കെ.പി. വത്സരാജ് : പൂർണത തേടിയ ചിത്രകാരൻ



അനുസ്മരണം :

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ കാറഡുക്ക ഏരിയാ സമ്മേളനം 2023 സെപ്റ്റംബർ 10 ന് മുള്ളേരിയയിൽ വെച്ചു നടക്കുകയാണ്. സമ്മേളനവുമായി ബന്ധപ്പെട്ട് ഒരു സ്മരണിക പുറത്തിറക്കുന്നുണ്ട്. ജില്ലയിലെ പ്രമുഖ എഴുത്തുകാരൊക്കെ അതിൽ ലേഖനങ്ങൾ എഴുതുന്നുണ്ട്. കൂട്ടത്തിൽ കാറഡുക്കയിലെ പ്രതിഭാധനരായ ചിത്രകാരന്മാരെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു ചെറു ലേഖനം വേണമെന്നുള്ള ചർച്ച വന്നു. ഇത് നിർവ്വഹിക്കുവാനുള്ള ചുമതല കമ്മിറ്റി എനിക്കാണ് നൽകിയത്. കാറഡുക്കയിൽ വന്നു ചേർന്ന ആളെന്ന നിലയിൽ ഈ ഭൂമികയുടെ കൃത്യമായ ഒരു ഭൂപടമൊ അടയാളപ്പെടുത്തലുകളൊ  ഒന്നും എന്റെ പക്കലുണ്ടായിരുന്നില്ല.  ചിലരെയൊക്കെ നേരിട്ടും, മറ്റു ചിലരെ വായനയിലൂടെയും പരിചയപ്പെട്ടിട്ടുണ്ടെന്നതൊഴിച്ച്. അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ച് ഇത് വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു എന്ന് പറയേണ്ടല്ലൊ?!!
എനിക്കറിയാവുന്നവരുടെ വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരുക്കുമ്പോഴാണ് സംഘടനയുടെ ഏരിയാ സെക്രട്ടറി പി.വിനയകുമാർ ഒരു ഫോൺ നമ്പർ എനിക്ക് കൈമാറിയതും , നമ്പറിന്റെ ഉടമയെ വിളിക്കാൻ പറഞ്ഞതും. സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം എനിക്ക് ലഭിച്ച  നമ്പറിലേക്ക് ഞാൻ വിളിച്ചു നോക്കി. ചില തമിഴ് പേശുകളല്ലാതെ മറ്റൊരു പ്രതികരണവും എനിക്ക് ലഭിച്ചില്ല. തൊട്ടടുത്ത ദിവസം രാവിലെ .... എന്റെ വരയിടത്തിലേക്കിറങ്ങുവാനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ . പൊടുന്നനെ എന്റെ മൊബൈൽ ശബ്ദിച്ചു.

