ബംഗായനം

ഗ്രാമായനം:


അങ്ങിനെ ബോൽപൂരിലെ രണ്ടാം ദിനത്തിലേക്ക് സൂര്യൻ ഉദിച്ചുയർന്നു.  പ്രഭാതത്തിലും നല്ല ചൂടു തന്നെ. കുളി കഴിഞ്ഞു വരുമ്പഴേക്കും വിപിൻ നല്ലൊരു കട്ടൻ ചായയുമായി പ്രത്യക്ഷപ്പെട്ടു. ചൂടും കൊതുകുകളുടെ ആക്രമവും കാരണം ചങ്ങാതിയും ശരിക്കുറങ്ങി കാണില്ല. ചായയോടെപ്പം അന്നത്തെ വാർത്താശകലങ്ങൾ ഒന്നോടിച്ചു നോക്കി , വസ്ത്രങ്ങൾ മാറി, അവശ്യമുള്ള സാധനങ്ങളും വെള്ളവുമൊക്കെ എടുത്തു വെച്ചു.


അടുക്കും ചിട്ടയുമില്ലാതെ വലിച്ചിട്ട സാരികൾക്കിടയിൽ ദീപക്കും അമ്മുവും സുഖ നിദ്രയിലാണ്. ഉപഭോക്താക്കൾക്കയക്കുവാനുള്ള സാരികളാണിവ. അതിന് കേടുപാടുകളൊന്നുമില്ലെന്ന് ഉറപ്പു വരുത്തിയെ പൊതികളാക്കി മേൽ വിലാസമൊക്കെ എഴുതി അയക്കുവാനുളള പാകത്തിലാക്കുവാൻ കഴിയു . ഇതൊരു ബുദ്ധിമുട്ടു പിടിച്ച പണി തന്നെയാണ്. അവരുടെ ഉറക്കത്തിന് ഭംഗം വരുത്താതെ പതിയെ വാതിൽ തുറന്ന് പുറത്തുകടന്നു. സമയം അഞ്ചര കഴിഞ്ഞതെ  ഉള്ളുവെങ്കിലും പത്തുമണിയായ പ്രതീതിയാണ്. സ്കൂട്ടറെടുത്ത് കോമ്പൗണ്ടിന് പുറത്തിറങ്ങി പതിയെ പ്രധാന പാതയിലെത്തി. കോപ്പായി ഭാഗത്തേക്കാണ് പോകേണ്ടത്. ദീപക് പറഞ്ഞ പ്രകാരം മൂന്നോ നാലോ കിലോമീറ്റർ സഞ്ചരിച്ച് പ്രധാന പാതയിൽ നിന്നും ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞ് പോയാൽ ഗ്രാമങ്ങളിലെത്തി ചേരാം.

പെട്രോൾ കരുതേണ്ടതുണ്ട്. നമ്മുടെ നാട്ടിലേത് പോലെ ഗ്രാമങ്ങളിൽ പോലും പെട്രോൾ ബങ്കുകൾ ഉള്ള സ്ഥലമല്ലിത്. പെട്രോൾ ലഭിക്കുന്ന സ്ഥലം എവിടെയാണെന്ന് ദീപക് പറഞ്ഞു തന്നിരുന്നു. കവലകളിലും ചില കടകളിലുമാണ് പെട്രോൾ ലഭിക്കുക.   ഒഴിഞ്ഞ വെള്ളക്കുപ്പികളിൽ നിറച്ച് റോഡരികിൽ ഇത് കാണാം. അധിക ദൂരം ചെല്ലേണ്ടി വന്നില്ല ഒന്നോ രണ്ടോ കടകളുള്ള ഒരിടത്ത് റോഡരികിലായി ഒരു സ്റ്റൂളിൽ സാധനമിരിപ്പുണ്ട്. വണ്ടി അതിനരികിൽ നിർത്തി.
ആരെയും കാണാനില്ല !!
അല്പസമയം കഴിഞ്ഞപ്പോൾ എവിടെ നിന്നോ ഒരാൾ പ്രത്യക്ഷപ്പെട്ടു.
രണ്ട് ലിറ്റർ വാങ്ങി. ഒരു ലിറ്റർ ടാങ്കിൽ നിക്ഷേപിച്ച ശേഷം കാലി കുപ്പി തിരിച്ചേൽപ്പിച്ചു. ഒരു കുപ്പി (1 ലിറ്റർ) പെട്രോളിന് നൂറ്റി ഇരുപത് രൂപയാണ് വില. പെട്രോമാനെ പരിചയപ്പെട്ട്  , തുക നൽകി കൂടെ ഒരു സെൽഫിയുമെടുത്ത്  അവിടം വിട്ടു.



