ബംഗായനം

____ പ്രവാസ ചിന്തകൾ ___

അതിഥികളായി ഞങ്ങൾ രണ്ടു പേർ ഉണ്ടായിരുന്നതു കൊണ്ടായിരിക്കാം. പതിവു സമയം തെറ്റിച്ച് നേരത്തെ തന്നെ ആര്യ എഴുന്നേറ്റ് പ്രഭാത ഭക്ഷണമൊരുക്കി. നല്ല ദോശയും ചമ്മന്തിയും . രണ്ടു ദിവസമായി  നഷ്ടമായ കേരളീയ രുചി നാവിലേക്ക് തിരിച്ചു വന്നപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. 


അറിയാതെ മനസ്സിൽ  പ്രവാസകാലത്തെ അനുഭവങ്ങൾ തെളിഞ്ഞു വന്നു.. സൗദി മണലാരണ്യവും, ഒട്ടകങ്ങളും, ആട്ടിൻപറ്റങ്ങളും ,ചൂടും, മരുഭൂമിയിലൂടെയുള്ള സഞ്ചാരങ്ങളും. സൗഹൃദങ്ങളും, വെള്ളിയാഴ്ചകളിൽ നാട്ടുകാരായ സുഹൃത്തുക്കളുടെ മുറികളിലെ ഒത്തുചേരലുകളുമൊക്കെ മനോഹരങ്ങളായ പെയിന്റിങ്ങുകളായി പുനർജ്ജനിച്ചു.
വർഷങ്ങൾക്കിപ്പുറം പ്രവാസിയായിട്ടല്ലെങ്കിലും കേരളം വിട്ടിങ്ങ്  ദൂരെ ......  പശ്ചിമ ബംഗാളിന്റെ  സാംസ്കാരിക ഭൂമിയിൽ .....കഠിനമായ ചൂടുള്ള വേനൽക്കാല ദിനങ്ങളിലൊന്നിൽ ......കേരളീയരായ അതിഥേയരുടെ സ്നേഹശീതളിമയിൽ ... അവർ പാചകം ചെയ്ത ഭക്ഷണം നിലത്ത് ചമ്രം പടിഞ്ഞിരുന്നു കഴിക്കുമ്പോൾ എങ്ങിനെയാണ് ആ പഴയ ഓർമ്മകളിലേക്ക് മനസ്സ് പറന്നു ചെല്ലാതിരിക്കുക ?....



നാട്ടിലെ സൗഹൃദങ്ങളും, തിരക്കുകളും, യാത്രകളിലും മുഴുകി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിലാണ് പ്രവാസിയുടെ കുപ്പായമിട്ട് ഞാൻ സൗദി അറേബ്യയിലേക്ക് പറക്കുന്നത്. കണ്ണൂരിൽ നിന്നും അക്ബർ ട്രാവൽസിന്റെ ബസ്സിൽ മുംബൈയിലേക്കും. ഛത്രപതി ശിവജി ഇന്റർനാഷണൽ ടെർമിനലിൽ നിന്നും സൗദി അറേബ്യൻ എയർലൈൻസിന്റെ വിമാനത്തിൽ റിയാദിലേക്കും , അവിടുന്ന്  സകാക അൽ  ജൗഫിലേക്കുമുള്ള  ദൈർഘ്യമേറിയ ആദ്യ യാത്ര. പുതിയ സ്നേഹ ബന്ധങ്ങളും, അനുഭവങ്ങളും അറിവുകളും തേടിയുള്ള യാത്ര . പ്രവാസ ലോകത്തേക്കുള്ള യാത്ര .


ഒന്നോർത്തു നോക്കിയാൽ നാമെല്ലാവരും പ്രവാസികളല്ലെ ?!! തിരികെ മടങ്ങുവാൻ സാധിക്കാത്തൊരു ലോകത്ത് നിന്നീ മനോഹര ഭൂമിയിലെത്തി ജീവിതമെന്ന നാടകം കളിച്ച് ....എന്തൊക്കെയൊ ചെയ്തു കൂട്ടി ....തിരിച്ചു വരവില്ലാതെ ഏതോ ലോകത്തേക്ക് മടങ്ങുന്നവർ .


"നിങ്ങളുടെ പ്ലാൻ എന്താണ് ?"
ദോശയും ചമ്മന്തിയും ആസ്വദിച്ചു കഴിക്കുന്നതിനിടയിൽ ദീപക് ആരാഞ്ഞു.
ഇതേ ചോദ്യം തന്നെയല്ലെ ഞങ്ങളുടെയുള്ളിലുമുള്ളത് ?..... ഇതേ ചോദ്യത്തിനുള്ള ഉത്തരമല്ലെ ഞങ്ങൾ തേടിക്കൊണ്ടിരിക്കുന്നത് ?......