" ഇന്നലെ ഈ നമ്പറിൽ നിന്നൊരു കോൾ വന്നിരുന്നു. "
ആരാണെന്നോ എന്താണെന്നോ . വെളിപ്പെടുത്താതെ കാച്ചിക്കുറുക്കിയൊരു ശബ്ദം റിസീവറിലൂടെ എന്റെ കാതുകളിലേക്കൊഴുകിയെത്തി.
ഇതിനു മുമ്പൊരിക്കലും  ആ ശബ്ദത്തിനുടമയെ എനിക്ക് പരിചയമുണ്ടായിരുന്നില്ലെങ്കിലും എവിടെയൊ കേട്ടുമറന്നതു പോലെ ..... അല്ലെങ്കിൽ എനിക്കേറ്റവും പരിചയമുള്ള ഒരാളുടെ ശബ്ദവുമായി സാമ്യമുള്ളതുപോലെ എനിക്കൊരു തോന്നലുണ്ടായി.
"വത്സരാജ് മാഷാണോ "
ആശങ്കകളോടെ ഞാനന്വേഷിച്ചു.
"അതെ".
ശബ്ദത്തിന് യാതൊരു മയവുമില്ല. ഞാൻ വിളിച്ചതിന്റെ കാരണമറിയിച്ചു. ഒരു പൊട്ടിത്തെറിയായിരുന്നു മറു തലക്കൽ നിന്ന് മറുപടിയായി ലഭിച്ചത്.
"എന്നോടാർക്കാണ് ഇപ്പോഴിത്ര സ്നേഹം . എന്നെ ആരുമറിയേണ്ട .. ആരുമെന്നേക്കുറിച്ച് എഴുതുകയും വേണ്ട . നീയാരാ ?.... എന്താ നിന്റെ ജോലി?"
സംയമനത്തോടെ ഞാനാരാണെന്നും എന്റെ ഉദ്ദേശമെന്താണെന്നും അദ്ദേഹത്തെ അറിയിച്ചു. ഒരു ചിത്രകലാ തല്പരനാണ് ഞാനെന്നറിഞ്ഞപ്പോൾ ക്ഷോഭം അദ്ദേഹത്തെ വിട്ടു പോയതു പോലെ ..... തുടർ വർത്തമാനത്തിൽ അതെനിക്കനുഭവപ്പെട്ടു തുടങ്ങി. ഇതുവരെ അറിയാത്ത അനുഭവിക്കാത്തൊരു മഹായാനത്തിലേക്കുള്ള  പുറപ്പാടായതെനിക്കനുഭവപ്പെട്ടു. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ നേരിട്ടു കാണാമെന്ന ഉറപ്പോടെ ആണ് രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ആ സംഭാഷണം ഞങ്ങളവസാനിപ്പിച്ചത്.
അദ്ദേഹം പകർത്തിയതും അദ്ദേഹത്തെ ഏറെ പ്രചോദിപ്പിച്ചതുമായ അദ്ദേഹത്തിന്റെ സ്വന്തം കാനത്തൂരിന്റെ പ്രകൃതിയിലലിഞ്ഞ് സംസാരിക്കുവാനും അദ്ദേഹത്തോടൊപ്പം നിറങ്ങൾ ചാലിക്കുവാനും എനിക്കതിയായ അഗ്രഹമുണ്ടായിരുന്നു. തുടർന്നുള്ള ദിനങ്ങളിൽ അതിനു വേണ്ടിയുള്ള ക്രമപ്പെടുത്തലുകളിലായിരുന്നു ഞാൻ. എന്നാൽ ഇതിനിടയിൽ അപ്രതീക്ഷിത ആഘാതമായി വത്സരാജ് മാഷിന്റെ വിയോഗ വാർത്ത ശ്രവിക്കുവാനുള്ള യോഗമാണെനിക്കുണ്ടായത്.


വത്സരാജ് മാഷിനെ കുറിച്ചുള്ള വിശദമായ ഒരു ലേഖനമൊന്നുമായിരുന്നില്ല അന്ന് സമ്മേളന സ്മരണികയിൽ പ്രസിദ്ധീകരിച്ചത്. കാറഡുക്കയിലെ ചിത്രകാരന്മരെ അവരുടെ പേരുകളാലും, ചിത്രങ്ങളാലും ഒന്ന് തൊടുക മാത്രമെ അന്ന് ചെയ്തിരുന്നുള്ളൂ. എന്നാൽ ജില്ലാ റവന്യൂ സ്കൂൾ കലോത്സവ സ്മരണികക്ക് വേണ്ടി വീണ്ടും ആ മഹപ്രതിഭയെ രേഖപ്പെടുത്തുവാൻ അവസരം കൈവരുമ്പോൾ അത് കേവലമൊരു പരിചയപ്പെടുത്തൽ മാത്രമായി പോകരുതെന്ന് എന്റെ മനസ്സു പറയുന്നു.

