ബംഗായനം

ഗ്രാമായനങ്ങൾക്ക് മുമ്പ് :


ലോകത്താകമാനം പ്രശസ്തവും അപ്രശസ്തവുമായ ധാരാളം വിനോദ സഞ്ചാര കേന്ദ്രങ്ങളും തന്ത്ര പ്രധാന സ്ഥലങ്ങളുമുണ്ട്.. നമ്മുടെ രാജ്യത്തും , നമ്മുടെ കൊച്ചു കേരളത്തിലുമുണ്ട് ഇത്തരം കേന്ദ്രങ്ങൾ . കേട്ടറിഞ്ഞും,വായിച്ചറിഞ്ഞും സിനിമ, ഫോട്ടോഗ്രാഫി പോലുള്ള മാധ്യമങ്ങളിലൂടെ കണ്ടും ആകൃഷ്ടരായി നാമിതൊക്കെ പോയി കാണാറുമുണ്ട്. ഇങ്ങിനെ അറിയപ്പെടപ്പെട്ട സ്ഥലങ്ങൾ മാത്രമെ നമ്മിൽ ഭൂരിഭാഗം പേരും സന്ദർശിക്കാറുള്ളൂ എന്നതാണ് യാഥാർത്ഥ്യം. ഇതു പോലുള്ള നിത്യ സന്ദർശക സ്ഥലങ്ങൾ ഒഴിവാക്കി അപ്രസക്തങ്ങളെന്നോ അപ്രധാനങ്ങളെന്നോ നാം കരുതുന്ന നാമൊരിക്കലും തേടി ചെല്ലുവാനിടയില്ലാത്ത ഇടങ്ങളിലെ കാഴ്ചകളും അനുഭവങ്ങളും ജീവിതങ്ങളുമാണ് ഒപ്പിയെടുക്കുവാൻ ശ്രമിച്ചാലോ?!! യഥാർത്ഥത്തിൽ മറ്റെന്തിനെക്കാളും ഭംഗിയും വിജ്ഞാനദായകവുമായിരിക്കില്ലെ അത്?!!.... അത്തരമൊരു ശ്രമത്തിലാണ് നാമിപ്പോൾ.

ബംഗാളിലെ സൂര്യോദയത്തെ കുറിച്ച് സൂചിപ്പിച്ചതോർമ്മയുണ്ടല്ലോ .... അത്ര സുഖകരമായ കാലാവസ്ഥയുമല്ല. അതു കൊണ്ട് പരമാവധി രാവിലെ ഇറങ്ങി സ്ഥലങ്ങൾ കാണുകയും ചിത്രങ്ങൾ വരക്കുകയും ചെയ്ത് ചൂട് കൂടുന്നതിന് മുൻപെ തിരിച്ചെത്താമെന്ന  തീരുമാനമായി. ദീപകിനോട് ചോദിച്ച് സന്ദർശിക്കുവാൻ ആഗഹിക്കുന്ന സ്ഥലത്തെ കുറിച്ച് വ്യക്തത വരുത്തി. ഇനി യാത്ര ചെയ്യുവാനുള്ള വാഹനം വേണം. നമ്മുടെ നാട്ടിലെ പോലെ ധാരാളം ബസ്സുകൾ ഓടുന്ന സ്ഥലമല്ല ബംഗാളിലെ ഗ്രാമങ്ങൾ . ചില സിനിമകളിൽ കാണുന്നതു പോലെ നിറയെ ആളുകളെയും , സാധനങ്ങളും കുത്തിനിറച്ച് വിരുന്നുകാരനെ പോലെ ഏതോ സമയത്തെത്തുന്നവയാണത്.  സൈക്കിളോ ടോട്ടോയൊ ആണ് ഗ്രാമത്തെയും നഗരത്തെയും കൂട്ടിയിണക്കുന്ന വാഹനങ്ങൾ. സ്വകാര്യവാഹനങ്ങൾ നന്നെ കുറവ്. ടോട്ടോ വിളിച്ചെന്നിരിക്കട്ടെ !! അതിൽ അധിക ദൂരം സഞ്ചരിക്കാനാവില്ല. പതുക്കെ മാത്രമെ അത് സഞ്ചരിക്കൂ... വാടകയും കൂടുതലാകും. ഇവിടെയുള്ള ജനങ്ങൾ അതുകൊണ്ട് തന്നെ പങ്കു യാത്രയാണ് നടത്തുന്നത്. അപ്പോൾ 500 രൂപയുടെ ദൂരം സഞ്ചരിച്ചാൽ പോലും 30 രൂപയോളമെ നൽകേണ്ടി വരൂ. ഒരു വാഹനം ദിവസ വാടകക്കെടുക്കാമെന്ന് വെച്ചാലും നല്ല തുക വേണ്ടി വന്നേക്കാം.

