ഏകം

   
വായനയുടെ വിശാലമായ ലോകം എൻ്റെ മുന്നിൽ തുറക്കുന്നതിന്  മുമ്പ് ആദ്യമായി എൻ്റെ കൈയ്യിലെത്തിയ സാഹിത്യ പുസ്തകം ശ്രീമദ് മഹാഭാഗവതം ആയിരുന്നു. തടിച്ച, ധാരാളം താളുകളുള്ള, കാലപ്പഴക്കം കൊണ്ട് പുറംചട്ട നഷ്ടപ്പെട്ട, ഉപയോഗത്താൽ ദ്രവിച്ചതും മൂലകൾ ചുരുണ്ടു പോയതുമായ ആ പുസ്തകം വാക്കുകൾ കൂട്ടി വായിക്കുവാൻ പഠിക്കുന്ന ബാല്യകാല വായനക്ക് ചേർന്നതല്ലായിരുന്നുവെങ്കിലും ഇടക്കിടക്ക് ഞാനത് തുറന്നു നോക്കുമായിരുന്നു. അതിലുണ്ടായിരുന്ന തീരെ വലിപ്പം കുറഞ്ഞ അക്ഷരങ്ങൾ വായിക്കപ്പെടുവാനുള്ള കൊതിയോടെ എന്നെ തുറിച്ചു നോക്കി കൊണ്ടിരിന്നുവങ്കിലും അതൊക്കെ അവഗണിച്ച് അവയെ ഓരോന്നിനേയും നിർദ്ദാക്ഷീണ്യം പിറകിലോട്ടു ഓടിച്ചു കൊണ്ടേയിരിക്കും . കാരണം  ഉൾത്താളുകളിൽ മയിൽപ്പീലിത്തുണ്ടുകൾ പോലെ ഒളിപ്പിച്ചു വെച്ച മനോഹര ചിത്രങ്ങൾ ഉണ്ടാവും എന്നതുകൊണ്ടാണിത്. ചിത്രകലാലോകത്തേക്കുള്ള പ്രയാണത്തിൽ എന്നെ സ്വാധീനിച്ച കൃതികളിൽ പ്രഥമസ്ഥാനം ഒരു പക്ഷെ ഭാഗവതത്തിനായിരിക്കാം.


ഭാവനാസമ്പന്നരായ മിക്കവരുടേയും ജീവിത നിമിഷങ്ങളിലൂടെ സഞ്ചരിക്കുവാൻ ശ്രമിക്കുന്ന പക്ഷം നമുക്കൊരു കാര്യം മനസ്സിലാക്കുവാൻ സാധിക്കും. അത് നാടോടി സാഹിത്യങ്ങളുടേയും, ഇതിഹാസ പുരാണങ്ങളുടെയും സ്വാധീനമായിരിക്കും. ഇന്ത്യൻ ചിത്ര,ശില്പ കലാരംഗത്ത്  ഇത്തരം സാഹിത്യങ്ങൾ നൽകിയ സംഭാവനകൾ വിസ്മരിക്കുവാൻ കഴിയില്ല. അനേകായിരം തലമുറകളെ പോറ്റിയും വിസ്മയിപ്പിച്ചും അവയിന്നും നിലകൊള്ളുന്നു.

ഇത്തരം കഥകളെയും സാഹിത്യങ്ങളെയും അധികരിച്ച് പ്രാദേശികമായും അല്ലാതെയും ധാരാളം വിശ്വാസങ്ങളും  ആചാരങ്ങളും, അനുഷ്ഠാന കലകളും രൂപപ്പെട്ടിട്ടുണ്ട്. തെയ്യമെന്ന ഗോത്രകലയും ഇത്തരത്തിലുള്ള ഒന്നാണെന്ന് പറയാം

വായന ഗൗരവമായ അർത്ഥതലങ്ങൾ തേടിയപ്പോൾ  ഇത്തരം കഥകളിലെ അയുക്തി വിശ്വാസമെന്ന ബിംബകല്പനയെ  പുറന്തള്ളുകയും  കഥാപാത്രങ്ങളെ വെറും കഥാപാത്രങ്ങളായി മാത്രം കാണുവാനുള്ള വിവേകം ഉണ്ടാവുകയും ചെയ്തു.