ജില്ലയിലെ ഏറ്റവും പ്രതിഭാധനായ ചിത്രകാരൻ   ചിറക്കര കുഞ്ഞമ്പു നായരുടേയും  കാനത്തൂർ പുതുക്കുടി ശാരദയുടെയും  നാലുമക്കളിൽ രണ്ടാമനായി 1967 ഏപ്രിൽ 21 നാണ് വത്സരാജിന്റെ ജനനം. സ്കൂൾ കാലയളവിൽ തന്നെ അദ്ദേഹത്തിന്റെ പ്രതിഭ കണ്ടെത്തപ്പെട്ടിരുന്നു. അതിനാൽ തന്നെ സ്കൂൾ സംബന്ധിയായ പല കാര്യങ്ങൾക്കും വേണ്ടി ചിത്രം വരക്കുവാൻ വത്സരാജ് നിയോഗിക്കപ്പെട്ടു. അത്തരം നിയോഗങ്ങൾ അദ്ദേഹം ഹൃദയാത്മനാ സ്വീകരിച്ചിരുന്നു. എസ്.എസ്.എൽ.സിയും പ്രി.ഡിഗ്രിയും നല്ല നിലയിൽ തന്നെ ജയിച്ചു കയറിയതിനു ശേഷം വത്സരാജ് തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ ചിത്രകല പഠിക്കാനുള്ള  അഭിലാഷം തന്റെ പിതാവിനെ അറിയിച്ചു. തന്റെ പാതയിൽ മകൻ വരുന്നതിൽ അദ്ദേഹത്തിന്എതിർപ്പൊന്നും ഉണ്ടായിരുന്നില്ല.  മകന്റെ ആഗ്രഹത്തിത്തിന് മുൻതൂക്കം നൽകി തന്റെ സുഹൃത്തും ഫൈൻ ആർട്ട്സിലെ അദ്ധ്യാപകനും കാർട്ടൂണിസ്റ്റുമായ പി.വി.കൃഷ്ണന്റെ സഹായത്തോടെ  യോഗ്യതാ പരീക്ഷക്കുള്ള സാഹചര്യമുണ്ടാക്കി കൊടുത്തു. അതീവ മിടുക്കനായ വത്സരാജ് ഒന്നാം റേങ്ക്  കരസ്ഥമാക്കി യോഗ്യതാ  പരീക്ഷ എന്ന കടമ്പയെ തന്റെ മുന്നിൽ മുട്ടുകത്തിച്ചു.


വത്സരാജിന്റെ പ്രതിഭ തിരിച്ചറിഞ്ഞ ഫൈൻ ആർട്ട്സിലെ ശില്പ വിഭാഗം അദ്ധ്യാപകനും പ്രശസ്ത ശില്പിയുമായ കാനായി കുഞ്ഞിരാമൻ, പിതാവയായ സി.കുഞ്ഞമ്പുനായരോട് മകനെ തന്റെ വിഭാഗത്തിൽ ചേർക്കുവാൻ പറഞ്ഞു. എന്നാൽ നല്ലൊരു പെയിന്റർ ആകണമെന്നതായിരുന്നു വത്സരാജിന്റെ ആഗ്രഹം.

തിരുവനന്തപുരം ഫൈൻ ആർട്ട്സിലെ അന്തരീക്ഷം എന്തുകൊണ്ടോ വത്സരാജിന് അത്രക്കങ്ങോട്ട് ഇഷ്ടമായില്ല എന്നു വേണം കരുതുവാൻ . അതായിരിക്കാം തിരുവനന്തപുരം വിടുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സമാനമനസ്കരായ നാലു കൂട്ടരുമൊത്ത് അദ്ദേഹം തിരുവനന്തപുരം വിട്ടു. ലക്ഷ്യം ബറോഡ ആയിരുന്നു. കോളെജിൽ നിന്ന് വിടുതൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി ബറോഡക്ക് പുറപ്പെടുവാൻ ഒരുങ്ങിയതിന് ശേഷം മാത്രമാണ് വത്സരാജ് പിതാവിനെ വിവരമറിയിച്ചത്.
അന്ന് ബറോഡക്ക് പുറപ്പെട്ട നാലു പേരും യോഗ്യതാ പരീക്ഷ വിജയിച്ച്  മഹാരാജ സായോജി റാവു യൂനിവേഴ്സിറ്റിയിലെ ഫാക്കൽട്ടി ഓഫ് ഫൈൻ ആർട്ട്സിൽ പ്രവേശനം നേടി. ഈ നാലു പേരിൽ വത്സരാജിന് തന്നെയായിരുന്നു ഏറ്റവും മികച്ച വിജയം. തിരുവനന്തരപുരത്തെ അതേ പ്രകടനം അദ്ദേഹം ബറോഡയിലും കാഴ്ച വെച്ചു. തുടർന്ന് ഡിസ്റ്റിങ്ങ്ഷനോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി ചിത്രകലയിൽ BFA ബിരുദം കൈപ്പിടിയിലൊതുക്കിയാണ് അദ്ദേഹം ബറോഡയോട് വിടപറഞ്ഞത്. എന്നാൽ ബിരുദത്തോടെ പഠനം അവസാനിപ്പിക്കുവാനും ഏതെങ്കിലും സ്ഥാപനത്തിൽ ജോലി കരസ്ഥമാക്കി ഒതുങ്ങുവാനും വത്സരാജിന് കഴിയുമായിരുന്നില്ല. ചിത്രകലയിൽ മാസ്റ്റർ ബിരുദം നേടുവാൻ അദ്ദേഹമുറച്ചു. ശാന്തിനികേതൻ ആ മഹാപ്രതിഭയെ മാടിവിളിക്കുന്നുണ്ടായിരുന്നു. അത് തള്ളിക്കളയുവാൻ അദ്ദേഹമൊരുക്കമായിരുന്നില്ല. ബറോഡയിൽ നിന്ന് വത്സരാജ് കൽക്കത്തയിലേക്ക് വണ്ടി കയറി. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ വിശ്വഭാരതി സർവ്വകലാശാലയിലെ കലാപീഠത്തിൽ വീണ്ടും ചരിത്രമാവർത്തിക്കപ്പെട്ടു. മാസ്റ്റർ ബിരുദം കരസ്ഥമാക്കി സങ്കേതികമായ പഠനമവസാനിപ്പിച്ച് ചിത്രകലയുടെ മഹാപ്രപഞ്ചത്തിലേക്ക് അദ്ദേഹമിറങ്ങി.


