പരൽ മീനുകൾ


    കഠിനമായ വെയിലിൽ ചുട്ടുപൊള്ളുന്ന കുറുക്കൻകുന്നിൻ്റെ ഉച്ചിയെ തണുപ്പിച്ച് മഴത്തുള്ളികൾ ഇറ്റു വീണു. പിന്നത് പെരുമഴയായി പെയ്തിറങ്ങി നീർച്ചാലുകളായി കുന്നിനു താഴോട്ടു കുതിച്ചു. വെയിലേറ്റു കരിഞ്ഞു പോയ പുൽനാമ്പുകളേയും ഇലകൾ കൊഴിഞ്ഞ വൃക്ഷങ്ങളേയും ആലിംഗനം ചെയ്ത് അത് താഴ്‌വാരത്തേക്ക് സഞ്ചരിച്ചു'. നഷ്ടബോധത്തിൻ്റെ വേപഥു പൂണ്ടുറങ്ങിയ കുന്നിലേക്ക് പച്ചപ്പിൻ്റ ചാരുത ഒരിക്കൽ കൂടി തിരികെയെത്തി.

    കുറുക്കൻകുന്നു കയറി ഇടത്തോട്ടിറങ്ങിയാൽ മീൻകുയിച്ചാലും ദിശയൊന്നു മാറ്റിപ്പിടിച്ച് വലത്തോട്ടിറങ്ങിയാൽ കപ്പണച്ചാലുമായി . കുന്നിൻ മുകളിൽ പെയ്തൊഴുകുന്ന മഴവെളളം ചെങ്കല്ല് കൊത്തിയെടുത്തുപേക്ഷിച്ച  പണയിലും കൊച്ചു കുഴികളിലും നിറഞ്ഞ്   നീരുറവകളായി ....... നീർച്ചാലുകൾ തീർത്ത് താഴോട്ടൊഴുകി ചാത്തങ്കരി വയലിലോട്ട് ധൃതിയിലൊഴുകുമ്പോൾ ഒഴുക്കിനെ വെല്ലുവിളിച്ച് ചില കുടിയേറ്റക്കാർ കപ്പണച്ചാലിലേക്കെത്താറുണ്ട്. ഇലച്ചാർത്തുകളിലൂടെ അരിച്ചെത്തുന്ന സൂര്യരശ്മികളേറ്റ് തിളങ്ങുന്ന വെള്ളി നിറമുള്ള പരലുകൾ, മഞ്ഞയും കറുപ്പും വരകളുള്ള ഇത്തിരി കുഞ്ഞന്മാർ ... ശാസ്ത്രീയമായും പ്രാദേശികമായും ഇവർക്കും പേരുണ്ടാകും ട്ടോ. എനിക്കതറിയില്ലാന്നു മാത്രം. : കല്ലേൻ മുട്ടികൾ, എന്തോ ഭാരവും പൊക്കി നടക്കുകയാണെന്ന തരത്തിൽ ഇരു കൈയ്യുകളും മുകളിലോട്ട് പൊക്കി ഗമയോട് കൂടി വരുന്ന ഞണ്ടുകൾ, തവളകൾ ,നീർക്കോലികൾ തുടങ്ങിയവരാണിവർ.

   സ്പർദ്ദ വളർത്തുന്ന മുദ്രാവാക്യങ്ങളോ ജാതി തരം തിരിവുകളൊ ഇല്ലാതെ അവരങ്ങിനെ സുരക്ഷിതമായി നീർച്ചാലുകളിലെ വലുതും ചെറുതുമായ കുഴികളിലും പരന്നുകിടക്കുന്ന വിതാനങ്ങളിലും തങ്ങളുടെ ഇടം കണ്ടെത്തും..എൻ്റെ പൂർവ്വികർ കണ്ടെത്തിയത് പോലെ. തോരാ മഴയത്ത് നീരൊഴുക്ക് വർദ്ധിക്കുന്നതോടെ സന്ദർശകരുടെ എണ്ണവും പെരുകും. അവരുടെ വിക്രിയകളുടെ ഉപോൽപ്പന്നങ്ങളായി പുതിയ പിറവികളുമുണ്ടാകും. മഴതോരുകയും നീരൊഴുക്കു കുറയുകയും ചെയ്യുന്നതോടെ ചെറിയതും വലിയതുമായ കുഴികളിൽ അകപ്പെട്ടു പോകുന്ന പാപത്തിൻ്റെ സന്തതികൾ കാക്കകൾക്കും കൊക്കുകൾക്കും എറുമ്പുകൾക്കും ഇരകളാവുകയും ചെയ്യും.

   വീണ്ടും അടുത്ത മഴക്കാലത്തും അതി നടുത്ത മഴക്കാലത്തും തുടർന്നും ഈ പ്രക്രിയ തുടരവെ നീർച്ചാലുകളുടെ സഞ്ചാര പാത കൈയ്യേറി പുതിയൊരു പാതയെത്തി. നീരൊഴുക്കു തടസ്സപ്പെടുകയും ചാത്തങ്കരിയിലെ വയലിൻ്റെ ആവാസ വ്യവസ്ഥകൾക്ക് രൂപമാറ്റം സംഭവിക്കുകയും ചെയ്തതോടെ പരൽമീനുകൾ കപ്പണച്ചാലിനെ തിരിഞ്ഞു നോക്കാതെയുമായി. എവിടെ നിന്നോ എപ്പഴോ ഇവിടെയെത്തി നീരൊഴുക്കു നിലച്ച കുഴികളിലകപ്പെട്ട മീനുകളെ പോലെ  കഴിഞ്ഞിരുന്നവരും ഓരോരുത്തരായി ഈ ഭൂമികയെ അനാഥമാക്കി പുതിയ വാസസ്ഥലങ്ങൾ തേടിപ്പോയി....... പരൽ മീനുകളെ പോലെ........ 
___ ചന്ദ്രൻ മൊട്ടമ്മൽ___

Comments

Anonymous said…
What a writing Chandretta… 🌸

Popular posts from this blog

നീ കാഫിറാണ്

ബംഗായനം

ബംഗായനം