മരണവംശം: വായനയുടെ വാതായനങ്ങൾ തുറന്നപ്പുറത്തേക്ക് '

കേവല വായനയിൽ ഒതുങ്ങുന്നതല്ല ഒരു പുസ്തകവും. കാരണം വായനയുടെ വായനയിലൂടെ മാത്രമെ വായനക്കെടുത്ത പുസ്തക
ങ്ങളിലേക്കുള്ള വാതായനങ്ങൾ നമുക്കു മുന്നിൽ തുറക്കപ്പെടുകയുള്ളൂ. അതു കടന്നകത്തെത്തിയാൽ മാത്രമെ കാഴ്ചകളുടെ ജാലകങ്ങൾ തുറക്കുവാൻ നമുക്കു കഴിയൂ...
ജാലകങ്ങൾക്കപ്പുറമുള്ളതൊരു പ്രകൃതിയാണ്. പ്രകൃതിയുടെ പ്രകൃതിയാണ്.. പ്രതിബിംബമാണ്.. പ്രതിരൂപമാണ്....
ആ പ്രകൃതിയിലൊരംഗമാകുവാൻ കഴിഞ്ഞാലെ അതിൻ്റെ ചൂടും ചൂരും നമുക്കാസ്വദിക്കുവാൻ സാധിക്കുകയുള്ളൂ...

വായനയുടെ ധാരാളിത്തത്തിൽ നിന്ന് ഞാൻ പുറന്തള്ളപ്പെട്ടിട്ട്  വർഷങ്ങളേറെയായിരിക്കുന്നു. തിരിച്ചു വരുവാൻ പലവുരു ശ്രമിച്ചിട്ടുണ്ടെങ്കിലും നടന്നില്ലെന്നതാണ് സത്യം. എന്നുവെച്ച് വായന മുച്ചൂടും മാഞ്ഞു പോയെന്നി തുകൊണ്ടർത്ഥമാക്കേണ്ടതുമില്ല. അരുൺ ആർഷയുടെ ഓഷ്വിറ്റ്സിലെ ചുവന്ന പോരാളിക്കും ബന്യാമിൻ്റെ ആടു ജീവിതത്തിനും ശേഷം മറ്റൊരു പുസ്തകം മനസ്സിനെ കീഴ്പ്പെടുത്തിയിരിക്കുന്നു. ശ്രീ .പി.വി. ഷാജികുമാറിൻ്റെ മരണവംശം.

പകയും വിദ്വേഷവും അസൂയയും തുടങ്ങിയതിന് മനുഷ്യ വംശത്തൻ്റെ പിറവിയോടുകൂടി തന്നെയായിരിക്കണം.
കൂടപ്പിറപ്പായ ആബേലിനെ കൊന്ന കായേനിൽ നിന്നു തുടങ്ങിയതു നമുക്കു വായിച്ചെടുക്കുവാൻ കഴിയും.
മരണവംശത്തിലൂടെ ഷാജികുമാർ നമ്മളോട് സംസാരിക്കുന്നത് സഹോദരങ്ങളുടെ ഹത്യയെ കുറിച്ചു തന്നെയാണല്ലോ...
ഒരു നാടിനെ കുറിച്ചോ സംസ്കാരത്തെ കുറിച്ചോ ആഴത്തിലറിയുവാൻ ഏറ്റവും നല്ലത് അവിടുത്തെ ഭാഷ ഹൃദിസ്ഥമാക്കുക എന്നതാണ്. ഭാഷ ഹൃദിസ്ഥമായാൽ ആ ദേശം നമ്മുടേതാവും. ദേശക്കാർ നമുക്കന്യ രല്ലാതാവും. നാം ആ ദേശക്കാരനാവും. ഇങ്ങിനെ ദേശക്കാരനായി പരകായപ്രവേശം നേടിയതിനു ശേഷം മരണവംശത്തിൻ്റെ വേരുകൾ തേടി യാത്ര ചെയ്തു നോക്കൂ......
നിങ്ങളുടെ കൈയ്യിലുള്ള , നിങ്ങൾ കണ്ണും നട്ടിരിക്കുന്ന പുസ്തകം എർക്കാന എന്ന ദേശവും നിങ്ങൾ എർക്കാനക്കാരനുമാകും. എർക്കാനയിലെ പ്രകൃതിയാകും.


എൻ്റെ ഭാഷയിൽ നിന്ന് ഞാൻ പുറത്താക്കപ്പെട്ടു തുടങ്ങിയതെപ്പോഴാണെന്നെനിക്കോർത്തെടുക്കുവാൻ കഴിയുന്നില്ല. പക്ഷെ എനിക്കുറപ്പുണ്ട്  ഇന്ന് ഞാൻ കൈകാര്യം ചെയ്യുന്നത് അമ്മിഞ്ഞപ്പാലുപോലെ ശുദ്ധമായ ഗ്രാമ്യവിശുദ്ധി നിറഞ്ഞ എൻ്റെ മലയാളമല്ല. പകരം ഒരു തരം സങ്കരയിനമാണ്. പല ഭാഷകളും ശൈലികളും ചേർന്നൊരു സങ്കര സന്തതിയാണത്.