കലയേയും സാഹിത്യത്തെയും പ്രണയിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അതു മാത്രമായിരിക്കും അയാളെ സംമ്പന്ധിച്ചുള്ളതെല്ലാം. അതിൽ നിന്ന് വേറിട്ടു ചിന്തിക്കുവാനോ ലൗകി കേച്ഛകൾക്ക് കീഴ്പ്പെട്ട് ജീവിക്കുവാനോ അയാൾക്ക് കഴിയണമെന്നില്ല. ഒരു തരം സംന്യാസമാണതവർക്ക്. അതുകൊണ്ടു തന്നെ തന്റെ ജീവനും ജീവിതവുമായ കലയെ അർത്ഥസമ്പാദനത്തിനു വേണ്ടി മാത്രം ഉപയോഗിക്കുവാൻ അയാൾക്ക് കഴിഞ്ഞെന്നു വരില്ല. അതവരുടെ ലക്ഷ്യവുമായിരിക്കില്ല. ബിരുദ പഠനത്തിനു ശേഷമുള്ള വത്സരാജിനെക്കുറിച്ച് അദ്ദേഹത്തിന്റെ പിതാവായ സി.കെ നായർ പ്രതികരിച്ചത് ഈ വിധത്തിലായിരുന്നു.

" ചിത്രകലയെക്കുറിച്ച് കൂടുതൽ
പഠനം നടത്തി ബിരുദവും മാസ്റ്റർ ബിരുദവുമെടുത്തവർ ഏതെങ്കിലും ജോലി സ്വീകരിക്കാതെ പ്രദർശനങ്ങളൊക്കെ നടത്തി പ്രശസ്തി നേടുവാൻ ആണ് ശ്രമിക്കുന്നത് കണ്ടിട്ടുള്ളത്. അവനും പഠനത്തിനു ശേഷം പ്രദർശനങ്ങൾക്കും ക്യാമ്പുകൾക്കും , യാത്രകൾക്കുമൊക്കെയാണ് കൂടുതൽ ഔത്സുക്യം കാണിച്ചത് "


അഞ്ച് വർഷത്തോളം മാഹി കലാഗ്രാമത്തിൽ അദ്ധ്യാപകനായി അദ്ദേഹം ജോലി നോക്കിയിരുന്നു. അന്നവിടെ  ശിഷ്യന്മാരായും സഹപ്രവർത്തകരായുമൊക്കെ ഉണ്ടായിരുന്നവർക്ക് വത്സരാജിന്റെ  സിദ്ധികളെക്കുറിച്ച് പറയുവാൻ നൂറു നാക്കുകളാണ്.
1998 കളിലാണ് അദ്ദേഹം മാഹി കലാഗ്രാമത്തിൽ ഡിപ്പാർട്ട്മെന്റ് ഹെഡ് ആയിട്ടെത്തുന്നത്. വത്സരാജ് മാഷിനെ കുറിച്ച് അന്നവിടെ ചിത്രകലാ വിദ്യാർത്ഥിയായിരുന്ന ജഗദീഷ് പാലയാടിന്റെ വാക്കുകൾ നമുക്ക് ശ്രദ്ധിക്കാം. ഒരു ഗുരുവിന് ശിഷ്യൻ നൽകുന്ന ഏറ്റവും മികച്ച ആദരവായി നമുക്കിതിനെ വായിച്ചെടുക്കാവുന്നതാണ്.