"ഇവിടുത്തെ ഗ്രാമങ്ങളും ഗ്രാമജീവിതവും അറിയണം.  ചിത്രങ്ങൾ വരക്കണം. കരകൗശല ഉൽപന്നങ്ങൾ നിർമ്മിക്കുന്ന ഗ്രാമങ്ങൾ ഉണ്ടെങ്കിൽ അവ സന്ദർശിക്കണം. "
വിപിൻ  ഉളള് തുറന്നു.
വിപിന് നാട്ടിൽ ചിത്ര,ശില്പ സംബന്ധിയായ ഒരു കട നടത്തുന്നുണ്ട് ആർട്ട് കട എന്നാണതിന്റെ പേര്. തന്റെ സ്വന്തം സൃഷ്ടികൾക്കുള്ള വിപണി കണ്ടെത്തുക എന്നതിനപ്പുറം മറ്റു ചിത്രകാരന്മാരുടെയും ശില്പികളുടെയും സൃഷ്ടികളും ആർട്ട് കടയിലൂടെ വിപണിയിലെത്തിക്കുവാൻ അദ്ദേഹം ശ്രമിക്കുന്നു. കൂടാതെ കുറേ പേർക്ക്  തൊഴിൽ നൽകുവാനും ആർട്ട് കട പ്രസ്ഥാനത്തിലൂടെ കഴിയുന്നുണ്ട്. അതുകൊണ്ട്  ബംഗാളിലെ  കരകൗശല വിദഗ്ധരായ ഗ്രാമീണരുടെ കലാവിരുതുകൾ  കാണുവാനും സാധിക്കുമെങ്കിൽ കുറച്ചെങ്കിലും വാങ്ങുവാനും വിപിന് പദ്ധതിയുണ്ട്.

കല്പിത വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിലപ്പുറം ബംഗാളി ഗ്രാമങ്ങളും സംസ്കാരങ്ങളും അടുത്തറിയുകയും ചിത്രങ്ങൾ വരക്കുകയുമൊക്കെയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് മനസ്സിലാക്കിയ ദീപക് ഒരു നിർദേശം വെച്ചു.

"ഞങ്ങൾക്ക്  രണ്ടു ദിവസത്തെ തിരക്കുണ്ട്. അത് കഴിഞ്ഞാൽ ശാന്തിനികേതനിൽ പോകാം. അതിനിടയിൽ നിങ്ങൾ സമീപത്തുള്ള ഗ്രാമങ്ങൾ സന്ദർശിച്ചോളൂ. ഇവിടെ സോനാജ്ജോരി എന്നൊരു സ്ഥലമുണ്ട്. സമീപ പ്രദേശങ്ങളിലുള്ള ഗ്രാമങ്ങളിലെ കരകൗശല പണിക്കാരുടെ ഉല്പന്നങ്ങൾ ആണ്  ഇവിടെ ലഭിക്കുക. ഉച്ചക്ക് ശേഷം നമുക്കത് കാണാൻ പോകാം." ദീപക് പറഞ്ഞു.


പതിനൊന്ന് മണിക്കു ശേഷം ദീപക് പുതിയ വീടിന്റെ ഉടമസ്ഥനുമായി കൂടിക്കാഴ്ചയുണ്ട്. അതുവരെ അദ്ദേഹത്തിന്റെ വാഹനം ഞങ്ങൾക്ക് വിട്ടു തന്നു. അതുമെടുത്ത് ഞങ്ങൾ ബോൽപൂർ  ടൗൺ വരെ പോയി. തലേന്ന് രാത്രി ഇങ്ങോട്ട് വരുമ്പോൾ കണ്ട ക്രാഫ്റ്റ് ഷോപ്പുകളിൽ ഒന്നു കയറി നോക്കാം എന്ന് കരുതിയാണ് പോയത്. എന്നാൽ  അവ തുറന്നിട്ടില്ലായിരുന്നു. നഗരത്തിൽ വലിയ തിരക്കുമുണ്ടായിരുന്നില്ല. ചൂടിന് കാഠിന്യം കൂടിത്തുടങ്ങി. കാഴ്ചകൾക്ക് താൽക്കാലിക വിരാമമിട്ട് ദീപകിന് പോകാനുള്ള സമയമായപ്പൊഴേക്കും ഞങ്ങൾ തിരികെയെത്തി.

തുടരും.















Comments

Raghavan Moodamkulam said…
വായിച്ചു. ചിത്രങ്ങൾ തെളിഞ്ഞു വരുന്നു.
Sasidharan said…
തുടർന്ന് വായിക്കാതിരിക്കാൻ പറ്റില്ല...
Anonymous said…
Very good
Anonymous said…
Good 🌹
Anonymous said…
beautifull
ചന്ദ്രൻ മൊട്ടമ്മൽ said…
നന്ദി
Anonymous said…
തുടർ വായന കൂടുതൽ അസ്വാദ്യകരവും അറിവുപകരുന്ന വിധത്തിലുമായിരിക്കുന്നതിനു വേണ്ടി ആത്മാർത്ഥമായി ശ്രമിക്കാം
ചന്ദ്രൻ മൊട്ടമ്മൽ said…
thank You
Sathyanarayanan said…
ചന്ദ്രന്റെ യാത്ര വിവരണം വായിച്ചു. കൊൽക്കത്ത യിൽ 22 വർഷം ഉണ്ടായിരുന്ന എനിയ്ക്ക് ഇത് ആ കാ രണം കൊണ്ട് കൂടേ ആസ്വാ ദ കമാ യി തോന്നി. കൊൽക്കത്ത രസഗുള യും, മിസ്റ്റിയും, ഇല്ലീസ് മാച്ചും (ഒരു തരം മത്സ്യം, ) വിക്ടോറിയയും, ബെലൂർ മാട്ടും, കാളി ഘട്ടും... എല്ലാം താ ങ്ങളുടെ ലേഖനത്തിൽ പ്രതിപാദ്യ മാകും എന്ന് ആശി ക്കട്ടെ. ജോതി തോറു ഡാക് ഷോണയാ ഷേ തോബേ ഏക് ള ചലോ രെ... എന്ന രവീന്ദ്ര സംഗീതവും ഓർമയിൽ. ആരും നിങ്ങളെ വിളിക്കുന്നില്ല എങ്കിൽ തനിച്ചു മുന്നോട്ടു പൊയ്ക്കോളൂ.. എന്നാണ് അതിന്റെ ആശയം. 👍