ഉത്തരമലബാറിൻ്റെ അനുഷ്ഠാന കലകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് തെയ്യങ്ങളാണല്ലൊ. തറവാടുകളിലും വിളവെടുപ്പു കഴിഞ്ഞ വയലുകളിലും ഗ്രാമങ്ങളിലെ കാവുകളിലും (ഇവ ഇപ്പോൾ ജൈവ സമ്പത്തു സംരക്ഷിക്കപ്പെടുന്ന ഇടങ്ങളല്ല. ശുദ്ധവായുവും ശീതളിമയും ശാന്തതയും പടി കടത്തപ്പെട്ട നിശ്ചേതനമായ മരുപ്പറമ്പുകളാണ് ) കെട്ടിയാടപ്പെട്ടിരുന്ന ഇവയുടെ കഥാപരിസരങ്ങളിലേക്ക് നടന്നു ചെല്ലുകയാണെങ്കിൽ അടിച്ചമർത്തപ്പെടലുകളുടെയും പ്രതികാരങ്ങളുടെയും ഒരു ഭൂമിക നമുക്കു കണ്ടെത്തുവാൻ കഴിയും. അത്തരമൊരു കഥയുടെ ഉള്ളറകളിലേക്ക് കടന്നു ചെന്നപ്പോൾ ആണ്. "ഏകം" എന്നു പേരിട്ട ഈ ചിത്രം പിറവിയെടുത്തത്.

      മുള്ളേരിയക്ക് ചുറ്റുമായുള്ള സന്ദർശിക്കുവാൻ സാഹചര്യം ലഭിച്ച ക്ഷേത്രമതിലുകളിലും പരിസരങ്ങളിലും പുരാണ കഥാപാത്രങ്ങളുടെ ധാരാളം ഛായാ ചിത്രങ്ങൾ ഫ്ലക്സുകളായും ഇനാമൽ പെയിൻ്റിങ്ങുകളായും അലങ്കരിക്കപ്പെട്ടുകണ്ടിട്ടുണ്ട്. എന്നാൽ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളൊ ഐതിഹ്യങ്ങളൊ രേഖപ്പെടുത്തി കണ്ടിട്ടില്ല. ഏകം ചെയ്യുവാനുള്ള മുന്നോടിയായി ആദൂർ ഭഗവതി സ്ഥാനത്ത് എത്തിയപ്പോൾ അതുകൊണ്ട് തന്നെ ഒരു തെയ്യത്തിൻ്റെ ചിത്രം വരക്കുക എന്നതിനപ്പുറം ക്ഷേത്രൈതിഹ്യം വെളിവാക്കപ്പെടുന്ന ഒരു  പെയിൻ്റിങ്ങ് ചെയ്യാം എന്നതിലേക്കാണ് മനസ്സ് സഞ്ചരിച്ചത്. ലഭിച്ച ലേഖനങ്ങളും, വാമൊഴികളും ക്ഷേത്ര പരിസരവുമൊക്കെ  ഇതിനായി ഉപയോഗിച്ചു. ഒരു വലിയ കഥയും കഥാപരിസരവും ചെറിയൊരു ക്യാൻവാസിലേക്ക് പകർത്തുമ്പോൾ ഉണ്ടായേക്കാവുന്ന പരിമിതികൾ ഈ ചിത്രത്തിനുണ്ടെന്ന് എനിക്കറിയാം. അത് സ്വാഭാവികവുമാണ്.



Comments

Anonymous said…
Great job 👍

Popular posts from this blog

നീ കാഫിറാണ്

ബംഗായനം

ബംഗായനം