"ഏതൊരു ഫൈൻ ആർട്ട്സ് കോളെജും പിന്തുടർന്നിരുന്ന അതേ ചിട്ടവട്ടങ്ങളും പഠനരീതികളും തന്നെ ആയിരുന്നു അന്ന് കലാഗ്രാമത്തിലും ഉണ്ടായിരുന്നത്. എന്നാൽ അതിനൊരു മാറ്റം വരുന്നത് വത്സൻ മാഷ് ഡിപ്പാർട്ട്മെന്റ് ഹെഡ്‌ ആയി എത്തിയതോടെയാണ്. ഏതൊരു വ്യക്തിയിലും തന്റെതായൊരു  കളർ സ്കീമും ശൈലിയും കാലക്രമേണ ഉണ്ടായി വരണമെന്നും എന്നാൽ മാത്രമെ ഈ മേഖലയിൽ തഴക്കവും സ്വന്തമായൊരു സിഗ്നേച്ചറും ഉണ്ടാക്കുവാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം പറയുമായിരുന്നു. അങ്ങിനെ ഒരു ശൈലി നടപ്പാക്കുവാൻ ശ്രമിച്ചത് കൊണ്ട് പലരും മാഷിനെ അനുകരിക്കുവാൻ തുടങ്ങി. ഇത് മാഷ് ശക്തിയുക്തം എതിർത്തിരുന്നു. "

ഒരോ വ്യക്തിയും അവന്റെ ശരീര പ്രകൃതിയാലും , സ്വഭാവരീതിയാലും, വേഷത്താലും, ശബ്ദത്താലും,ചലനങ്ങളാലും, ബുദ്ധിപരമായുമൊക്കെ വ്യത്യാസം പുലർത്തുന്നവരാണെന്ന് നമുക്കറിയാം. അതു തന്നെയാണ് മറ്റുള്ളവരിൽ നിന്നും അവരെ തിരിച്ചറിയുവാൻ സഹായിക്കുന്നതും. അതുപോലെ ഓരോ ചിത്രകാരനിലും ഈ സവിശേഷതകളുണ്ടാവും , ഉണ്ടായിരിക്കണം. നിരത്തിവെച്ച അനേകായിരം ചിത്രങ്ങളിൽ നിന്ന് ഇതിന്നയാൾ വരച്ച ചിത്രമാണെന്ന് ആസ്വാദകന് പറയാൻ സാധിക്കുന്നതും മറ്റു ചിത്രകാരന്മാരിൽ നിന്ന് അയാളെ തിരിച്ചറിയാൻ സാധിക്കുന്നതും ഈ സവിശേഷ രീതികൾ കൊണ്ടാണ്. എന്നാൽ പഠന കാലയളവിൽ മിക്കവരും ഇതേക്കുറിച്ച് ബോധവാന്മാരായിരിക്കില്ല. നന്നായി വരക്കാൻ സാധിക്കുമെങ്കിലും അവർ സ്വന്തമായൊരു ശൈലി സ്വായത്തമാക്കുവാൻ പരിശ്രമിക്കില്ല. അതുകൊണ്ട് തന്നെ അത്തരക്കാർ ആൾക്കൂട്ടത്തിലൊരുവൻ മാത്രമായി തിരിച്ചറിയപ്പെടാതെ പോകുന്നു. തന്റെ വിദ്യാർത്ഥികൾ സ്വന്തമായ ശൈലികൾക്കുടമകളായിരിക്കണമെന്നും അനുകരണ ശൈലിയിൽ മാത്രമൊതുങ്ങിപ്പോകരുതെന്നും അദ്ദേഹം ആഗ്രഹിച്ചു. ഇത് തന്റെ ശിഷ്യന്മാരെ അദ്ദേഹം എല്ലായ്പ്പോഴും ഓർമ്മിപ്പിച്ചിരുന്നു എന്നു മാത്രമല്ല സ്വന്തമായ ശൈലിയിൽ വരക്കുന്നവരെ അദ്ദേഹം അതിരറ്റ് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.