മരണവംശം വായിക്കുമ്പോൾ ഞാൻ കേട്ടുമറന്ന എന്തിൻ്റെയൊക്കെയൊ പേരിൽ ഞാൻ മറച്ചു പിടിച്ച ആ ശൈലി ഭേദത്തെ ഓർത്തെടുക്കുകയാണ് ഞാൻ ചെയ്യുന്നത്. കൂടെ ഞാനൊരിക്കലും കേട്ടിട്ടില്ലാത്ത, ഉപയോഗിച്ചിട്ടില്ലാത്ത , അനുഭവിച്ചിട്ടില്ലാത്ത ഒരു സംസ്കൃതിയെ അടുത്തറിയുകയും ...

"റാക്ക് " ഇവിടെ വെറുമൊരു ലഹരി പദാർത്ഥമല്ല. അതൊരു കഥാപാത്രം കൂടിയാണെന്ന് ഞാൻ കരുതുന്നു. ഒരു കാലത്ത് റാക്ക് എൻ്റെ നാടിനെയും ഗ്രസിച്ചിരുന്നു. കോടയും വാറ്റുപാത്രങ്ങളും തലയിൽ വെച്ച് അടിവസ്ത്രം മാത്രം ധരിച്ച് എക്‌സൈസുകാരുടെ മുന്നിൽ നടന്നു പോകുന്നവരാണ് എൻ്റെ കുട്ടിക്കാലത്തെ കാഴ്ചകളിൽ പ്രധാനപ്പെട്ട ഒന്ന്. കാക്കി വേഷധാരികളോട് ഒരു തരം ഉൾഭയം ഇതെന്നിൽ ഉടലെടുക്കുവാൻ കാരണമായി. നഗരത്തിലെ കോളേജിൽ പ്രി.ഡി.ഗ്രി പഠനത്തിനു പോയതോടുകൂടിയാണ് ഈ ഭയം എന്നിൽ നിന്ന് മാഞ്ഞ് പോയത്.

നാട്ടിലെ ഒരു പ്രമുഖന് വേണ്ടി എൻ്റെ അച്ഛനും റാക്കു വാറ്റിയെടുക്കാറുണ്ടായിരുന്നു. വാറ്റിൻ്റെ രസതന്ത്രവും തത്വ ശാസ്ത്രവ്യം അങ്ങിനെ ഞാനും ഹൃദിസ്ഥമാക്കി. അത് കുട്ടിക്കാലത്തുള്ള ഒരു വിനോദം മാത്രമായിരുന്നു എനിക്കന്ന്. നാടിനെ ഗ്രസിച്ചൊരു ആപത്താണതെന്ന് അന്നെ നിക്കറിയില്ലായിരുന്നു. പുരോഗമന ചിന്താഗതിക്കാരും കള്ളവാറ്റ് ഗ്രാമജീവിതത്തെ തകിടം മറിക്കുന്നതിൽ ഉത്കണ്ഠാലുക്കുളമായിരുന്ന ഒരു യുവത വാറ്റിനെതിരെ തിരിയുകയും അതിൻ്റെ ഉന്മൂലനത്തിനു വേണ്ടി കൈകോർത്തു പിടിച്ചൊത്തൊരുമിച്ചിറങ്ങുകയും ചെയ്തപ്പോഴാണ് റാക്ക് എൻ്റെ ഗ്രാമത്തിൽ നിന്ന് പടി കടത്തപ്പെട്ടത്.

വായന മരിച്ചു കൊണ്ടിരിക്കുന്നുവെന്ന കിംവദന്തിയെ പുറം തള്ളിക്കൊണ്ടാണ് മരണവംശം ആസ്വാദകരെ കീഴടക്കിക്കൊണ്ടിരിക്കുന്നതെന്ന് ഇതുവരെ പുറത്തിറങ്ങിയ പതിപ്പുകളിൽ നിന്ന് നമുക്കു മനസ്സിലാക്കുവാൻ കഴിയും. അപ്പോൾ വായന മരിച്ചതല്ല വായനക്കാരനിൽ വായിക്കുവാനുള്ള ചോദന  വളർത്തിയെടുക്കുന്നതിൽ  എഴുത്തുകാർ പരാജയപ്പെട്ടു എന്നു വേണം കരുതുവാൻ.അല്ലെങ്കിൽ വായനക്കാരനെ മറന്ന് എഴുത്തിനെ മാത്രം ചേർത്ത് പിടിച്ച് അവരൊരു ഭൂവിഭാഗമായി. പുതിയ സാങ്കേതികതകളെ തങ്ങളുടെ എഴുത്തിലേക്ക് സന്നിവേശിപ്പിക്കുവാനും വിപണനം ചെയ്യുവാനും അവർ പരാജയപ്പെട്ടു.

മരണവംശം വായനയുടെ പ്രതിസന്ധികളെ മറികടന്ന് പുതുചരിത്രം കുറിക്കട്ടെ.. സാമ്പ്രദായികലോകത്തെ മറി കടന്ന്  തങ്ങളുടെ എഴുത്തിൽ പുതു ചരിത്രം എതുന്നതി മറ്റു എഴുത്തുകാർക്ക് പ്രചോദനമാകട്ടെ ...

സ്നേഹപൂർവ്വം
ചന്ദ്രൻ മൊട്ടമ്മൽ

Comments

Popular posts from this blog

നീ കാഫിറാണ്

ബംഗായനം

ബംഗായനം