ജാതി ഭേദങ്ങളുടെ മായാ ലോകങ്ങൾ

"ഒരാൾ ജാതിരഹിതനായാലും ജാതി അയാളെ വിടാതെ പിന്തുടരും "

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ കാസറഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കപ്പെട്ട "വിദ്വേഷത്തിനും വിഭജനത്തിനുമെതിരെ " എന്ന വിഷയത്തിലുള്ള പഠനക്ലാസ്സിൽ
എഴുത്തുകാരൻ കെ. ഇ എൻ കുഞ്ഞഹമ്മദ് നടത്തിയ നിരീക്ഷണമാണിത്

എന്താണ് ജാതി ? ....ഇനം അല്ലെങ്കിൽ വിഭാഗം എന്നൊക്കെ  ലളിതമായി പറയാം അല്ലെ?
"ഓഹ് എജ്ജാതി എനം " എന്ന് പറയുമ്പോൾ ഒരു തരം അശ്ലീലത കടന്നു വരുന്നു. ഇജ്ജാതി ഇനങ്ങളുടെ ഒരു കൂട്ടത്തെ വർഗ്ഗമെന്നും വിവക്ഷിക്കാം. ഇവർ നിർമ്മിച്ചെടുക്കുന്ന നിയമങ്ങളും, അതിന്റെ നടപ്പാക്കലും പരിപാലനവും മൂലം മറ്റുള്ളവർക്ക് ഉണ്ടായേക്കാവുന്ന കഷ്ടതകളും വൈഷമ്യങ്ങളും ആയിരിക്കും അപ്പോൾ വർഗ്ഗീയത.

വളരെ ആഴത്തിലുള്ള നിരീക്ഷണമാണ് കെ.ഇ.എൻ നടത്തിയിരിക്കുന്നത്. ഇതറിയണമെങ്കിൽ നാം പുറത്തേക്ക് മാത്രം നോക്കിയാൽ പോര .നമ്മിലേക്ക് തന്നെ നോക്കേണ്ടിയിരിക്കുന്നു. ജാതി എന്നത് മതങ്ങളുമായി മാത്രം ബന്ധപ്പെട്ടു നിൽക്കുന്ന ഒന്നല്ല. അത്  പലരൂപത്തിലും നമ്മിലുണ്ട്. അതിന്റെ ഫലങ്ങൾ നാം നിരന്തരം അനുഭവിക്കുന്നുമുണ്ട്. എന്നാൽ ജാതിയെന്ന വാക്ക് നാം പ്രയോഗിക്കുന്നത് മതവിശ്വാസങ്ങളുമായി ബന്ധപ്പെടുത്തി മാത്രമാണെന്നതാണ് സത്യം. യഥാർത്ഥത്തിൽ ജാതി വേർതിരിവുകൾ അവിടെ മാത്രം ഒതുങ്ങി നിൽക്കുന്നില്ല.

ഞാൻ ഏതു മേഖലയിലാണോ വ്യാപരിക്കുന്നത് അതാണ് ശരിയെന്നും മറ്റുള്ളവയെല്ലാം തെറ്റാണെന്നും ധരിക്കുന്നതും ആ മേഖലയിൽ വ്യാപരിക്കുന്നവരുമായി മാത്രം കൂട്ടു കൂടുന്നത് ഒരു തരം ജാതീയതയല്ലെ?
ഞാൻ ഉന്നത വിദ്യാഭ്യാസം നേടിയവനാണെങ്കിൽ ഞാൻ പഠിച്ചത്ര യോളം പഠിക്കാൻ സാധിക്കാ അവനോട്  എനിക്ക് തോന്നുന്ന പുച്ഛം !!... എന്നെക്കാളും ഉയർന്ന വിദ്യാഭ്യാസം നേടിയവനോട് തോന്നുന്ന ആരാധന ഒരു തരം ജാതീയതയിൽ നിന്നു ളവാകുന്നതല്ലെ ?

ഞാൻ ഒരു മീഡിയം ലവൽ ഉദ്യോഗസ്ഥനാണെന്ന് വെക്കുക. ....എനിക്കെന്റെ കീഴ് ജീവനക്കാരനോടുള്ള അധീശത്വവും എന്റെ മേലുദ്യോഗസ്ഥനോട് തോന്നുന്ന വിധേയത്വവും ഒരു തരം ജാതിയയിൽ നിന്നുണ്ടാകുന്നതല്ലെ?

ഞാൻ ഇടതുപക്ഷക്കാരനാണ്. എന്റെ മുന്നിൽ ഒരു മറുപക്ഷക്കാരൻ ആക്രമിക്കപ്പെടുകയോ , അപകടത്തിൽ പെടുകയോ, അസുഖ ബാധിതനാവുകയോ ചെയ്യുന്ന അവസ്ഥയിൽ അതിനെ മറുപക്ഷം പ്രശ്നം മാത്രമായി കണ്ട് ഞാൻ നിസ്സംഗനാവുന്നുവെങ്കിൽ അവിടെയുമൊരു ജാതിയത കാണുവാൻ കഴിയുന്നില്ലെ?

ഇനിയുമുണ്ട് മറ്റൊരു തരം ജാതിയത അതിനെ സാമ്പത്തിക അസമത്വമെന്ന് വിളിക്കാം. ധനികന് ഇടത്തരക്കാര നോടും, ഇടത്തരക്കാരന് ദരിദ്രനോടും തോന്നുന്ന മാനസികാവസ്ഥയാണിത്. ധനികൻ വലിയ മതിലുകൾ കെട്ടി ദരിദ്രനെ പുറമ്പോക്കുകാരനാക്കുന്നു. വ്യവസ്ഥയും സർക്കാരും ധനികന്റെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നു.

ഇതൊക്കെ ഒരു തരം മാനസിക ഭാവമായി നമുക്കു തള്ളിക്കളയാം. എങ്കിലും ? !!!.....
ജനന സർട്ടിഫികറ്റ് വാങ്ങുമ്പോൾ .... സ്കൂൾ പ്രവേശനം നേടുമ്പോൾ .... ഉദ്യോഗത്തിന് അപേക്ഷിക്കുമ്പോൾ .... ലോൺ എടുക്കുമ്പോൾ..... സഹായധനം ലഭിക്കേണ്ടി വരുമ്പോൾ .... ഏത് ജാതിരഹിതനും ഏതെങ്കിലും ഒരു ജാതിക്കാരനാകേണ്ടി വരും . കാരണം ഇവിടെ ജാതി ചോദിക്കുന്നതും പറയുന്നതും വ്യവസ്ഥയും സർക്കാരുമാണ്. മാറി മാറി ഭരണം കൈയ്യാളുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ജാതിവ്യവസ്ഥ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ  ഒഴിച്ചു കൂടുവാനാകാത്തൊരു പിടിവള്ളിയുമാണ്.

എജ്ജാതി പ്രശ്നങ്ങളാ അല്ലെ?!!!
___ ചന്ദ്രൻ മൊട്ടമ്മൽ___

Comments

Popular posts from this blog

നീ കാഫിറാണ്

ബംഗായനം

ബംഗായനം