ആകർഷകമായ കളറുകളുടെ വിന്യാസം, സ്പെയിസിങ്ങ് തുടങ്ങിയ കാര്യങ്ങളിൽ വത്സരാജിനുള്ള പാടവത്തെ അദ്ദേഹത്തെക്കുറിച്ച് അറിയുന്നവരൊക്കെ എടുത്തു പറയുന്നുണ്ട്.  മറ്റുള്ളവരുടെ ചിത്രങ്ങൾ കാണുവാനും അറിയുവാനുമുള്ള അവസരങ്ങൾ നൽകിയും, പ്രദർശനങ്ങൾ, ക്യാമ്പുകൾ, യാത്രകൾ  തുടങ്ങിയ കാര്യങ്ങളിൽ പങ്കാളികളാക്കിയും അദ്ദേഹം തന്റെ ശിഷ്യരെ  ക്ലാസ്സ് മുറിയിലെ പ്രാഥമിക പഠന രീതിയിൽ മാത്രമൊതുങ്ങാൻ വിടാതെ  പുറത്തെത്തിച്ചു.

വായനയുടെ പൊരുളറിഞ്ഞ ചിത്രകാരനായിരുന്നു വത്സരാജ് . വായനയെക്കുറിച്ചുള്ള എന്റെ ചോദ്യത്തെ  " വായനയില്ലാത്ത മനുഷ്യ ജീവിതം പൂർണ്ണമാണോ?" എന്ന മറുചോദ്യം കൊണ്ടാണ് അദ്ദേഹം ഘണ്ഡിച്ചത്. കലാഗ്രാമത്തിൽ നല്ലൊരു ഗ്രന്ഥാലയമുണ്ടായിരുന്നു. അതിൽ കൂടുതലും ഫ്രഞ്ച് ഭാഷയിലുള്ള പുസ്തകങ്ങളായിരുന്നു. ഇത് മനസ്സിലാക്കുവാൻ ഫ്രഞ്ച് ഭാഷാ പഠനത്തിനുള്ള ഒരു സംവിധാനം അദ്ദേഹമൊരുക്കി. മാത്രമല്ല ആ ക്ലാസ്സിൽ അദ്ദേഹമൊരു പഠിതാവായി ചേരുകയും ചെയ്തു. " ജഗദീഷ് പാലയാട്ട് സാക്ഷ്യപ്പെടുത്തുന്നു. വായനക്കും ഭാഷാപഠനത്തിനും വത്സരാജ് നൽകിയ പ്രാധാന്യമാണിവിടെ നമുക്കു കാണാൻ കഴിയുന്നത്. ശാന്തിനികേതനിലെ വാസം നല്ലൊരു സംഗീതാസ്വാദകനെ അദ്ദേഹത്തിൽ സൃഷ്ടിച്ചിട്ടുണ്ടെന്നും ജഗദീഷ് നിരീക്ഷിക്കുന്നുണ്ട്.

ചിത്രകലയിൽ ഉടലെടുത്ത റാഡിക്കൽ മൂവ്മെന്റിന്റെ ഭാഗമായിരുന്നു അദ്ദേഹമെന്ന് പറയപ്പെടുന്നുണ്ട്. പലരും അത് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ജ്യേഷ്ഠനും ചിത്രകാരനുമായ കെ.പി. ജ്യോതി ചന്ദ്രന്റെ സഹപാഠിയും മാഹി കലാഗ്രാമത്തിൽ പ്രവർത്തിക്കുകയും ചെയ്തിരുന്ന സുരേഷ് കൂത്തുപറമ്പ്  പ്രതികരിച്ചതിങ്ങിനെയാണ്. " ഞാൻ കലാഗ്രാമം വിട്ടതിന് ശേഷമാണ് വത്സരാജ് അവിടെ എത്തുന്നത് . എന്നാൽ എനിക്കവിടെ ഒരു സ്റ്റുഡിയൊ ഉണ്ടായിരുന്നത് കൊണ്ട് ഇടക്കൊക്കെ അങ്ങോട്ട് പോയിരുന്നു. അങ്ങിനെ പരിചയമുണ്ടായിരുന്നു.