കേവലമായൊരു നാടുകാണൽ എന്നതിലുപരി കാണുന്ന കാഴ്ചകൾ ക്യാൻവാസിലേക്ക് തത്സമയം പകർത്തുക  എന്ന ഉദ്ദേശവുള്ളത് കൊണ്ട് ഒരു വാഹനം വാടകക്കെടുക്കുക എന്നത്  യുക്തി ഭദ്രമല്ലെന്നും തോന്നി . കാരണം കൃത്യമായ ലക്ഷ്യസ്ഥാനം നിശ്ചയിച്ചല്ല ഇറങ്ങി തിരിക്കുന്നത്. കാഴ്ചകളും അനുഭവങ്ങളും തേടിയുള്ള യാത്രയായതു കൊണ്ടു തന്നെ അവ വന്നു ചേരേണ്ടിയിരിക്കുന്നു. വാഹനം വാടകക്കെടുക്കുക എന്ന കാര്യം ഏതായാലും വേണ്ടെന്ന തീരുമാനത്തിലെത്തി.


വാഹനം വാടകക്കെടുക്കുക എന്ന ആവശ്യത്തിൽ നിന്ന് പിൻതിരിയുവാൻ മറ്റു രണ്ടു കാര്യങ്ങളുമുണ്ട്. ഒന്ന് ഭാഷയാണ്. ഭൂരിഭാഗം പേർക്കും ബംഗാളി ഭാഷ മാത്രമെ അറിയൂ. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുവാൻ ബംഗാളി നമ്മുടെ പക്കലുമില്ല. ആകെ അറിയുന്നത് മുറിയിംഗ്ലീഷും , ഹിന്ദിയും പിന്നെ മലയാളിയെന്ന അഹംബോധവും മാത്രം. രണ്ടാമതായി ഏതെങ്കിലും ഒരു സ്ഥലത്തെത്തി വരച്ചു തീരുന്നത് വരെ വണ്ടിക്കാരൻ കാത്തു നിൽക്കേണ്ടി വരും. അതയാളെ സംബന്ധിച്ച് മടുപ്പുളവാക്കുന്ന കാര്യമായിരിക്കും. അയാൾ എത്ര തന്നെ ക്ഷമയുള്ളവനായാൽ പോലും.

ദീപക്കിനൊരു സ്കൂട്ടർ ഉണ്ട്. അതെടുത്ത് പോകാമെന്ന ധാരണയായി. രാത്രി ഏറെ വൈകും വരെ അല്ലെങ്കിൽ പുലരും വരെ ജോലി ചെയ്യുന്ന ആളാണ് ദീപക് അതുകൊണ്ട് തന്നെ ഉണരുന്നത് പത്ത് മണിയൊക്കെ ആകുമ്പോഴായിരിക്കും. അതു കഴിഞ്ഞാണ് പകൽ പരിപാടികൾ. അതുകൊണ്ട്  പന്ത്രണ്ട് മണി വരെ സ്കൂട്ടർ വിശ്രമാവസ്ഥയിലാണ്. ഈ സമയമാണ് സ്കൂട്ടർ ഉപയോഗിക്കുവാൻ കഴിയുക. രാവിലെ അഞ്ച് മണിക്ക് ഇറങ്ങാൻ കഴിയുന്നത് കൊണ്ട് പതിനൊന്ന് മണി ആകുമ്പൊഴേക്കും വർ കഴിഞ്ഞ് തിരിച്ചെത്തുവാനും കഴിയും.

മൂന്നു ദിവസമാണ് ദീപക്കിന്റെ കൂടെയുള്ളത്. നാലാം ദിവസം ബോൽപൂർ  വിടണം. അതിനിടയിൽ വിപിന് കുറച്ചു സാധനങ്ങൾ വാങ്ങണം. ശാന്തിനികേതൻ കാണണം.

തുടരും.

Comments