. തിരിഞ്ഞു നോക്കിയപ്പോൾ വൃദ്ധനും ജാലകവിരികൾ നിവർത്തിയിടാനുള്ള തയ്യാറെടുപ്പിലാണ്.  .  ശീതീകരണിയുടെ തണുപ്പിൽ മനം മടുപ്പിക്കുന്ന ഏകാന്തത കൂപ്പയിലേക്ക് ഏകാതിപധിയും അരസികനും ക്രൂരനുമായ ജയിലധികാരിയെ പോലെ  കടന്നു വന്നു. ഞങ്ങൾ തടവുകാരായിരിക്കുന്നു.
തുടരും

Comments

chandran mottammal said…
സുഹൃത്തുക്കളെ കൂടുതൽ പേരും ബ്ലോഗിൽ അഭിപ്രായങ്ങൾ ഇടാതെ ലിങ്ക് ലഭിക്കുന്ന വാട്ട്സ് ആപ്പിലൊ മെസ്സഞ്ചറിലോ ആണ് അഭിപ്രായങ്ങ അറിയിക്കുന്നത്. നിങ്ങളുടെ അഭിപ്രായങ്ങൾ എന്തു തന്നെ ആവട്ടെ അത് ബ്ലോഗിൽ അതത് പോസ്റ്റിനടിയിൽ തന്നെ ഇടാൻ ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു. മറ്റു വായനക്കാർക്കും ഇത് ഗുണം ചെയ്യും.
Damodaran said…
അനുഗ്രഹീതനായ ചിത്രകാരൻമാത്രമല്ല നല്ല ഭാഷാ നൈപുണ്യമുള്ള എഴുത്തുകാരനാണെന്നും താങ്കൾ ഈ എഴുത്തിലൂടെ തെളിയിച്ചിരിക്കുന്നു. നല്ല ശൈലി. എഴുത്ത് വരയോടൊപ്പം തുടരൂ .....എല്ലാ വിധ ആശംസകളും നേരുന്നു.🙏🙏👍
Anonymous said…
കൽക്കട്ട യാത്ര 🙌🏼
Sherry said…
അതിമനോഹരം ചന്ദൂ
chandran mottammal said…
അതെ കൽക്കത്ത യാത്ര .തുടർന്നും വായിക്കുമല്ലോ. അഭിപ്രായം ആരുടേതാണെന്ന് തിരിച്ചറിയുവാൻ Anonymous ഒഴിവാക്കി സ്വന്തം പേര് ചേർക്കാൻ ശ്രദ്ധിക്കുക.
Chandran mottammal said…
Thank you
chandran mottammal said…
നന്ദി മാഷേ
Anonymous said…
നന്നായിട്ടുണ്ട്ങ്കു.പവെച്ചതിന്ന് നന്ദി
S. Aadikesh said…
🙏

Popular posts from this blog

നീ കാഫിറാണ്

ബംഗായനം