വിൻസന്റ് വാൻഗോഖിന്റെയും, പിക്കാസോയുടെയും ചിത്രങ്ങളുടെ പ്രണയിതാവായിരുന്നു വത്സരാജ്. റാഡിക്കൽ പ്രസ്ഥാനത്തിന്റെ അവസാനത്തെ കണ്ണികളിലൊരാൾ ആയിരുന്നെങ്കിലും പ്രത്യക്ഷ പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്നില്ല. ബറോഢയുമായുള്ള ബന്ധം കാരണം ഗുലാം ഷെയ്ക്കിന്റെയും, ബുഹാരിയുടെ തുമൊക്കെ സ്വാധീനം കാണാം. ഒരു ഗോഡ്ഫാദർ വത്സരാജിനില്ലായിരുന്നു. തീർത്തും സ്വതന്ത്രനായ ഒരു ചിത്രകാരനായിരുന്നു. എനിക്ക് തോന്നുന്നു അതൃപ്തിയാണ് അയാളുടെ മുഖമുദ്ര. ചിത്രകലാ ജീവിതത്തിൽ ആകെ വരച്ച ചിത്രങ്ങളിലൊന്നും പൂർണത കണ്ടെത്തുവാൻ കഴിയാത്ത സന്ദേഹി. ബിംബകല്പനകളിൽ അഗ്രഗണ്യനായിരുന്നു. കറുപ്പിന്റെ അതിപ്രസരം ചിത്രങ്ങളിൽ കാണാമെങ്കിലും നിറങ്ങൾ  മെർജ്ജ് (Merge ) ചെയ്യുന്നതിൽ അതീവ കഴിവുണ്ടായിരുന്നു. നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രക്രിയ ആണ് വത്സരാജിന്റെ ചിത്രങ്ങൾ. 2016 ൽ ലക്ഷദ്വീപിൽ നടന്നൊരു ക്യാമ്പിൽ അയാൾ വരച്ച ചിത്രം അക്കാദമിയുടെ പക്കലുണ്ട്. "

ഒരു തരം അന്തർമുഖത്വം അദ്ദേഹത്തിലുണ്ടായിരുന്നിരുന്നു എന്ന് വേണം കരുതുവാൻ . അദ്ദേഹത്തിന്റെ സൗഹൃദങ്ങളെ കുറിച്ച് ചോദിച്ചപ്പോ സൗഹൃദങ്ങൾ സൃഷ്ടിക്കുവാനും നിലനിർത്തുവാനും വത്സരാജ് ശ്രമിച്ചിരുന്നില്ല എന്നാണ് പലരും സൂചിപ്പിച്ചത്.  ചിത്രകാരിയും മാഹി കലാഗ്രാമം  പ്രിൻസിപ്പാളും   കാസറഗോഡ് സ്വദേശിയുമായ പൊന്മണി തോമസിന്റെ വാക്കുകൾ ഇതിനെ തിരുത്തുന്നുണ്ട്.
" കേരളത്തിലെ എണ്ണം പറഞ്ഞ പത്ത് കളറിസ്റ്റുകളിൽ ഒരാൾ വത്സരാജ് ആയിരുന്നു. കാസറഗോഡിനെക്കുറിച്ച് പറയുമ്പോൾ ആദ്യം വരുന്ന നാമവും വത്സരാജിന്റേതാണ്. സൗഹൃദങ്ങളെ എന്നും വിലമതിക്കുന്ന ഒരാൾ ആയിരുന്നു അദ്ദേഹം. തനിക്കിഷ്ടപ്പെട്ടവരുടെ നമ്പറുകൾ സംഘടിപ്പിക്കുകയും അവരുമായി നിരന്തര സമ്പർക്കത്തിലേർപ്പെടുകയും ചെയ്തിരുന്നു. "