രണ്ട് കിലോമീറ്ററോളം മുൻപോട്ട് പോയിക്കാണം. ഒന്നു രണ്ട് കടകൾ കാണാം. അവിടുന്ന് ഇടതു വശത്തോട്ട് ഒരു ചെറിയ പാത പോകുന്നു. ഏതെങ്കിലും ഗ്രാമത്തിലേക്കുള്ള വഴിയായിരിക്കണം. വഴിയരികിലെ ഈന്തപ്പനയിൽ അധികം വലിപ്പമില്ലാത്ത ചുവപ്പു നിറമുള്ള കായകൾ തൂങ്ങി നിൽപ്പുണ്ട്. ആ വഴിക്കു പോകാൻ തീരുമാനിച്ചു. സ്കൂട്ടർ പാതയിലേക്ക് കയറ്റി ഒതുക്കി നിർത്തി ആദ്യം കണ്ട കടയിൽ നിന്ന്  വെള്ളവും ബിസ്കറ്റും വാങ്ങി. എത്തുന്നയിടത്ത് ലഭിച്ചില്ലെങ്കിലൊ?. സ്ഥലത്തേക്കുറിച്ച് യാതൊരു രൂപവുമില്ല.
 
അധികം വീതിയുള്ള പാതയല്ല. വാഹനങ്ങളുടെ ചീറിപ്പാച്ചിലുകളുമില്ല. ഇടക്ക് പ്രത്യക്ഷപ്പെടുന്ന  ബൈക്കുകളോ ടോട്ടോകളോ മാത്രം. ഒരു ചെറിയ ഗ്രാമത്തിന്റെ ലക്ഷണം കണ്ടു തുടങ്ങി.
അധികം വീടുകളൊന്നുമില്ല മണ്ണു കുഴച്ചുണ്ടാക്കിയ ചുമരുകളുള്ള വീടുകളും, തൊഴുത്തുകളും . ചിലത്  വീടാണോ തൊഴുത്താണോ എന്ന് പോലും തിരിച്ചറിയുവാൻ കഴിയാത്തവയാണ്.
 അല്പം മുന്നോട്ട് ചെന്ന് സ്കൂട്ടറൊതുക്കി  ഞങ്ങളിറങ്ങി. പാതയരികിൽ ഒരു കുഴൽ കിണറുണ്ട്. അവിടെ ഒരു സ്ത്രീ വസ്ത്രമലക്കുന്നുണ്ട്. ഒരു യുവതി കുളിച്ച് തലയിൽ ഒരു തുണി ചുറ്റി അലക്കിയ വസ്ത്രങ്ങൾ കൈത്തണ്ടയിലും ചുമലിലുമായി വെച്ച് ഒരു വീട്ടിലേക്ക് കയറിപ്പോയി. ഈ സമയം വിപിൻ അർദ്ധ നഗ്നനായ ഒരു മനുഷ്യനുമായി എന്തോ സംസാരിക്കുകയായിരുന്നു.

പാതയിൽ നിന്നും ഞാൻ ഒരു വീടിന്റെ വശത്തുകൂടെ പറമ്പിലേക്കിറങ്ങി. അതിനപ്പുറം വിശാലമായ വയലുകളാണ്. രണ്ടു പശുക്കളെ അവിടെ കെട്ടിയിട്ടുണ്ട്. ഒരു മനുഷ്യൻ രണ്ടു കൈയ്യിലും ബക്കറ്റുകൾ തൂക്കി വയലിലോട്ട് ഇറങ്ങി പോകുന്നുണ്ട്.
 വീടിന്റെ പിറകുവശത്ത് ചുമർ ചാരിയിരുന്നു രണ്ടു കുട്ടികൾ മൊബൈലിൽ എന്തോ കാണുന്നതിൽ വ്യാപൃതരാണ്. ഒരു വരയുടെ സാദ്ധ്യതകൾ തേടുകയായിരുന്നു ഞാൻ . ഇരിക്കുവാനുള്ള ഒരിടം കാണാത്തതു കൊണ്ട് മൊബൈലിൽ കുറച്ച് ചിത്രങ്ങൾ പകർത്തി ഞാൻ തിരിച്ചു പാതയിലോട്ട് കയറി. ഞങ്ങൾ അവിടെ നിന്നും യാത്ര തിരിച്ചു.
പാതയുടെ ഇരുവശവും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വിശാലമായ പാടങ്ങളാണ്. നെല്ലു വിളഞ്ഞു നിൽക്കുന്നുണ്ട്. ചിലതിൽ കൊയ്ത്തു കഴിഞ്ഞിരിക്കുന്നു. കുറെ ദൂരം മുന്നോട്ടു പോയപ്പോൾ രണ്ടു സ്ത്രീകളും ഒരു പുരുഷനും നെല്ല് കൊയ്യുന്നത് കണ്ടു. ഞങ്ങളവിടെ വണ്ടി നിർത്തി. അവരുടെ അടുത്തേക്ക് ചെന്നു. അവരുടെ ശ്രദ്ധ കൊയ്ത്തിൽ തന്നെയായിരുന്നത് കാരണം ഞങ്ങളുടെ സാന്നിദ്ധ്യം അവരറിഞ്ഞതേയില്ല. അവർകൊയ്യുന്നതും  നോക്കി
 വരമ്പിൽ കുറച്ചു നേരം നിന്നു. കാലം പിറകോട്ടു സഞ്ചരിച്ചു. നാടും കുട്ടിക്കാലവും, വയലും പുലയൊരുക്കലും, വിതയും കൊയ്ത്തുമെല്ലാം അവിടെ തെളിഞ്ഞു വന്നു.

തുടരും

Comments