മുദ്രകള്‍

സ്നേഹത്തിന്റെ  മുദ്രകള്‍  ചാര്‍ത്തപ്പെടുന്നത്  എവിടെയാണ്?
ഭാഷയുടെയോ ദേശത്തിന്റെയോ കാലത്തിന്റെയോ നിറങ്ങളുടെയോ
മതങ്ങളുടെയോ  ജാതികളുടെയോ കുലത്തിന്റെയോ ലിംഗത്തിന്റെയോ അതിര്‍വരമ്പുകള്‍ തീര്‍ത്തു നാമെന്തിനാണ്‌  ഈ മുദ്രകള്‍ മായ്ച്ചു കളയുന്നത്?..സ്നേഹത്തിന്റെ  ധവളിമയില്‍ രക്തച്ചാലുകള്‍ തീര്‍ക്കുവാന്‍  മനുഷ്യനെ പഠിപ്പിച്ചതാരാണ്?..പ്രപഞ്ചസ്രഷ്ടാവ് ഒന്ന് മാത്രമെന്നും അവന്മൂലം സൃഷ്ടിക്കപ്പെട്ട അനേകജാതി ജീവഗണങ്ങളില്‍ ഒന്ന്  മാത്രമാണ് മനുഷ്യനെന്നും ഘോരം ഘോരം ഘോഷിക്കുകയും ചെയ്തുകൊണ്ട് മനുഷ്യന്‍ ആയുധമണിഞ്ഞു സ്വസഹോദരങ്ങളെ കൊന്നൊടുക്കുന്നു.ഇത് ഏതു സ്രഷ്ടാവിന്റെ ആജ്ഞ  നിറവേറ്റുവാന്‍ വേണ്ടിയാണ്?...ചോദ്യങ്ങള്‍  ആര്‍ത്തിരമ്പുന്ന തിരമാലകള്‍ പോലെ ഒന്നൊന്നായി സമീപിക്കുന്നു.

ആധുനികതയില്‍ ലോകം ഒരാഗോള ഗ്രാമമാവുകയും മേല്‍പറഞ്ഞ അതിര്‍വരമ്പുകളില്ലാതെ ആശയവിനിമയം സാധ്യമാവുകയും ചെയ്തിട്ടും മനുഷ്യര്‍ പരസ്പരം  സ്നേഹസാമ്രാജ്യങ്ങള്‍  തീര്‍ക്കാതെ പൊരുതിക്കൊണ്ടെയിരിക്കുന്നു.ഇന്റര്‍നെറ്റ് നമ്മുടെ  മുന്നില്‍ തുറന്നു  തന്നിരിക്കുന്നത് അറിവിനായുള്ള അനന്തസാധ്യതകള്‍ ആണ് എന്ന്  നമുക്കെല്ലാവര്‍ക്കും അറിയാം.ഭാഷാ വേഷ മത ദേശ ഭേദമില്ലാതെ സ്നേഹവും സൌഹൃദവും പങ്കുവെക്കുവാനും ഊട്ടിയുറപ്പിക്കുന്നതിനും നമുക്ക് ഇതിലൂടെ കഴിയുന്നു.പക്ഷെ നിഷ്പക്ഷമായി ഇതിലൂടെ സഞ്ചരിക്കുന്ന ഏതൊരാള്‍ക്കും അധികം ബുദ്ധിമുട്ടില്ലാതെ കണ്ടെത്തുവാന്‍ സാധിക്കുന്ന ഒന്നാണ്  ഇത് ഒരു പൊതു വേദി ആണെന്നും ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇതൊക്കെ തത്സമയം വീക്ഷിക്കുന്നു എന്ന യാതൊരു തോന്നലുമില്ലാതെ പരസ്പരം ചെളി വാരിയെറിഞ്ഞും തെറിവിളിച്ചും നടത്തുന്ന  പ്രകടനങ്ങള്‍.ഒരിക്കലും കാണുവാന്‍ സാധ്യതയില്ലാത്തവര്‍ ആണെന്നറിഞ്ഞിട്ടും ഇതുകൊണ്ട് വെറുപ്പും വിദ്വേഷവും മാനസികസംഘര്‍ഷം മാത്രമേ നേടിയെടുക്കുവാന്‍ കഴിയു എന്നറിഞ്ഞിട്ടും എന്തിനീ തോന്ന്യാക്ഷരയുദ്ധങ്ങള്‍?

കേരളത്തിലെ അധികമറിയപ്പെടാത്ത ഒരു ഗ്രാമത്തില്‍ ആരുമറിയാതെ ഒടുങ്ങുമായിരുന്ന എനിക്ക് ആധുനികത തന്ന  സമ്മാനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ ഒന്നാണ്  ഓണ്‍ലൈന്‍ സൌഹൃദങ്ങള്‍.ഇതില്‍ പലതും  അതിവേഗം വിസ്മൃതമാക്കപ്പെടുന്നു എന്നും  നമുക്കറിയാം.എന്നാല്‍ നല്ല ഇടപെടലുകളും ആശയവിനിമയവും കൊണ്ട് ഒരിക്കലും മായാത്ത  സ്നേഹമുദ്രകള്‍ ചാര്‍ത്തുവാനും.ഓണ്‍ലൈന്‍ സൌഹൃദങ്ങള്‍ക്ക് കഴിയും.പക്ഷെ അതിനു നമുക്ക് മനസ്സുണ്ടാകണം എന്ന് മാത്രം.


ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും മരുഭൂമിയുടെ ഊഷരതയിലേക്ക് പറിച്ചു നടപ്പെട്ടപ്പോള്‍.ബന്ധങ്ങള്‍ അന്യമാവുകയല്ല എനിക്ക് ചെയ്തത്.കൂടുതല്‍ കൂടുതല്‍ വിടര്‍ന്നു വികസിക്കുകയാണ്.ഞാനിവിടെ ഒരിക്കലും ഏകനല്ല എന്ന തിരിച്ചറിവ്  എന്നെ കൂടുതല്‍ കൂടതല്‍ ഊര്‍ജ്ജസ്വലനാക്കുന്നു.മഴത്തുള്ളികള്‍ എന്ന സൌഹൃദ സദസ്സിലൂടെ മറ്റനേകം കൂട്ടായ്മകളിലൂടെ അറിവിന്റെയും സൌഹൃദത്തിന്റെയും ചക്രവാളങ്ങള്‍ വികസിക്കുമ്പോള്‍ മഴത്തുള്ളികള്‍ തന്ന അമൃതദാസ്‌ എന്ന എന്റെ ആമി മോളും അവളുടെ  അതെ മാനറിസങ്ങളുമായി എന്നെ തേടിയെത്തിയ ഹ്യീന്‍ ങ്ങുയെന്‍ എന്ന വിയത്നാം സ്വദേശിയായ ആത്മ മോളും പരിഭവങ്ങളും സംശയങ്ങളും സ്നേഹാന്വേഷണങ്ങളുമായി നിത്യവും എന്നെ തേടിയെത്തുന്ന കൂട്ടുകാരും ഈ ചെറിയ ജീവിതത്തെ കൂടുതല്‍ കൂടുതല്‍ നിറങ്ങളുള്ളതാക്കി തീര്‍ക്കുന്നു.

Comments

Popular posts from this blog

നീ കാഫിറാണ്

ബംഗായനം

ബംഗായനം