വത്സരാജിന്റെ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ആഴവും പരപ്പും ഏറ്റവും കൂടുതൽ അനുഭവിച്ച അടുത്തറിഞ്ഞ വ്യക്തിയാണ് പ്രമുഖ എഴുത്തുകാരനായ മാങ്ങാട് രത്നാകരൻ  . അദ്ദേഹത്തിന്റെ വാക്കുകളിൽ തെളിഞ്ഞു കിടപ്പുണ്ട്  വത്സരാജ് എന്ന യഥാർത്ഥ വ്യക്തിയും ചിത്രകാരനും. വത്സരാജിന്റെ വിയോഗം അദ്ദേഹത്തെ ഏറെ തളർത്തിയതും   അതു കൊണ്ടായിരിക്കാം.
" തികഞ്ഞ ഒരു പൂർണ്ണതാ വാദിയായിരുന്നു വത്സരാജ് . നിറങ്ങൾ കൃത്യമായി വെക്കുവാൻ കഴിവുള്ള ചിത്രകാരൻ . മുപ്പതോളം വർഷങ്ങൾ മുൻപ് ഞാൻ മുൻകൈ എടുത്ത് ഒരു പ്രദർശനം മദ്രാസിൽ (ചെന്നൈ) നടത്തിയിരുന്നു. അതിൽ പല ചിത്രങ്ങളും ശരിയായില്ല എന്നു പറഞ്ഞ് പറഞ്ഞ് വത്സരാജ് കുത്തിക്കീറിയിരുന്നു. മറ്റൊരിക്കൽ പാരീസ് യാത്രക്കിടയിൽ  മെസ്സിദി ഓർ സെയിൽ സെസ്സെയുടെ ചിത്രങ്ങൾ കണ്ട് മോഹാലസ്യപ്പെട്ടു പോയിരുന്നു വത്സരാജ് . കുറച്ചു ചിത്രങ്ങൾ മാത്രമെ വത്സരാജ് വരച്ചിരുന്നുള്ളൂ. എന്നാൽ ലോക ചിത്രകലയിൽ രേഖപ്പെടുത്തുവാൻ പാകത്തിലുള്ളവ തന്നെയായിരുന്നു വരച്ചതൊക്കെയും.


കാനത്തൂർ സ്വദേശി തന്നെയായ സിന്ധുവാണ് വത്സരാജിന്റെ പത്നി. അദ്ധ്യാപികയാണിവർ. രണ്ടു പെൺ മക്കളാണ് വത്സരാജ് സിന്ധു ദമ്പതികൾക്ക് . അശ്വതിയും ആരതിയും. കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്നു വത്സരാജ് .അവർക്ക് പാഠങ്ങൾ പറഞ്ഞു കൊടുക്കുന്നത് അദ്ദേഹത്തിന് ഏറെ ഇഷ്ടമുള്ള കാര്യമായിരുന്നു. അതുകൊണ്ടു തന്നെയാണ് ചെന്നൈ ചെട്ടിനാട് വിദ്യാശ്രമത്തിൽ അദ്ധ്യാപകനായി അദ്ദേഹം പോയതും. അദ്ധ്യാപകനായി മാത്രമല്ല. ഇന്ത്യാ ടുഡേയിൽ ഫ്രീലാൻസ് ആർട്ടിസ്റ്റായും വത്സരാജ് പ്രവർത്തിച്ചിരുന്നു.

വരയിൽ ഒരു ഗുപ്തകാലഘട്ടമുണ്ടായിരുന്നു വത്സരാജിന്. മാഹി കലാഗ്രാമം വിട്ട്  ചെന്നൈയിൽ അദ്ധ്യാപകനായി പോയതിനു ശേഷമായിരുന്നു അത്. തന്റെ പ്രകൃതിയിൽ നിന്ന് പറിച്ചു നടപ്പെട്ട ഒരു കലാകാരന്റെ മാനസികവ്യഥയോ, നഷ്ടബോധമോ ആയിരിക്കാം അതിനു വഴി വെച്ചത്. ഇതിൽ നിന്ന് പുറത്തുകടക്കുവാനുള്ള ശക്തമായ ശ്രമത്തിലായിരുന്നു അദ്ദേഹം. ചിത്രകലയിൽ മാസ്റ്റർ ബിരുദമെടുത്ത കൽക്കത്ത ശാന്തിനികേതനിൽ സ്വന്തമായി ഒരു സ്റ്റുഡിയോ തുടങ്ങണമെന്നുള്ള ആഗ്രഹം അദ്ദേഹമെന്നോട് പങ്കു വെച്ചിരുന്നു. ഈ ആഗ്രഹം സഫലമാക്കാതെയാണ് ചിത്രകലാ ലോകത്തിനും ആസ്വാദകർക്കും തീരാനഷ്ടം വരുത്തി  മരണം വത്സരാജെന്ന വെളിച്ചത്തെ കെടുത്തിക്കളഞ്ഞത്
___ ചന്ദ്രൻ മൊട്ടമ്മൽ___












Comments

Popular posts from this blog

നീ കാഫിറാണ്

ബംഗായനം

ബംഗായനം